യുഎഇയ്ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സാധാരണ പൗരന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സൗദിയും ഖത്തറും ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളും ആക്രമണത്തെ ശക്തമായി അപലപിച്ചു.
ഇടവേളക്ക് ശേഷം ഇറാന്റെ ഭാഗത്ത് നിന്ന് വീണ്ടും ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പ്രതിഷോധവുമായി ലോക നേതാക്കള്‍ രംഗത്ത് എത്തിയത്. എല്ലാ പ്രശ്‌നങ്ങളും സംവാദത്തിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. യുഎഇയിലെ ഫുജൈറയില്‍ ഇറാന്റെ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റ സംഭവത്തെയും അദ്ദേഹം ശക്തമായി അപലപിച്ചു.
ഹോര്‍മൂസ് കടലിടുക്കിലൂടെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പല്‍ ഗതാഗതം ഉറപ്പാക്കേണ്ടത് പ്രാദേശിക സമാധാനത്തിനും ആഗോള ഊര്‍ജസുരക്ഷയ്ക്കും നിര്‍ണായകമാണെന്നും നരേന്ദ്രമോദി ചൂണ്ടികാട്ടി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ എന്നിവര്‍ യുഎഇ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു.
കുവൈറ്റ്, ജോര്‍ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങളും ജിസിസി സെക്രട്ടേറിയറ്റും യുഎഇയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവരും ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി. ഹോര്‍മുസ് കടലിടുക്കില്‍ യുഎഇയുടെ എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണം കടല്‍ക്കൊള്ളയ്ക്ക് തുല്യമാണെന്ന് മുസ്‌ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ് വ്യക്തമാക്കി. ഇറാന്റെ നിരുത്തരവാദപരമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവിയും ആഹ്വാനം ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.