പത്തനംതിട്ട: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ 429 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 380 കോടിയായിരുന്നു വരുമാനം. ജനുവരി 12വരെയുള്ള കണക്കാണിത്. റെക്കോർഡ് വരുമാനമാണിതെന്ന് ജയകുമാർ പറഞ്ഞു.
അപ്പം, അരവണ ഇനങ്ങളിൽനിന്ന് 190 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഈ ഇനങ്ങളിൽ നിന്നായി 160 കോടി രൂപയായിരുന്നു ലഭിച്ച വരുമാനം. കാണിക്കയായി ഇത്തവണ 110 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 105 കോടിയായിരുന്നു. കാണിക്കയായടക്കം ലഭിച്ച നാണയങ്ങൾ എണ്ണുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ ജീവനക്കാരെ നിയോഗിച്ച് ഈ മാസം 20ന് മുമ്പായി നാണയം എണ്ണൽ പൂർത്തിയാക്കുമെന്നും ജയകുമാർ പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും. രാമനാട്ടുകര മുതല്‍ വെങ്ങളം വരേയുള്ള പാതയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലാണ് ടോള്‍ പിരിവ് ആരംഭിക്കുക. ടോള്‍പിരിവിനായുള്ള എല്ലാ സംവിധാനങ്ങളും പൂർണസജ്ജമാണെന്ന് ദേശിയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിജ്ഞാപനം ദേശിയ പാത അതോറിറ്റി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്
മൂവായിരം രൂപയുടെ ഫാസ്ടാഗ് എടുക്കുന്നവർക്ക് ഒരുവർഷം 200 യാത്രകള്‍ നടത്താന്‍ സാധിക്കും. 24-മണിക്കൂറിനകം ഇരുഭാഗത്തേക്കും പോവുന്ന വാഹനത്തിന് മടക്കയാത്രയിൽ ടോൾനിരക്കിൽ 25 ശതമാനം കിഴിവുണ്ട്. കോഴിക്കോട് ജില്ലയിൽ രജിസ്റ്റർചെയ്ത നാഷണൽ പെർമിറ്റ് അല്ലാത്ത കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 50 ശതമാനമാണ് ടോള്‍ നിരക്കിലെ ഇളവ്. ഒരുമാസം അന്‍പത് തുടർച്ചയായ യാത്ര നടത്തുന്ന വാഹനത്തിനും ടോള്‍നിരക്കില്‍ 33 ശതമാനം ഇളവുണ്ട്.
ടോള്‍പ്ലാസയുടെ 20 കിലോ മീറ്റർ പരിധിയില്‍ താമസിക്കുന്നവർക്ക് 340 രൂപയുടെ പാസ് നല്‍കും. ചൊവ്വാഴ്ച മാത്രം സമീപവാസികളായ 25 പേർക്ക് പാസുകള്‍ നല്‍കിയിട്ടുണ്ട്. തുടക്കത്തില്‍ ടോള്‍പിരിവ് തുടങ്ങിയതിന് ശേഷം മാത്രമേ ഇത്തരത്തിലുള്ള പാസ് നല്‍കുമെന്നായിരുന്നു ടോള്‍ നടത്തിപ്പുകാർ പറഞ്ഞത്. എന്നാല്‍ പിന്നീട് ഇന്നലെ തന്നെ പാസ് വിതരണം ചെയ്യുകയായിരുന്നു.
