കൊച്ചി : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് തകർച്ചയിലേക്ക് നീങ്ങുന്ന ഹോട്ടൽ വ്യവസായം, വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ( KHRA) ഇന്ന് എറണാകുളം ജില്ലാ കളക്ടറേറ്റിനു മുൻപിൽ മാർച്ചും ധർണ്ണയും നടത്തും. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്യും.
പലവ്യഞ്ജനം , പച്ചക്കറി, മത്സ്യം മാംസം ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങൾക്കും നിയന്ത്രണമില്ലാതെയാണ് വില വർധിക്കുന്നത്. ഇതുമൂലം പ്രവർത്തന ചെലവുകൾ പോലും ലഭിക്കാതെ ഹോട്ടൽ വ്യവസായങ്ങൾ നഷ്ടത്തിലായി. അതിനിടെ ഔദ്യോഗിക സംവിധാനങ്ങളുടെ നിരന്തര പീഡനവും കൂടിയാകുമ്പോൾ ഹോട്ടൽ മേഖലയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണ്.
പിസിബിയുടെ NOC ഇല്ലാത്തതിന്റെ പേരിൽ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഹോട്ടൽ ലൈസൻസ് പുതുക്കി നൽകുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ യാതൊരു ശാസ്ത്രീയ പരിശോധനയും ഇല്ലാതെ ഹോട്ടൽ ഭക്ഷണം പിടിച്ചെടുത്ത് പഴകിയ ഭക്ഷണം എന്ന പേരിൽ പ്രദർശിപ്പിക്കുന്നു.
ഹോട്ടൽ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുക വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക ജി എസ് ടി അപാകതകൾ പരിഹരിക്കുക ജി എസ് ടി യുടെ പേരിലുള്ള ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച കെഎച്ച്ആർഎ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കളക്ടറേറ്റ് മാർച്ചും ധർണ്ണയുമെന്ന് എറണാകുളം ജില്ലാ പ്രസിഡന്റ് ടിജെ മനോഹരനും സെക്രട്ടറി കെ ടി റഹിമും അറിയിച്ചു