Saturday 14 September 2024

ഉത്രാടപ്പാച്ചിലില്‍ മലയാളികള്‍, സമൃദ്ധിയുടെ പൊന്നിന്‍ തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി കേരളം

SHARE


ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായി വീണ്ടുമൊരു പൊന്നോണം. പൂവിളികളുമായി ഓണത്തെ വരവേല്‍ക്കാന്‍ വേണ്ടതെല്ലാം ഒരുക്കുന്ന അവസാനവട്ട തിരക്കിലാണ് മലയാളികള്‍. ഓണഘോഷത്തിന്‍റെ ഒന്‍പതാംനാളായ ഉത്രാടദിനത്തില്‍ ഉപ്പേരിവറുക്കലും അച്ചാറുണ്ടാക്കലും മറ്റുമായി തകൃതിയിലാണ് കേരളത്തിലെ വീടുകള്‍.
അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളില്‍ 21 -ാ മത്തെ നക്ഷത്രമാണ് ഉത്രാടം. എല്ലാ മാസത്തിലും ഈ നക്ഷത്രങ്ങളൊക്കെ കടന്നു വരുന്നുണ്ടെങ്കിലും ചിങ്ങത്തിലെ ഉത്രാടം മുതല്‍ ഉത്രട്ടാതി വരെയുള്ള ദിവസങ്ങള്‍ മലയാളികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്.
മലയാളികള്‍ ഒരാണ്ടു മുഴുവന്‍ കാത്തിരിക്കുന്ന പൊന്നിന്‍ ചിങ്ങത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങുന്നതിനു മുമ്പ് കള്ളക്കര്‍ക്കടകത്തെക്കുറിച്ച് പറയണം. വറുതിയുടെ മാസമാണ് കര്‍ക്കടകം. നിലയ്ക്കാത്ത മഴ, ചോര്‍ന്നൊലിക്കുന്ന വീട്, ഈര്‍പ്പം കയറിയ തറയും പുക പൊങ്ങാത്ത അടുപ്പും... കൃഷിപ്പണികള്‍ ഒന്നുമില്ല. ചിങ്ങത്തില്‍ കൊയ്‌തെടുക്കേണ്ട നെല്ല് കതിരു വഴങ്ങിയിരിക്കും. അതാണ് കതിരുകണ്ട പഞ്ഞം.
ഓണത്തെ വരവേല്‍ക്കാന്‍ കര്‍ക്കടകത്തില്‍ പഞ്ഞം കളയും. ഒരു മുറത്തിനകത്ത് ചൂലും മറ്റു പഴകിയ അടുക്കള സാധനങ്ങളുമെടുത്ത് രാത്രിയില്‍ വയല്‍ വരമ്പില്‍ കൊണ്ടുപോയി കളയും. അതാണ് പഞ്ഞം കളയല്‍. ''പഞ്ഞവും പഴന്തുണിയും പുറത്തേ പോ, നെല്ലും പണവും അകത്തേ വാ' എന്ന് ചൊല്ലിക്കൊണ്ടാണ് പഞ്ഞം വയല്‍ വരമ്പില്‍ കൊണ്ടു വയ്ക്കുന്നത്. കര്‍ക്കടകത്തിലെ ഒന്നുമില്ലായ്‌മയാണ് ഓണത്തെ മാധുര്യമുള്ളതാക്കുന്നത്. ഇങ്ങനെയുള്ള മിഥുനം, കര്‍ക്കടക മാസങ്ങള്‍ അന്നത്തെ ഭൂരിഭാഗം വീടുകളുടേയും പൊതുസ്വഭാവമായിരുന്നു.
ഇനിയാണ് ഉത്രാടം. ഒന്നാം ഓണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദിവസം. ജന്‍മി-കുടിയാന്‍ വ്യവസ്ഥിതി ശക്തമായിരുന്ന കാലത്ത് തറവാടുകളിലേക്ക് കാഴ്ചക്കുലകള്‍ അടക്കമുള്ള വിഭവങ്ങളുമായി കര്‍ഷക തൊഴിലാളികളും മറ്റു ജോലിക്കാരും എത്തും. ഓണത്തിന് ആവശ്യമുള്ള വിഭവങ്ങള്‍ തറവാട്ടു കാരണവര്‍ അവര്‍ക്കു നല്‍കും.
ഉത്രാടപ്പാച്ചില്‍ ഓണവുമായി ബന്ധപ്പെട്ട ഒരു ശൈലി തന്നെയാണ്. ഉത്രാട ദിവസത്തെ തിരക്ക്. ജോലിത്തിരക്കും ഓണ വിഭവങ്ങള്‍ തയ്യാറാക്കാനുമുള്ള തിരക്കാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അരി മുതല്‍ എല്ലാം സംഘടിപ്പിക്കണം. കുഞ്ഞുങ്ങള്‍ക്ക് തുണി എടുക്കണം. മുതിര്‍ന്നവര്‍ക്ക് അപൂര്‍വ്വമായിട്ടായിരിക്കും വസ്‌ത്രം വാങ്ങുന്നത്. കാരണം, അതിനുള്ള പണം പഴയ തലമുറയില്‍പ്പെട്ട പലരുടേയും കുടുംബത്തില്‍ ഉണ്ടാകുമായിരുന്നില്ല.
മരച്ചീനിയും വാഴക്കയും വറുക്കുന്ന ദിനമാണ് ഉത്രാടം. ഏത്തയ്ക്ക അക്കാലത്ത് വിലകൂടിയ വിഭവമായിരുന്നു. ഓണത്തിനുവേണ്ടിയും പിടിയരിച്ചിട്ടി, ഓണച്ചിട്ടി എന്നൊക്കെ പേരിലുള്ള സമ്പാദ്യം ഉണ്ടായിരുന്നു. അതെല്ലാം അമ്മമാരുടെ ഓണത്തിനു വേണ്ടിയുള്ള കരുതലുകളാണ്. ഉത്രാടപ്പകല്‍ ഓടി നടന്നു പല സാധനങ്ങളും സംഘടിപ്പിച്ചു വയ്ക്കും. ഉത്രാട രാത്രി മുഴുവന്‍ ഉപ്പേരിയും അച്ചാറുമടക്കം ഓണസദ്യയ്ക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതിന്‍റെ തിരക്കില്‍ ശബ്‌ദമുഖരിതമായിരിക്കും ഓരോവീടിന്‍റെയും അടുക്കള.
ചീനി പൊളിക്കുക, വാഴയ്ക്ക പൊളിക്കുക ഇവ പലപ്പോഴും വീട്ടിലെ കുട്ടികളുടെ ജോലിയാണ്. അന്ന് എല്ലാ അടുക്കളയിലും ഉണ്ടായിരുന്നതും ഇന്ന് അപൂര്‍വ്വവുമായ ഒരിനമാണ് കളിയടയ്ക്ക. അരിമാവ് കുഴച്ച് ജീരകം അരച്ച് ചേര്‍ത്ത് ഉരുട്ടിയെടുത്ത് തിളച്ച എണ്ണയിലേക്ക് ഇടുമ്പോള്‍ പൊട്ടിത്തെറിക്കുന്നതും ചൂട് എണ്ണത്തുള്ളികള്‍ മുഖത്ത് പറ്റുന്നതും ഉത്രാടത്തിന്‍റെ ഓര്‍മ്മയില്‍ തെളിയുന്ന ചിത്രമാണ്.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user