അതേസമയം, കാസർകോട് – മംഗ്ളൂരു ദേശീയ പാതയിലെ കുമ്പള ടോൾ പ്ലാസയ്ക്കെതിരായം സമരം ആക്ഷൻ കമ്മറ്റി കൂടുതല്‍ ശക്തമാക്കുകയാണ്. സമരത്തിന് നേതൃത്വം നൽകുന്ന മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് രാത്രിയിലും സമര പന്തലിൽ സജീവമാണ്. പ്രശ്നത്തിനു പരിഹാരം കാണാതെ സമര പന്തലിൽ നിന്നു മാറില്ലെന്നാണ് എംഎല്‍എയുടെ നിലപാട്. ഫാസ്റ്റ് ടാഗ് ഉള്ള വാഹനങ്ങളിൽ നിന്നു മാത്രമാണ് ചൊവ്വാഴ്ച ടോൾ പിരിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പാലാ: നഗരസഭ പരിധിക്കുള്ളിൽ മാംസ കച്ചവടക്കാർക്ക് കർശന നിർദേശങ്ങളുമായി നഗരസഭ ചെയർപേഴ്സൺ വിളിച്ചുകൂട്ടിയ യോഗം. ഏറ്റവും കൂടുതൽ പോത്തിറച്ചി ഉപഭോഗം നടക്കുന്ന സ്ഥലങ്ങളിൽ ഒന്നായ പാലായിൽ അനിയന്ത്രിതമായ വിലക്കയറ്റം അനുവദിക്കാനാകില്ലെന്നും ഇനിമുതൽ പാലായിൽ പോത്തിറച്ചി 435 രൂപയായിരിക്കുമെന്നും പന്നിയിറച്ചിക്ക് 340 ആയിരിക്കുമെന്നും അതിൽ ഒരു രൂപയെങ്കിലും കൂട്ടി എവിടെയെങ്കിലും വില്പന നടന്നാൽ ചെയർപേഴ്സണെയോ ബന്ധപ്പെട്ട നഗരസഭാ ഉദ്യോഗസ്ഥരെയും അറിയിക്കണമെന്നും ചെയർപേഴ്സൺ ദിയ ബിനു കർശനമായി നിർദ്ദേശിച്ചു.
ഇന്ന് രാവിലെ 11 മണിക്ക് ചെയർപേഴ്സന്റെ ചേമ്പറിൽ വിളിച്ചുചേർത്ത പാലായിലെ മാംസ വിൽപ്പനക്കാരുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.ഇറച്ചിക്കടകളിൽ ദുർഗന്ധം ഒഴിവാക്കണമെന്നും ജീവനക്കാരുടെയും കടയുടെയും വൃത്തി കർശനമായി പാലിക്കണമെന്നും അതിനായി നഗരസഭ പരിശോധന ആരംഭിക്കുകയാണെന്നും ചെയർപേഴ്സൺ അറിയിച്ചപ്പോൾ അതിനായി 15 ദിവസത്തെ സാവകാശമാണ് കച്ചവടക്കാർ ആവശ്യപ്പെട്ടത്. എന്നാൽ പത്ത് ദിവസത്തെ സാവകാശം അനുവദിച്ച ചെയർപേഴ്സൺ, പക്ഷേ യോഗത്തിൽ ഹാജരാകാത്ത എല്ലാ മാംസ വിൽപ്പന ഷോപ്പുകളിലും ഇന്നുമുതൽ തന്നെ കർശന പരിശോധന ആരംഭിക്കുവാൻ നിർദ്ദേശം നൽകി.കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ , ബിനു പുളിക്കക്കണ്ടം എന്നിവർ ചെയർപേഴ്സൻ്റെ നിലപാടിനൊപ്പം ഉറച്ചുനിന്നു.ഇറച്ചി തൂക്കുമ്പോൾ മുൻതൂക്കം നൽകുന്നുണ്ടെന്നും അതിൻറെ വില തങ്ങൾക്ക് നഷ്ടമാണെന്നും വ്യാപാരികൾ പറഞ്ഞു
പാലായിൽ പ്രമുഖമായ ഒരു കടയിലെ വില മാറ്റത്തിനനുസരിച്ച് ബാക്കി ചെറുകിട കച്ചവടക്കാരെല്ലാം വില വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവാത്ത പ്രവണതയാണെന്ന് ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി.
കോഴിയിറച്ചി വിൽക്കുന്ന കടകളിലെ വേസ്റ്റ് അംഗീകൃത ഏജൻസികൾക്ക് മാത്രം കൊടുക്കണമെന്നും പന്നി വളർത്തൽ കേന്ദ്രങ്ങൾക്ക് കൊടുക്കുന്നത് കർശന നടപടികൾ നേരിടാൻ കാരണമാകും എന്നും വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി.
അസോസിയേഷൻ തീരുമാനിച്ച വിലയ്ക്കാണ് വില്പന നടത്തുന്നതെന്ന ഒരു വിഭാഗം കച്ചവടക്കാരുടെ വാദത്തെ മറ്റൊരു വിഭാഗം കച്ചവടക്കാർ എതിർക്കുകയും ഉണ്ടായി. പോത്തിറച്ചിയുടെ വില കുറയ്ക്കണം എന്ന നിർദ്ദേശത്തെ കച്ചവടക്കാർ ശക്തിയുക്തം എതിർത്തെങ്കിലും കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന ചെയർപേഴ്സന്റെ ഉറച്ച തീരുമാനത്തിനു മുന്നിൽ പോത്തിറച്ചിയുടെ വില 460ൽ നിന്നും 435ലേക്ക് കുറയ്ക്കാൻ വ്യാപാരികൾ തയ്യാറാവുകയായിരുന്നു.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ ആയി ദിയ ബിനു പുളിക്ക ക്കണ്ടത്തെ കരുതുന്നു
അതിനിടെ തങ്ങൾ കാളയിറച്ചി കൂടി ചേർത്താണ് പലരും പോത്തിറച്ചി എന്ന പേരിൽ വിലകുറച്ച് വിൽക്കാൻ ശ്രമിക്കുന്നതെന്ന് ചില വ്യാപാരികൾ പറഞ്ഞത് യോഗത്തിൽ ചിരി ഉണർത്തി.എന്നാൽ അത് സ്വയമറിയാതെയുള്ള ഒരു തുറന്നു സമ്മതിക്കലായിരുന്നു.ഇറച്ചി തൂക്കി നൽകുമ്പോൾ തങ്ങൾ മുൻതൂക്കം നൽകുന്നുണ്ടെന്നും വിലകുറച്ചാൽ അത് തങ്ങൾക്ക് നഷ്ടമാണെന്നും വ്യാപാരികൾ പറഞ്ഞു.പക്ഷേ അത് തികച്ചും വാസ്തവ വിരുദ്ധമായ ഒരു കാര്യമാണ്. ഇപ്പോൾ ഇലക്ട്രോണിക് ത്രാസുകളിൽളിൽ ഇറച്ചി തൂക്കി നൽകുമ്പോൾ ഓരോ മില്ലി ഗ്രാമിന്റെയും വില ഈടാക്കി തന്നെയാണ് ഇറച്ചി വില്പനക്കാർ പണം വാങ്ങുന്നത്. നാളെ (14/1/2026) രാവിലെ മുതൽ പാലാ നഗരസഭ പരിധിക്ക് ഉള്ളിലെ എല്ലാ മാംസ വില്പന കേന്ദ്രങ്ങളിലും പോത്തിറച്ചിക്ക് കിലോ 345 രൂപയും പന്നിയിറച്ചിക്ക് 340 രൂപയും ആയിരിക്കും.അതിൽ കുറച്ച് വിൽക്കാൻ അനുവാദം ഉണ്ടെങ്കിലും ഒരു രൂപ പോലും കൂട്ടി വിൽക്കാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല.പരാതിയുള്ളവർക്ക് നേരിട്ട് ചെയർപേഴ്സണോ അല്ലെങ്കിൽ നഗരസഭാ അധികൃതർക്കോ രേഖാമൂലം പരാതി നൽകാവുന്നതാണ്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കല്ലറ: ഉച്ചയൂണില്‍ നിന്ന് മീന്‍ പൊരിച്ചതും മീന്‍ കറിയും പുറത്തേക്ക്.മീന്‍ ലഭ്യത കുറഞ്ഞതോടെ ചിക്കന് പിന്നാലെ മീന്‍ വിലയും കുതിച്ചുയരുകയാണ്. സുലഭമായി ലഭിച്ചിരുന്ന ചെറിയ മത്തിയടക്കമുള്ള മീനുകള്‍ക്ക് 100രൂപ വരെയായി ഉയര്‍ന്നു.മീനുകള്‍ ആഴക്കടലിലേക്ക് നീങ്ങിയതാണ് ലഭ്യത കുറയാന്‍ പ്രധാന കാരണമായി മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.അയലയും മത്തിയും പേരിനു മാത്രമാണിപ്പോള്‍ ലഭിക്കുന്നത്. കിലോ 100 രൂപയ്ക്ക് വിറ്റിരുന്ന ചെറിയ മത്തി ഒരു കിലോ ലഭിക്കണമെങ്കില്‍ 150-200 മുതല്‍ നല്‍കണം.ചില്ലറ വില്പന മാര്‍ക്കറ്റുകളിലെത്തുമ്പോള്‍ 10,20 രൂപയോളം പിന്നെയും കൂടും.നല്ല മത്തിക്ക് 200ല്‍ നിന്ന് 350 - 400 ആയി. 250 രൂപയ്ക്ക് ലഭിച്ചിരുന്ന ചെറിയ അയലയ്ക്ക് 300 - 350 രൂപയാണ്. നെയ് മീന്‍,ആവോലി തുടങ്ങിയവയ്ക്ക് 1000 രൂപയ്ക്ക് അടുത്തായി വില.
കേര,ചൂര,ചെമ്മീന്‍ എന്നിവയുടെ വിലയും ഉയര്‍ന്നു. വലിപ്പത്തിനും ലഭ്യതയ്ക്കും അനുസരിച്ച് മീന്‍വില തോന്നുംപോലെയാണ്.
തൊഴിലാളികള്‍ക്ക് കഷ്ടകാലം
മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായി.ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി അന്യസംസ്ഥാന തൊഴിലാളികളടക്കം നാട്ടിലേക്ക് മടങ്ങി തുടങ്ങി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ ഡെലിവറി (online delivery) തൊഴിലാളികളുടെ സുരക്ഷ ആശങ്കകള്‍ മുന്‍നിര്‍ത്തി '10 മിനിറ്റില്‍ ഡെലിവറി' എന്ന സമയപരിധി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലിങ്കിറ്റ് പോലുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടു. തുടര്‍ച്ചയായ ഇടപെടലുകളെ തുടർന്ന് 10 മിനിറ്റില്‍ ഡെലവറി എന്ന നയം നീക്കം ചെയ്യാന്‍ കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രധാന ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങി രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഡെലിവറി സമയപരിധി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് യോഗം വിളിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബ്ലിങ്കിറ്റ് തങ്ങളുടെ ബ്രാന്‍ഡിംഗില്‍ നിന്ന് 10 മിനിറ്റില്‍ ഡെലിവറി എന്ന വാഗ്ദാനം നീക്കം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് കമ്പനികളും ഇത് പിന്തുടരുമെന്നാണ് പ്രതീക്ഷ.
ഗിഗ് തൊഴിലാളികള്‍ക്ക് (താല്‍ക്കാലികാടിസ്ഥാനത്തിലോ മണിക്കൂര്‍ വേതനത്തിലോ പ്രവര്‍ത്തിക്കുന്ന ഡെലിവറി ജീവനക്കാര്‍ ഫ്രീലാന്‍സര്‍മാര്‍ എന്നിവര്‍) കൂടുതല്‍ സുരക്ഷയും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ഉറപ്പാക്കാനാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചെന്നൈ: പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാനെത്തിയ യുവാവ് വെട്ടേറ്റു മരിച്ചു. ചൈന്നൈ കിൽപോങ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. രാജമംഗലം സ്വദേശി ആദി(28) ആണ് കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ആശുപത്രിയിൽ എത്തിയ അജ്ഞാതസംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.
ഞായറാഴ്‌ച അർദ്ധരാത്രിയിലാണ് ഭാര്യയെ കാണാനായി ആദി ആശുപത്രിയിൽ എത്തിയത്. ഹെൽമെറ്റ് ധരിച്ചെത്തിയ നാലംഗ സംഘം ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടാനായി പൊലീസ് ഒമ്പത് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
ആശുപത്രിയിൽ രോഗികളുടെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന രോഗികളുടെ കൺമുന്നിലാണ് കൊലപാതകം നടന്നതെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ അരുൺ പറഞ്ഞു.
പൊലീസുകാർ കാവൽ നിൽക്കുമ്പോൾ കൊലപാതകം നടന്നത് അതിശയിപ്പിക്കുന്ന സംഭവമാണെന്നും പൊലീസുകാർ തന്നെ കൊലപാതകങ്ങളെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതെന്നും ബിജെപി നേതാവ് അണ്ണാമലൈ കുറ്റപ്പെടുത്തി. ഇത്തരം കേസുകൾ സ്വതന്ത്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തൃശ്ശൂർ: തേക്കിൻക്കാട് മൈതാനം സ്കൂൾ കലോത്സവ വേദിയാക്കിയതിനെതിരായ ഹർജിയിൽ പിഴ ചുമത്തി ഹൈക്കോടതി. ഹർജിക്കാരനായ തൃശ്ശൂർ സ്വദേശി നാരായണൻ കുട്ടിക്കാണ് ദേവസ്വം ബെഞ്ച് 10,000 രൂപ പിഴയിട്ടത്. ഹർജി നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കലോത്സവ വേദിയുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. കലോത്സവം തുടങ്ങുന്നതിനു മുമ്പ് നിർദ്ദേശങ്ങൾ ലംഘിച്ചോ എന്നതുപോലും നോക്കാതെ ഹർജി നൽകിയതിനാണ് കോടതി പിഴ ചുമത്തിയത്. കലോത്സവത്തിനായി നിരവധി മരങ്ങൾ മുറിച്ചുമാറ്റിയതായി ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഹർജിയിൽ പറഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തേക്കിൻകാട് മൈതാനിയിൽ പാചകം പാടില്ല എന്നതടക്കമുള്ള കർശന നിബന്ധനകളോടെയാണ് കലോത്സവത്തിനായി തേക്കിൻകാട് മൈതാനം വിട്ടുനൽകാൻ ഹൈക്കോടതി കൊച്ചിൻ ദേവസ്വം ബോർഡിന് അനുമതി നൽകിയിരുന്നത്.
അതേ സമയം, 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് തൃശൂരിലെ വിവിധ വേദികളും കേന്ദ്രങ്ങളും സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവം ചരിത്ര വിജയമാക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുടിയേറ്റം തടയുന്നതിനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമായി 2025-ല്‍ യുഎസ് സുരക്ഷാ വകുപ്പ് ഏകദേശം ഒരു ലക്ഷത്തോളം വിസകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇതില്‍ 8,000ത്തിലധികവും വിദ്യാര്‍ത്ഥി വിസകളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിസകള്‍ റദ്ദാക്കിയിട്ടുള്ളത്. ജോ ബൈഡന്‍ പ്രസിഡന്റായിരുന്ന അവസാന വര്‍ഷമായ 2024ല്‍ റദ്ദാക്കപ്പെട്ടതിന്റെ ഇരട്ടിയിലധികമാണ് കഴിഞ്ഞ വര്‍ഷത്തെ വിസ റദ്ദാക്കലെന്നും റിപ്പോര്‍ട്ട് പറയുന്നു.
റദ്ദാക്കപ്പെട്ട വിസകളില്‍ 8,000ത്തോളം വിദ്യാര്‍ത്ഥി വിസകളും 2,500 എണ്ണം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ നേരിട്ടിട്ടുള്ള സ്‌പേഷ്യലൈസ്ഡ് വിസകളുമാണെന്ന് യുഎസ് സുരക്ഷാ വകുപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കിട്ട പോസ്റ്റില്‍ പറഞ്ഞു. അമേരിക്കയെ സുരക്ഷിതമാക്കുന്നതിന് അക്രമികളെ നാടുകടത്തുന്നത് തുടരുമെന്നും പോസ്റ്റില്‍ വ്യക്തമാക്കി.
വിദേശ പൗരന്മാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടേതടക്കമുള്ള പരിശോധനകള്‍ കര്‍ശനമാക്കികൊണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വന്നതിനു പിന്നാലെയാണ് വിസ റദ്ദാക്കലുകളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായത്. 2024ല്‍ ഏകദേശം 40,000 വിസകളാണ് റദ്ദാക്കിയത്. 2025ല്‍ റദ്ദാക്കപ്പെട്ട വിസകളില്‍ ഭൂരിഭാഗവും വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടര്‍ന്ന ബിസിനസ്, ടൂറിസ്റ്റ് സന്ദര്‍ശകരുടേതാണ്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ശബരിമല സന്നിധാനത്ത് മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പർണശാലകൾ കെട്ടി മകരവിളക്ക് ദർശിക്കാൻ തീർത്ഥാടകർ സന്നിധാനത്തും പരിസരത്തും തമ്പടിച്ച് തുടങ്ങി. മകര വിളക്ക് പ്രമാണിച്ച് ശബരിമലയിൽ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവാഭരണ ഘോഷയാത്ര നാളെ വൈകീട്ടോടെ സന്നിധാനത്തെത്തും.
