Tuesday, 26 September 2023

സംവിധായകന്‍ കെ ജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന്

SHARE

സംവിധായകന്‍ കെ ജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ കെജി ജോര്‍ജിന്റെ സംസ്‌കാരം ഇന്ന്. കൊച്ചിയിലെ രവിപുരം ശ്മശശാനത്തില്‍ വൈകിട്ട് നാലരയ്ക്കാണ് സംസ്‌കാരം. രാവിലെ പതിനൊന്നു മുതല്‍ വൈകിട്ട് മൂന്ന് മണിവരെ എറണാകുളം ടൗണ്‍ ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് ആറിന് മാക്ടയും ഫെഫ്കയും സംയുക്തമായി പ്രിയ സംവിധായകന് അനുസ്മരണം സംഘടിപ്പിക്കും.

ഞായറാഴ്ച രാവിലെ എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍വച്ചായിരുന്നു കെജി ജോർജിന്റെ അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് 6 വര്‍ഷമായി ഇവിടെയായിരുന്നു താമസം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു സംവിധാനം പഠിച്ച കെ ജി ജോർജ് സംവിധായകന്‍ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തിയത്. ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് ജോർജിനെ കണക്കാക്കപ്പെടുന്നത്. പഞ്ചവടിപ്പാലം ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.

1946ൽ തിരുവല്ലയിൽ ജനിച്ച അദ്ദേഹം 1968ൽ കേരള സർവ്വകലാശാലയിൽ നിന്നു ബിരുദവും 1971ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ആണ് അദ്ദേഹം തന്റെ ചലച്ചിത്ര ജിവിതം ആരംഭിക്കുന്നത്. മൂന്ന് വർഷത്തോളം രാമു കാര്യാട്ടിന്റെ സഹായിയായി ജോലി ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെ അവലംബമാക്കി സിനിമകൾ ചെയ്തു. 

ആദ്യം സംവിധാനം ചെയ്ത ചിത്രം സ്വപ്നാടനം ആണ്. സ്വ പ്നാടനത്തിന് മികച്ച മലയാള ചിത്രത്തിനു ദേശീയ അവാർഡ് നേടി. 1982 ൽ യവനികയ്ക്ക് ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചു. ആദമിന്റെ വാരിയെല്ല്, ഇരകൾ എന്നീ സിനിമകൾക്കും പുരസ്കാരം കിട്ടി. 40 വർഷത്തിനിടയിൽ സംവിധാനം ചെയ്തത് 19 സിനിമകൾ മാത്രമാണ്. അവസാനം സംവിധാനം ചെയ്ത ചിത്രം ഇലവങ്കോട് ദേശം. 

സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്രപ്രതിഭയാണ് കെ.ജി. ജോര്‍ജ്. മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി.
 
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.