ദില്ലി : ജമ്മുകശ്മീർ അടക്കം അതിർത്തി സംസ്ഥാനങ്ങളിൽ പാകിസ്ഥാന്റെ രൂക്ഷമായ ആക്രമണങ്ങൾ നടക്കുന്നതിനിടെ എട്ട് പാക് നഗരങ്ങളിലേക്ക് തിരിച്ചടിച്ച് ഇന്ത്യ. ഇസ്ലാമാബാദിലേക്ക് അടക്കം ഡ്രോൺ ആക്രമണം നടത്തിയെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. ഇസ്ലാമാബാദ്, റാവൽപിണ്ടി, സിയാൽകോട്ട്, ലഹോർ, പെഷ്‍വാർ, ഗുജ്‍രൺ വാല, അട്ടോക്ക് അടക്കമുള്ള നഗരങ്ങളിൽ ഇന്ത്യ പ്രത്യാക്രമണം നടത്തി. പാക് പോർ വിമാനം തകർത്തു തുടങ്ങിയ വിവരങ്ങളും പുറത്ത് വരുന്നുണ്ട്. 3 പാകിസ്ഥാൻ വ്യോമത്താവളങ്ങൾ ഇന്ത്യ ആക്രമിച്ചുവെന്ന് പാകിസ്ഥാൻ ആരോപിച്ചു. എന്നാൽ ഈ വിവരങ്ങൾ ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല
തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള വ്യോമതാവളത്തിൽ അടക്കം ശനിയാഴ്ച പുലർച്ചെ ശക്തമായ സ്ഫോടനങ്ങളുണ്ടായി. ഇസ്ലാമാബാദിൽ നിന്ന് 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയുള്ളതും രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേർന്നുള്ളതുമായ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം ഉൾപ്പെടെ മൂന്ന് വ്യോമസേനാ താവളങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നതെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചു.
അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല യോഗം വിളിച്ചു. പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി മോദി കൂടിക്കാഴ്ച നടത്തി. സേന മേധാവിമാരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. വിദേശ കാര്യ മന്ത്രിയും പ്രതിരോധമന്ത്രിയും രാവിലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചെങ്കിലും മാറ്റി വെക്കുകയായിരുന്നു.
തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയ്ക്ക് എതിരെ പ്രകോപനം തുടരുകയാണ് പാകിസ്ഥാൻ.നിയന്ത്രണരേഖയിലെ ഷെല്ലിങിൽ തുടങ്ങിയ ആക്രമണം ബാരാമുള്ള മുതൽ ഭുജ് വരെയുള്ള 26 സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു. ഫിറോസ്‌പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക