ഡൽഹി:ഈ വർഷം ജനുവരിയിൽ വാണിജ്യ സിലിണ്ടർ വില 25 രൂപ വർധിപ്പിച്ചിരുന്നു. അതേസമയം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 91.50 രൂപയും ഓഗസ്റ്റിൽ 36 രൂപയും കുറച്ചിരുന്നു. അതിനുമുമ്പ്, ജൂലൈ 6 ന്, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 8.5 രൂപ കുറച്ചിരുന്നു.
ലോക തൊഴിലാളി ദിനത്തിൽ സാധാരണക്കാർക്ക് ആശ്വാസമായി എൽപിജി സിലിണ്ടർ വില കുറച്ചു. സാമ്പത്തിക വർഷത്തിൽ തുടർച്ചയായി രണ്ടാം മാസവും വാണിജ്യ സിലിണ്ടർ വില പെട്രോളിയം, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ കുറച്ചെന്നതും ശ്രദ്ധേയമാണ്. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ 171.50 രൂപയുടെ കുറവാണ് കമ്പനികൾ വരുത്തിയത്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യ റിപ്പോർട്ട് ചെയ്തത്.
വാണിജ്യ സിലിണ്ടർ വില കുറച്ചത് ഹോട്ടലുകൾ, റസ്റ്റോറന്റുകൾ പോലുള്ള സംരംഭങ്ങൾക്ക് ആശ്വാസമാണ്. കമ്മ്യൂണിറ്റി കിച്ചണുകൾ പോലുള്ള സേവന പദ്ധതികൾക്കും തീരുമാനം നേട്ടമാകും. അതേസമയം 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടർ വില കുറയ്ക്കാത്തതു കൊണ്ട് കുടുംബ ബജറ്റിൽ വലിയ മാറ്റമുണ്ടാകൻ സാധ്യതയില്ല. സംസ്ഥാനത്ത് ഗാർഷിക സിലിണ്ടറിന് 1,110- 1,115 രൂപയോളം വില വരും. ഇത് വീടുകളിൽ എത്തുമ്പോൾ 1,150- 1,160 രൂപയോളം ആകുന്നുണ്ട്.
നിലവിലെ ഗാർഹിക സിലിണ്ടർ വാങ്ങലുകൾക്ക് സബ്സിഡി ലഭിക്കുന്നില്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അടുത്തിടെ വിഷയത്തിൽ കേന്ദ്ര സർക്കാർ യോഗം ചേർന്നെങ്കിലും ഉജ്ജ്വല യോജനയ്ക്കു കീഴിൽ വരുന്ന എൽപിജി ഉപയോക്താക്കൾക്കു മാത്രമാണ് സബ്സിഡി പ്രഖ്യാപിച്ചത്. ഉജ്ജ്വല യോജനയുടെ 9.59 കോടി ഗുണഭോക്താക്കൾക്ക് പ്രതിവർഷം 14.2 കിലോ എൽപിജി ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്‌സിഡി നൽകാനാണ് തീരുമാനം. എണ്ണ വിപണന കമ്പനികൾ കഴിഞ്ഞ മാർച്ച് ഒന്നിന് ഗാർഹിക, വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഉയർത്തിയിരുന്നു. ഗാർഹിക- വാണിജ്യ സിലിണ്ടറുകൾക്ക് യൂണിറ്റിന് 50 രൂപയും യൂണിറ്റിന് 350.5 രൂപയുമാണ് പരിഷ്‌കരിച്ചത്.
ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞതിന്റെ അനന്തരഫലമാണ് ഇത്. അതേസമയം 14.2 കിലോ ഗ്രാം ഗാർഹിക സിലിണ്ടർ വിലയിലും, ഇന്ധനവിലയിലും മാറ്റമില്ല. വില കുറച്ചതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് 1,860- 1,870 രൂപ വിലവരും. ഡൽഹിയിൽ 19 കിലോ എൽപിജി സിലിണ്ടറിന് 1856.50 രൂപയാണ്. കൊൽക്കത്തയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2132 രൂപയിൽ നിന്ന് 1960.50 രൂപയാകും. മുംബൈയിൽ എൽപിജി സിലിണ്ടർ വില 1980 രൂപയിൽ നിന്ന് 1808 രൂപയാകും. ചെന്നൈയിൽ പുതിയ വില 2021 രൂപയാണ്.