കേരളം ഉൾപ്പെടെ ഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം
കേരളം ഉൾപ്പെടെ ഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും വവ്വാലുകൾക്കിടയിൽ നിപ വൈറസ് പരന്നിട്ടുള്ളതായി ദേശവ്യാപകമായി നടത്തി വരുന്ന പഠനത്തിൽ കണ്ടെത്തി. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളിലാണ് നിപ വൈറസ് ആന്റിബോഡികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വൈറസ് ഈ പ്രദേശങ്ങളിലെ വവ്വാലുകൾക്കിടയിൽ പരന്നിരുന്നതിന്റെ തെളിവാണ് ഇത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഭാഗമായ പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ്(ഐസിഎംആർ എൻഐവി) സർവേ നടത്തുന്നത്.
ഇതുവരെ 14 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സർവേ പൂർത്തിയാക്കിയതായി ഐസിഎംആർ എൻഐവി സയന്റിസ്റ്റ് ഡോ. പ്രഗ്യ യാദവ് പറഞ്ഞു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നിപ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താനായില്ല. മുൻപ് കേരളത്തിലെ കോഴിക്കോട് ജില്ലയിലും അസമിലെ ബി ജില്ലയിലും പശ്ചിമബംഗാളിലെ മ്യാനഗുരി, കുച്ച് ബെഹർ എന്നിവിടങ്ങളിലുമായിരുന്നു രാജ്യത്ത് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലെ വൈറസ് വ്യാപനം കണ്ടെത്താനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും വേണ്ടിയാണ് ദേശ വ്യാപകമായ സർവേയ്ക്ക് ഐസിഎംആർ എൻഐവി തുടക്കമിട്ടത്.
മനുഷ്യരിലേക്ക് വൈറസ് പകരാൻ ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി ഈ സ്ഥലങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ സർവേയിലൂടെ ആരോഗ്യ സംവിധാനങ്ങൾക്ക് സാധിക്കും. ഇന്ത്യയിലെ ആദ്യ നിപ വൈറസ് പകർച്ച റിപ്പോർട്ട് ചെയ്തത് 2001 ജനുവരി-ഫെബ്രുവരിയിൽ പശ്ചിമബംഗാളിലെ സിലിഗുരിയിലായിരുന്നു. അന്ന് വൈറസ് ബാധിക്കപ്പെട്ട 66 പേരിൽ 45 പേർ മരണപ്പെട്ടു. അമേരിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോളിന്റെ സഹായത്തോടെ 2006ലാണ് ഈ രോഗവ്യാപനം നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.
ഐസിഎംആർ എൻഐവിയിൽ 2005ൽ ബിഎസ്എൽ-3 ലാബ് സൗകര്യം സ്ഥാപിക്കപ്പെട്ടതോടെ നിപയുടെ അടുത്ത വരവിനെ പെട്ടെന്ന് കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. 2007 ഏപ്രിലിൽ പശ്ചിമബംഗാളിലെ നാദിയ ജില്ലയിലായിരുന്നു നിപയുടെ രണ്ടാം പകർച്ച റിപ്പോർട്ട് ചെയ്തത്. കേരളത്തിലെ കോഴിക്കോട് 2018 മെയ് മാസമായിരുന്നു നിപയുടെ അടുത്ത ആക്രമണം. വൈറസ് ബാധിച്ച 18 പേരിൽ 16 പേരും മരണപ്പെട്ടു. ദക്ഷിണേന്ത്യയിലെ ആദ്യ നിപ വൈറസ് വ്യാപനവും ഇതായിരുന്നു. ഏറ്റവും അവസാനം ഇന്ത്യയിൽ നിപ റിപ്പോർട്ട് ചെയ്തത് 2021 ഓഗസ്റ്റ്- സെപ്റ്റംബറിൽ കോഴിക്കാടാണ്. ഒരാൾ ഇത് മൂലം മരണപ്പെട്ടു. ഈ മൂന്ന് നിപ വൈറസ് പടർച്ചയിലും ആദ്യം രോഗം ബാധിക്കപ്പെട്ട വ്യക്തികളുടെ വീടിനരികിലെ പഴം തീനി വവ്വാലുകൾ നിപ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.