Friday 20 September 2024

94 പന്തിൽ സെഞ്ചറി സഞ്ജു സാംസണ്‍

SHARE

ദുലീപ് ട്രോഫി ക്രിക്കറ്റിൽ സെഞ്ചറി നേടി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ഇന്ത്യ ബി ടീമിനെതിരായ മത്സരത്തിൽ ഇന്ത്യ ഡിയുടെ താരമായ സഞ്ജു 94 പന്തുകളിൽനിന്നാണ് സെഞ്ചറിയിലേക്കെത്തിയത്. ദുലീപ് ട്രോഫിയിൽ സഞ്ജുവിന്റെ രണ്ടാം മത്സരമാണിത്. 12 ഫോറുകളും മൂന്നു സിക്സറുകളുമാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജുവിന്റെ സെഞ്ചറികളുടെ എണ്ണം 11 ആയി.101 പന്തുകളിൽ 106 റൺസെടുത്ത് താരം പുറത്തായി. നവ്ദീപ് സെയ്നിയുടെ പന്തിൽ നിതീഷ് കുമാർ റെഡ്ഡി ക്യാച്ചെടുത്താണു സഞ്ജുവിനെ പുറത്താക്കിയത്. 83 പന്തിൽ 89 റൺസെന്ന നിലയിൽ വെള്ളിയാഴ്ച ബാറ്റിങ് തുടങ്ങിയ താരം 11 പന്തുകളിൽനിന്ന് സെഞ്ചറിയിലേക്കെത്തുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ മത്സരം 87.3 ഓവറിൽ 349 റണ്‍സെടുത്ത് ഇന്ത്യ ഡി പുറത്തായി.

സരൻഷ് ജെയിൻ (59 പന്തിൽ 26), സൗരഭ് കുമാര്‍ (26 പന്തിൽ 13), ആകാശ് സെൻഗുപ്ത (പൂജ്യം), അർഷ്ദീപ് സിങ് (14 പന്തിൽ 11) എന്നിവരും വെള്ളിയാഴ്ച പുറത്തായ ഇന്ത്യ ഡി താരങ്ങളാണ്. ഇന്ത്യ ഡി ക്യാപ്റ്റൻ ശ്രേയസ് അയ്യർ പൂജ്യത്തിനു പുറത്തായി. റിക്കി ഭുയി (87 പന്തിൽ 56), കെ.എസ്. ഭരത് (105 പന്തിൽ 52), ദേവ്ദത്ത് പടിക്കൽ (95 പന്തിൽ 50) എന്നിവർ ആദ്യ ദിനം അർധ സെഞ്ചറി നേടിയിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബി, ഇന്ത്യ ഡിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഇന്ത്യ ബിക്കു വേണ്ടി നവ്ദീപ് സെയ്നി അഞ്ചു വിക്കറ്റുകളും രാഹുൽ ചാഹർ മൂന്നു വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യ എയ്ക്കെതിരായ ആദ്യ മത്സരത്തിൽ സഞ്ജുവിന് ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സിൽ അഞ്ച് റൺസ് മാത്രമെടുത്ത മലയാളി താരം, രണ്ടാം ഇന്നിങ്സിൽ 45 പന്തിൽ 40 റൺസെടുത്തിരുന്നു. ഈ കളിയിൽ ഇന്ത്യ എ 186 റൺസ് വിജയം നേടിയിരുന്നു.



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user