നീലേശ്വരം: ദേശീയപാതയിൽ അപകടാവസ്ഥയിലായ കാര്യങ്കോട് പാലത്തിനു പകരം നിർമാണം പൂർത്തിയായ പുതിയ പാലം ഈ മാസംതന്നെ ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ധാരണ. പുതിയ പാലത്തിലേക്കുള്ള സമീപന റോഡുകളുടെ പണി മാത്രമാണ് ഇനി തീരാനുള്ളത്. ഇത് കഴിവതും വേഗത്തിൽ പൂർത്തിയാക്കി മഴക്കാലം തുടങ്ങുന്നതിനു മുമ്പു തന്നെ വാഹനഗതാഗതം പുതിയ പാലത്തിലൂടെ തിരിച്ചുവിടാനാണ് തീരുമാനം. തേജസ്വിനി പുഴയ്ക്ക് കുറുകേ അറുപതു വർഷത്തിലേറെ പഴക്കമുള്ള പഴയ പാലം അപകടാവസ്ഥയിലായ സാഹചര്യം കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ പാലത്തിന്റെ പൈലിംഗ് ജോലികൾ നടക്കുന്നതിനിടെ പഴയ പാലത്തിന്റെ വടക്കുവശത്തെ തൂണുകൾ താഴ്ന്നതിനെ തുടർന്ന് സ്പാനുകൾ ചരിഞ്ഞ നിലയിലാണ്. ഇതോടെ പാലത്തിനു മുകളിൽ വിള്ളലുകളും രൂപപ്പെട്ടു. ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ കുലുക്കം അനുഭവപ്പെടുന്നതും പതിവാണ്. നിലവിലുള്ള പാലത്തിന്റെ കിഴക്കുവശത്തും പടിഞ്ഞാറുവശത്തുമായാണ് ദേശീയപാതാ വിഭാഗത്തിനു കീഴിൽ പുതിയ പാലങ്ങൾ നിർമിക്കുന്നത്. ഇതിൽ കിഴക്കുവശത്തെ പാലത്തിന്റെ നിർമാണമാണ് പൂർത്തിയായിട്ടുള്ളത്. ഗതാഗതം ഇതുവഴി തിരിച്ചുവിട്ടതിനു ശേഷം പഴയപാലം പൊളിച്ചുമാറ്റി പടിഞ്ഞാറുവശത്തെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാനാണ് ധാരണ.
മൂന്നുവരിയിൽ ഗതാഗതം നടത്താവുന്ന വിധത്തിലാണ് പുതിയ പാലം നിർമിച്ചിട്ടുള്ളത്. വടക്കുഭാഗത്തെ സമീപന റോഡിന്റെ നിർമാണവും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. തെക്കുഭാഗത്തെ പ്രവൃത്തികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇതോടൊപ്പം കൈവരികളുടെ നിർമാണവും തുടർന്ന് ടാറിംഗും പൂർത്തിയായാലുടൻ പുതിയ പാലം തുറന്നുകൊടുക്കാനാകും. ഈ മാസംതന്നെ പ്രവൃത്തികളെല്ലാം പൂർത്തിയാക്കാനാകുമെന്ന് നിർമാണ ചുമതല വഹിക്കുന്ന മേഘ എൻജിനീയറിംഗ് കമ്പനി അധികൃതർ പറഞ്ഞു. പുതിയ പാലം തുറക്കുന്നതോടെ ദേശീയപാതാ നവീകരണത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക