Monday, 25 September 2023

khraചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ നിര്‍മ്മിക്കുന്നത്

SHARE
തുരങ്കങ്ങള്‍, പാലങ്ങള്‍, എയര്‍ഫീല്‍ഡുകള്‍..; ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ നിര്‍മ്മിക്കുന്നത് എന്തൊക്കെ!

കഴിഞ്ഞ മൂന്ന് വര്‍ഷമായി ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ ഒട്ടേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ചൗധരി. കഴിഞ്ഞ വര്‍ഷങ്ങളിലായി 8,000 കോടി രൂപയുടെ 300 പദ്ധതികള്‍ ബിആര്‍ഒ പൂര്‍ത്തിയാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 295 റോഡ് പദ്ധതികളും പാലങ്ങളും തുരങ്കങ്ങളും എയര്‍ഫീല്‍ഡുകളും രാജ്യത്തിന് സമര്‍പ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ത്രിഡി കോണ്‍ക്രീറ്റ് പ്രിന്റഡ് കോംപ്ലക്സായി കണക്കാക്കപ്പെടുന്ന ബിആര്‍ഒയുടെ എയര്‍ ഡിസ്പാച്ച് യൂണിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. 

ബജറ്റിൽ 100 ശതമാനം വര്‍ധന

ബജറ്റും പുതിയ സാങ്കേതികവിദ്യയും വര്‍ധിപ്പിച്ച് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബിആര്‍ഒയെ പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ ബിആര്‍ഒയുടെ ബജറ്റ് 100 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ചൗധരി പറഞ്ഞു.

ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് സമീപം ചൈന പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, കഴിഞ്ഞ മൂന്ന് വര്‍ഷമായി ചൈന അതിര്‍ത്തിയില്‍ ബിആര്‍ഒയും മറ്റ് ഏജന്‍സികളും ധാരാളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നായിരുന്നു മറുപടി. 60 പ്രോജക്ടുകള്‍ കൂടി നാല് മാസത്തിനുള്ളില്‍ തയ്യാറാകും. റോഡുകളുടെ നിര്‍മ്മാണത്തില്‍ സ്റ്റീലിന്റെ ഉപ ഉല്‍പ്പന്നമായ സ്റ്റീല്‍ സ്ലാഗും പ്ലാസ്റ്റിക്കും ബിആർഒ ഉപയോഗിക്കുന്നുണ്ടെന്നും രാജീവ് ചൗധരി അറിയിച്ചു.

യുപിഎ സര്‍ക്കാരിന്റെ മുന്‍കരുതല്‍

ഇന്ന് ബിആർഒയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലാണ്. ബജറ്റ്, യന്ത്രങ്ങള്‍, പുതിയ സാങ്കേതികവിദ്യ, നടപടിക്രമങ്ങളുടെ ലഘൂകരണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ചൈനയെ പിന്നിലാക്കുമെന്ന് ഉറപ്പിക്കാം. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം റോഡുകള്‍ നിര്‍മ്മിച്ച് മുന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തിരുന്നതായും അദ്ദേഹം അറിയിച്ചു.

2008ല്‍ അന്നത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണി പാര്‍ലമെന്റില്‍ ചൈനയ്ക്ക് ഇന്ത്യയ്ക്കെതിരെ ഇതേ പാത ഉപയോഗിക്കാമെന്ന് പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ വ്യത്യസ്തമായി ചിന്തിക്കുകയാണ്. ഞങ്ങളുടെ പദ്ധതികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. മുമ്പ് 60 വര്‍ഷത്തിനുള്ളില്‍ രണ്ട് തുരങ്കങ്ങള്‍ മാത്രമാണ് നിര്‍മ്മിച്ചത്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നാല് ടണലുകള്‍ നിര്‍മ്മിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉയരം കൂടിയ റോഡ്

കനത്ത മഞ്ഞ് വീഴ്ച മൂലം ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, തവാങ് തുടങ്ങിയ പ്രദേശങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ റോഡുകള്‍ അടച്ചിടുന്ന സമയം കുറയ്ക്കുന്നതിനായും നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മഞ്ഞ് നീക്കം ചെയ്യുന്നതിനായി ബിആർഒ പുതിയ സാങ്കേതികവിദ്യയും യന്ത്രങ്ങളും ഉപയോഗിക്കുന്നു. ജോജി ലാ പാസ് മഞ്ഞുവീഴ്ച കാരണം ഒക്ടോബര്‍ മുതല്‍ ആറ് മാസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റോഡ് അടച്ചിടുന്ന സമയം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡെംചോക്കില്‍ 19,000 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് ബിആര്‍ഒ നിര്‍മിച്ചു. ഏകദേശം 40 ദിവസം മുമ്പ് ഞങ്ങള്‍ 15,000 അടി ഉയരത്തില്‍ ഹാന്‍ലെയില്‍ ഒരു തുരങ്കം ആരംഭിച്ചു. എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പുകളേക്കാള്‍ ഉയരത്തിലാണ് എല്ലാ റോഡുകളുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.