കോഴിക്കോട് : പേരാമ്പ്രയിൽ നിർദിഷ്‌ട ബയോളജിക്കൽ പാർക്കിനായി വിശദമായ പ്രോജക്‌ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനുള്ള നടപടികൾ വനം വന്യജീവി വകുപ്പ് ആരംഭിച്ചു. നേരത്തെ പദ്ധതിക്കായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ ചുമതലപ്പെടുത്തിയിരുന്നു.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ടൈഗർ സഫാരി പാർക്കാണ് ബയോളജിക്കൽ പാർക്കെന്ന പേരിൽ സ്ഥാപിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴി റെയ്ഞ്ചിലെ മുതുകാട് ഭാഗത്ത് ടൈഗർ സഫാരി പാർക്ക് ആരംഭിക്കുന്നതിന് കഴിഞ്ഞ നവംബർ 18-നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. പേരാമ്പ്ര റബർ എസ്റ്റേറ്റിന്‍റെ ഭാഗം പാർക്കിനായി വിട്ടുനൽകാൻ കഴിഞ്ഞ നവംബർ 25-ന് കൃഷി വകുപ്പ് തീരുമാനിച്ചത് പ്രകാരം സർവേ പൂർത്തീകരിച്ചു.
ടിക്കറ്റ് കൗണ്ടർ, പാർക്കിങ്, ഇൻഫർമേഷൻ സെന്‍റർ, ഓഫിസ് കെട്ടിടം, ജീവനക്കാർക്കുള്ള താമസ സൗകര്യം, ഇൻസ്പെക്ഷൻ ബംഗ്ലാവ്, പാർക്ക്, ലഘു ഭക്ഷണശാല, സഫാരിക്കായുള്ള ഇടം, ആശുപത്രി സൗകര്യങ്ങൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ് ഒരുക്കേണ്ടത്. പാർക്കിങ്ങിനായി കണ്ടെത്തിയ ഭൂമി അൺറിസർവ്ഡ് ഫോറസ്റ്റായി രേഖപ്പെടുത്തി കഴിഞ്ഞു. 2009-ലെ മലബാർ വന്യജീവി സങ്കേതത്തിന്‍റെ വിജ്ഞാപന പ്രകാരം ഈ ഭൂമി വന്യജീവി സങ്കേതത്തിന്‍റെ അതിർത്തി വിവരണത്തിനുള്ളിലാണ്.
2024 ജനുവരി 20-ലെ ഉത്തരവ് പ്രകാരമാണ് ടൈഗർ സഫാരി പാർക്കിനായി സ്പെഷ്യൽ ഓഫിസറെ നിയോഗിച്ചത്. കരട് മാസ്റ്റർ പ്ലാൻ സ്പെഷ്യൽ ഓഫിസർ തയ്യാറാക്കി സമർപ്പിച്ചു. പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്ത് രണ്ടിടങ്ങളിൽ ആനകളും മറ്റു വന്യജീവികളും പെരുവണ്ണാമുഴി റിസർവോയറിലേക്കെത്താൻ ഉപയോഗിക്കുന്ന സഞ്ചാരപാതകളുണ്ട്. പദ്ധതി നിർവഹണം ആനകളുടെയും മറ്റു വന്യജീവികളുടെയും സഞ്ചാരത്തെ തടസപ്പെടുത്തരുതെന്നാണ് കരട് മാസ്റ്റർ പ്ലാനിലെ നിർദേശം. അല്ലാത്തപക്ഷം കക്കയം, പയ്യാനിക്കോട്ട ഭാഗത്ത് മനുഷ്യ-വന്യജീവി സംഘർഷം വർധിക്കാൻ കാരണമാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ടൂറിസം കുതിപ്പിന് മുതൽകൂട്ടാവുന്ന ബയോളജിക്കൽ പാർക്ക് അണിയറയിൽ ഒരുങ്ങുമ്പോഴും കടക്കാനുള്ളത് വലിയ കടമ്പകളാണ്. നിലവിലെ മാർഗനിർദേശ പ്രകാരം നിർദിഷ്‌ട സ്ഥലത്ത് ബയോളജിക്കൽ പാർക്ക് തുടങ്ങണമെങ്കിൽ സെൻട്രൽ സൂ അതോറിട്ടി, നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ്, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി എന്നിവയുടെ അനുമതി വേണം. ഫോറസ്റ്റ് കൺസർവേഷൻ ആക്‌ടിന്‍റെ പരിധിയ്ക്കുള്ളിൽ നിന്നേ പദ്ധതി നടപ്പക്കാൻ കഴിയൂ. ഇതിൽ പ്രാഥമികമായി സെൻട്രൽ സൂ അതോറിട്ടിയിൽ നിന്ന് അനുമതി ലഭ്യമാക്കണം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക