തിരുവനന്തപുരം : സർവത്ര വിഷം ! പഴംപൊരിയിൽ ടാർട്രാസിൻ, പ്ലം കേക്കിൽ ബെൻസോയിക് ആസിഡ്, പേരയ്ക്കയിൽ തയാമേതോക്സാം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനാ ലാബിന്റെ റിപ്പോർട്ടുകളിലാണു വിവരം പുറത്തു വന്നത്.ശുദ്ധമായിരിക്കേണ്ട സോഡയിൽ 260% അധികം ബാക്ടീരിയ കണ്ടെത്തി. ഇൻസ്റ്റന്റ് പ്രീമിക്സ് ചായ, ശർക്കര, മിക്സ്ചർ, പലഹാരങ്ങൾ എന്നിവയിൽ കൃത്രിമ നിറമായ ടാർട്രാസിൻ അനുവദനീയമായതിന്റെ പല മടങ്ങു കണ്ടെത്തി. 2022 ഡിസംബറിൽ സപ്ലൈകോ ലാഭം മാർക്കറ്റിൽ നിന്നു ശേഖരിച്ച മുളകുപൊടിയിൽ കീടനാശിനിയുടെ അളവ് 1700% അധികമാണെന്നും കണ്ടെത്തി.ബദാം ഫ്ലേവറുള്ള ബ്രാൻഡഡ് പാലിൽ ബെൻസോയേറ്റ് എന്ന അനുവദനീയമല്ലാത്ത പ്രിസർവേറ്റീവ് കണ്ടെത്തി. സ്വകാര്യ കമ്പനിയുടെ സംഭാരത്തിൽ യീസ്റ്റ് മോൾഡ് 740% അധികമാണ്. സാംപിളായി ശേഖരിച്ച ഗ്രീൻപീസിൽ ഒട്ടും ചേർക്കാൻ പാടില്ലാത്ത സിന്തറ്റിക് കളറായ ടാർട്രാസിനും ബ്രില്യന്റ് ബ്ലൂവും അടങ്ങിയിട്ടുണ്ട്.
പ്ലം കേക്കിൽ ബെൻസോയിക് ആസിഡ്, പേരയ്ക്കയിൽ തയാമേതോക്സാം, പഴക്കേക്ക്, ഡേറ്റ്സ് കേക്ക്, പ്ലം കേക്ക് തുടങ്ങിയവയിൽ സോർബിക് ആസിഡ്, ഷവർമ, ചിക്കൻ ഫ്രൈ, വറുത്ത കപ്പലണ്ടി, ടൂട്ടി ഫ്രൂട്ടി എന്നിവയിൽ സിന്തറ്റിക് കളറായ സൺസെറ്റ് യെല്ലോ, പുഡിങ് കേക്കിൽ സോർബേറ്റ് കളർ, കുഴിമന്തി, ചിക്കൻ മന്തി തുടങ്ങിയവയിൽ സിന്തറ്റിക് കളറായ സൺസെറ്റ് യെല്ലോ എഫ്സിഎഫ്, പഴംപൊരിയിൽ ടാർട്രാസിൻ, ടൊമാറ്റോ മുറുക്കിൽ സിന്തറ്റിക് കളറായ കാർമോയിസിൻ, ലഡുവിൽ സോർബേറ്റ്, കോൺ ഫ്ലവർ, ഇടിയപ്പം പൊടി എന്നിവയിൽ ക്ലോറോപൈറിഫോസ് ഈഥൈൽ എന്ന കീടനാശിനി, ചിക്കൻ ബർഗറിൽ സാൽമൊണല്ല ബാക്ടീരിയ തുടങ്ങിയവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 2022 ഡിസംബർ, 2023 ജനുവരി മാസങ്ങളിലെ റിപ്പോർട്ടുകളിലാണ് ഈ കണ്ടെത്തലുകളുള്ളത്.എലി ഉൾപ്പെടെ ചില ജീവികളുടെ കാഷ്ഠം, കീടനാശിനികൾ, കളനാശിനികൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയവയുടെ സാന്നിധ്യം കഴിഞ്ഞ മാസങ്ങളിൽ പല ഭക്ഷണ പദാർഥങ്ങളിലും കണ്ടെത്തിയിരുന്നു.