എറണാകുളം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് പെരിയാറിൽ ജലനിരപ്പുയർന്നു. ആലുവ മണപുറത്തെ ശിവക്ഷേത്രം ഭാഗികമായി വെള്ളത്തിൽ മുങ്ങി. ഇതോടെ രാവിലത്തെ ചടങ്ങുകൾ അമ്പലത്തിൽ വച്ച് നടത്താൻ കഴിഞ്ഞില്ല.
നിരവധിയാളുകളാണ് ക്ഷേത്രത്തിൻ്റെ പരിസരങ്ങളിൽ എത്തുന്നത്. ഇവർ വെള്ളത്തിൽ ഇറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. മഴ ശക്തമായതിനെ തുടർന്ന് ഡാമുകൾ തുറന്നതാണ് പെരിയാറിൽ ജലനിരപ്പുയരാൻ കാരണം.
പെരിയാറിൻ്റെ തീരത്ത് കഴിയുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തിയിരുന്നു. ഇതോടെയാണ് പെരിയാറിൽ വെള്ളമുയർന്ന് തുടങ്ങിയത്. മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.
അതേസമയം പെരിയാറിന് കുറുകെയുള്ള ആലുവ തുരുത്ത് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഏകദേശം 60 വയസ് തോന്നിക്കുന്ന തട്ടാംപടി സ്വദേശിയാണ് പാലത്തിൽ നിന്നും രാവിലെ ഏഴ് മണിയോടെ പുഴയിലേക്ക് ചാടിയത്. ശക്തമായ ഒഴുക്കിൽ പെട്ട് മുളയിൽ പിടിച്ച് കിടന്നയാളെ വഞ്ചിയിലെത്തിയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണും മധ്യ കേരളത്തിൽ വലിയ തോതിലുള്ള നാശനഷ്‌ടമാണ് വൈദ്യുതി വിതരണ സംവിധാനത്തിന് ഉണ്ടായിരിക്കുന്നത്. നൂറുകണക്കിന് എച്ച്‌ടി പോസ്‌റ്റുകളും എല്‍ടി പോസ്‌റ്റുകളും കാറ്റത്ത് തകര്‍ന്നിട്ടുണ്ട്. നിരവധി ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് കണക്കാക്കിയിരിക്കുന്നത്.
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. രാവിലെ മുതൽ കൊച്ചി നഗരത്തിൽ ഉൾപ്പെടെ ശക്തമായ മഴ തുടരുകയാണ്. തീരപ്രദേശങ്ങളിലും മലയോര മേഖലയിലും മഴ ശക്തമായി തുടരുന്നുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക