Thursday 12 September 2024

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72

SHARE




സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു പ്രായം. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിൽ സഹായത്തിൽ ആയിരുന്നു.

സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ടേം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിടവാങ്ങൽ

സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ടേം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കിയാണ് സീതാറാം യെച്ചൂരിയുടെ വിടവാങ്ങൽ. സീതാറാമിന്റെ രാഷ്ട്രീയ ജീവിതം ഇന്ത്യയുടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലത്തെ മുന്നണി രാഷ്ട്രീയ ചരിത്രമാണ്.



ജനനം 1952 ഓഗസ്റ്റ് 12 ന് ചെന്നൈയിൽ. ആന്ധ്രപ്രദേശിലെ കാക്കിനാഡയാണ് സ്വദേശം. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് വകുപ്പിൽ എഞ്ചിനീയറായ സർവേശ്വര സോമയാജുലയുടെയും സർക്കാർ ഉദ്യോഗസ്ഥയായ കൽപ്പകം യെച്ചൂരിയുടെയും മകൻ. സ്കൂൾ പഠനം ഹൈദരാബാദിൽ. 1969 മുതൽ ഡൽഹിയിൽ. പ്രസിഡന്റ്സി എസ്റ്റേറ്റ് സ്കൂളിൽ നിന്നും CBSE ഹയർ സെക്കന്ററി പരീക്ഷയിൽ രാജ്യത്തെ ഒന്നാം റാങ്കുകാരൻ, സെന്റ് സ്റ്റീഫൻസിൽ നിന്നും ബിഎ ഒണേഴ്സ് സാമ്പത്തിക ശാസ്ത്രത്തിലും ഒന്നാം റാങ്ക്.



1974ൽ എസ് എഫ് ഐയിൽ. 75 ൽ അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭ നായകനായി പ്രകാശ് കാരാട്ടിന് ഒപ്പം ജെ എൻ യുവിൽ. അറസ്റ്റും ഒളിവു ജീവിതവും മൂന്നു തവണ ജെ എൻ യു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് സ്ഥാനവും. യുവ കമ്മ്യൂണിസ്റ്റ് പോരാളി എന്ന മേൽവിലാസം ഇന്ത്യക്കാരുടെ മനസിൽ പതിഞ്ഞ കാലം.

അടിയന്തരാവസ്ഥ പിൻവലിച്ച ശേഷമുളള കാലം.  ഇന്ദിരാ ഗാന്ധിയെ സാക്ഷിയാക്കി ജെ എൻ യു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് സീതാറാം യെച്ചൂരിയുടെ പ്രസംഗം. ഇന്ദിരാ ഗാന്ധി ജെ.എൻ.യു ചാൻസലർ സ്ഥാനം രാജിവക്കണമെന്നാണ് ആവശ്യം. 1977 സപ്തംബർ അഞ്ചിന് സീതാറാമിന്റെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ വീടിനുമുന്നിലേക്ക് മാർച്ച് നടത്തിയ ശേഷമായിരുന്നു ഇതെന്നത് ഇക്കാലത്തും അത്ഭുതം ജനിപ്പിക്കും. അതേ വിദ്യാർഥികളുടെ ആവശ്യം സമചിത്തതയോടെ ഇന്ദിരാ ഗാന്ധി കേട്ടു നിന്നു. പിന്നേറ്റു തന്നെ അവർ ചാൻസലർ സ്ഥാനം രാജിവച്ചു.

1975 ൽ സി പി എം അംഗമായി. പൂർണ സമയ പാർട്ടി പ്രവർത്തകനാവാൻ താമസമുണ്ടായില്ല. ഇ എം എസ് നമ്പൂതിരിപ്പാട് ജനറൽ സെക്രട്ടറിയായ കാലത്ത് 1984 ൽ കേന്ദ്ര കമ്മിറ്റിയിൽ. പുതു തലമുറ നേതാക്കൾക്ക് നിർണായ ചുമതലകൾ നൽകാനുളള തീരുമാനത്തിന്റെ ഭാഗമായിരുന്നു 1985 ലെ 5 അംഗ സെൻട്രൽ സെക്രട്ടേറിയറ്റ്. എസ് ആർ പി എന്ന എസ് രാമചന്ദ്രൻ പിള്ളയ്ക്കും കാരാട്ടിനും ഒപ്പം സെൻട്രൽ സെക്രട്ടേറിയറ്റിൽ എത്തുമ്പോൾ സീതാറാമിന്റെ പ്രായം 33.

പാർലമെന്ററി ചരിത്രത്തിൽ സി പി എമ്മിന്റെ പ്രഭാവ കാലം. ഇടതു പിന്തുണയിൽ ഭരിച്ച ഒന്നാം യു പി എ കാലത്ത് 2005 ഡൽഹി പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറിയായി. പ്രകാശിന് ഒപ്പം യു പി എയെ നിയന്ത്രിച്ച അച്ചുതണ്ടുകളിൽ ഒന്ന് സീതാറാം ആയിരുന്നു. ആണവ കരാറിന്റെ പേരിൽ യു പി എ സർക്കാരിനുളള പിന്തുണ പിൻവലിക്കാനുളള പ്രകാശ് കാരാട്ടിന്റെ വാശിക്ക് ഒപ്പമായിരുന്നില്ല സീതാറാം എങ്കിലും അതെവിടെയും പരസ്യമാക്കിയിട്ടില്ല.

ജനറൽ സെക്രട്ടറി സ്ഥാനത്ത് പ്രകാശ് മൂന്നു ടേം പൂർത്തിയാക്കുമ്പോൾ സ്വാഭാവിക പിൻഗാമിയെന്ന് കരുതിയെങ്കിലും ഇക്കാലത്തിനിടയിൽ പ്രകാശും സീതാറാമും രണ്ട് തട്ടിൽ എത്തി. കേരള ഘടകം എസ് രാമചന്ദ്രൻ പിളളയുടെ പേരുയർത്തി. അങ്ങനെയെങ്കിൽ മത്സരത്തിനും മടിക്കേണ്ടതില്ലെന്ന വി എസ് അച്യുതാനന്ദന്റെ ഉപദേശവും ബംഗാൾ അടക്കമുളള ഘടകങ്ങളുടെ പിന്തുണയും ചേർപ്പോൾ സീതാറാം എന്ന ഒറ്റ പേരിലേക്ക് വിശാഖപട്ടണം പാർട്ടി കോൺഗ്രസ് എത്തി. ബംഗാൾ ഘടകം ദുർബലമായതോടെ യെച്ചൂരിയുടെ കരുത്തു ചോർന്നു. പി ബിയിൽ ഭൂരിപക്ഷ പിന്തുണയില്ലാത്ത ജനറൽ സെക്രട്ടറിയായി തുടർന്നു. ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ തൃപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിന്റെ പേര് കാരാട്ടും കൂട്ടരും മുന്നോട്ടു വച്ചു. അസാമാന്യ മെഴ്വഴക്കത്തോടെ അതും സീതാറാം മറികടന്നു. കണ്ണൂർ പാർട്ടി കോൺഗ്രസിൽ മൂന്നും തവണയും ജനറൽ സെക്രട്ടറിയായി.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user