Monday, 22 December 2025

വാളയാർ ആൾക്കൂട്ടക്കൊല; പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവാത്തത്, കുടുംബത്തിന് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി

SHARE


തിരുവനന്തപുരം: പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാംനാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിന്റെ വിശദംശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണം', മുഖ്യമന്ത്രി പറഞ്ഞു.അതേസമയം പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാംനാരായണിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബം തയ്യാറായി. വാളയാറിലേത് കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ആള്‍ക്കൂട്ടക്കൊലയാണെന്നും കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാംനാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് ബിലാസ്പുര്‍ സ്വദേശിയായ രാംനാരായണ്‍ അതിക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെടുന്നത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ കണ്ട് അസ്വാഭാവികത തോന്നിയ ചില തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രദേശത്തെ യുവാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്തെത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു വിചാരണ. താനൊന്നും മോഷ്ടിച്ചില്ലെന്ന് രാംനാരായണ്‍ പറയുന്നുണ്ടെങ്കിലും സംഘം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. 'നീ ബംഗ്ലാദേശി ആണോടാ' എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും സംഘം പകര്‍ത്തിയിരുന്നു.
ക്രൂരമര്‍ദനമേറ്റ് രാംനാരായണ്‍ നിലത്തുവീണുപോയിരുന്നു. മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാതെ നിലത്തുതന്നെ കിടന്നു. പൊലീസ് എത്തിയാണ് രാംനാരായണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്കിടെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നോഴാണ് റാം നാരായണ്‍ അനുഭവിച്ച ക്രൂരതയുടെ ആഴം പുറംലോകമറിയുന്നത്. രാംനാരായണിന്റെ ശരീരത്തിലാകെ മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നെഞ്ചിലടക്കം ആഴത്തില്‍ മര്‍ദനമേറ്റു. തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവമാണ് മരണകാരണമായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.സംഭവത്തില്‍ ആദ്യം മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നാലെ അഞ്ച് പേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. ഇതിന് പിന്നാലെ സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പങ്കുണ്ടെന്ന വിവരവും പൊലീസ് പുറത്തുവിട്ടു. കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന പതിനാല് പേര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞിരുന്നു. ഒരാള്‍ക്ക് സിപിഐഎം ബന്ധമുണ്ടെന്നും തങ്കപ്പന്‍ സൂചിപ്പിച്ചിരുന്നു.



 





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.