രണ്ടുദിവസമായി പർണശാലകൾ കെട്ടി അയ്യപ്പ ഭക്തർ സന്നിധാനത് തന്നെ ഇടം പിടിച്ചിരിക്കുകയാണ്. പൊന്നമ്പലമേട്ടിൽ നിന്ന് മകര വിളക്ക് തെളിയുന്നത് കാണാൻ പറ്റുന്ന മേഖലകളിലാണ് ഭൂരിഭാഗം ഭക്തരും തമ്പടിച്ചിരിക്കുന്നത്. എരുമേലി പേട്ടതുള്ളൽ കൂടി കഴിഞ്ഞതോടെ തീർത്ഥാടകർ കൂടുതലായി സന്നിധാനത്തേക്ക് മല ചവിട്ടി തുടങ്ങി. പന്തളം കൊട്ടാരത്തിൽ നിന്ന് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള യാത്ര നാളെ വൈകിട്ടോടെ സന്നിധാനത്തെത്തും.
മകരവിളക്ക് ദിവസമായ നാളെ 35000 തീർത്ഥാടകർക്ക് മാത്രമാണ് സന്നിധാനത്തേക്കുള്ള പ്രവേശനം. ശബരിമലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. പൊലീസിൻ്റേയും അർദ്ധ സൈനിക വിഭാഗങ്ങളുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സന്നിധാനം കൂടാതെ മകരവിളക്ക് കാണാൻ കഴിയുന്ന പുൽമേട് അടക്കമുള്ള മേഖലകളിലും നിയന്ത്രണങ്ങൾ കർശനമാക്കും..
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ദില്ലി: ഇന്ത്യയുടെ എതിർപ്പുകൾക്കിടയിലും ഷാക്‌സ്‌ഗാം താഴ്‌വരയ്ക്ക് മേലുള്ള തങ്ങളുടെ അവകാശവാദം വീണ്ടും ഉന്നയിച്ച് ചൈന. പ്രദേശത്തെ അടിസ്ഥാന സൗകര്യ പദ്ധതികൾ അനിവാര്യമാണെന്നും ചൈന വ്യക്തമാക്കി. ഷാക്‌സ്ഗാം താഴ്‌വരയിലെ ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ വിമർശിച്ചിരുന്നു. പ്രദേശം ഇന്ത്യയുടേതാണെന്നും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു. 1963-ൽ പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരുന്ന ഷാക്‌സ്ഗാം താഴ്‌വരയിലെ 5,180 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈനയ്ക്ക് നിയമവിരുദ്ധമായി വിട്ടുകൊടുക്കുകയായിരുന്നു.
ഷാക്സ്ഗാം താഴ്‌വര ഇന്ത്യയുടെ പ്രദേശമാണ്. 1963-ൽ ഒപ്പുവച്ച ചൈന-പാകിസ്ഥാൻ 'അതിർത്തി കരാർ' എന്ന് വിളിക്കപ്പെടുന്നതിനെ ഞങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ല. കരാർ നിയമവിരുദ്ധവും അസാധുവുമാണെന്ന് ഇന്ത്യ നിരന്തരം വാദിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശത്തിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയെയും അംഗീകരിക്കുന്നില്ലെന്ന് ഇന്ത്യ അറിയിച്ചു.
ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യമാണെന്ന് ജയ്‌സ്വാൾ പറഞ്ഞു. ഇത് പലതവണ പാകിസ്ഥാൻ, ചൈനീസ് അധികാരികളെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ്‌സ്വാളിന്റെ അഭിപ്രായങ്ങളോട് പ്രതികരിച്ചുകൊണ്ട്, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് രംഗത്തെത്തി. ഇന്ത്യ പരാമർശിച്ച പ്രദേശം ചൈനയുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം പ്രദേശത്ത് അടിസ്ഥാന സൗകര്യ നിർമ്മാണം നടത്തുന്നത് ചൈനയ്ക്ക് പൂർണ്ണമായും ന്യായീകരിക്കാവുന്നതാണ്. 1960 കളിൽ ചൈനയും പാകിസ്ഥാനും അതിർത്തി കരാറിൽ ഒപ്പുവെക്കുകയും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അതിർത്തി നിർണ്ണയിക്കുകയും ചെയ്തു. ഇത് പരമാധികാര രാജ്യങ്ങൾ എന്ന നിലയിൽ ചൈനയ്ക്കും പാകിസ്ഥാനും ഉള്ള അവകാശമാണെന്നും ചൈനീസ് വക്താവ് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12