ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സുപ്രീംകോടതി നിർദേശങ്ങൾ കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഡാമിൻ്റെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതാണ് കോടതി പരിഗണിച്ചത്. പുതിയ ഡാം എന്ന ആശയത്തിൽ കേരളം ഇപ്പോഴും ഉറച്ച് നിൽക്കുന്നെന്നും
തമിഴ്നാടിന് ആവശ്യമായ ജലവും ഉറപ്പാക്കുമെന്നും റോഷി അഗസ്റ്റിൻ പ്രതികരിച്ചു. മരം മുറി കാര്യത്തിൽ അന്തിമ അനുമതി നൽകേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്. കേരളത്തിൻ്റെ നിർദ്ദേശങ്ങൾ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപണി നടത്താനുള്ള മേൽനോട്ട സമിതി നിർദേശം നടപ്പാക്കാനാണ് കേരളത്തിനും തമിഴ്നാടിനും സുപ്രീംകോടതി നിർദേശം നല്‍കിയിരിക്കുന്നത്. ഡാമിന്റെ വികസനത്തിന് മരംമുറിക്കാനുള്ള നടപടികൾ തുടങ്ങാൻ കേരളത്തോടും കേന്ദ്രത്തോടും കോടതി ഉത്തരവിട്ടു. മേൽനോട്ട സമിതി പ്രശ്നപരിഹാരം വൈകിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോടതി രൂക്ഷ വിമർശനം ഉയർത്തി. രാഷ്ട്രീയ തർക്കങ്ങൾ ഉന്നയിക്കേണ്ടെന്ന കർശന താക്കീതും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് നൽകി.
മുല്ലപ്പെരിയാർ ഡാമിലെ അറ്റകുറ്റപണിക്കടക്കം മരം മുറിക്കാനുള്ള അപേക്ഷ നേരത്തെ തമിഴ്നാട് കേരളത്തിന് നൽകിയിരുന്നു. ഇതിന് കേരളം ആദ്യം അനുവാദം നൽകുകയും, പിന്നീട് ഉത്തരവ് റദ്ദാക്കുകയും ചെയ്തത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. തമിഴ്നാട് നൽകിയ ഹർജി പിന്നീട് പരിഗണിച്ച സുപ്രീംകോടതി മൂന്നംഗ ബെഞ്ച് രണ്ട് സംസ്ഥാനങ്ങളുടെയും നിലപാട് കേട്ട് തീരുമാനമെടുക്കാൻ മേൽനോട്ട സമിതിക്ക് നിർദേശം നൽകിയിരുന്നു. ഇന്ന് വീണ്ടും കേസ് പരിഗണിച്ച സുപ്രീം കോടതി മേൽനോട്ട സമിതിക്ക് തർക്കം പരിഹരിക്കാൻ കഴിയാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. അറ്റകുറ്റപണി നടത്താൻ തമിഴ്നാടിന് നിർദേശം നൽകിയ കോടതി കേരളം ഇതുമായി സഹകരിക്കണം എന്ന് നിർദേശിച്ചു. അറ്റകുറ്റപണി നടക്കുമ്പോൾ കേരളത്തിന്റെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെയും സാന്നിധ്യമുണ്ടാകണം. മരം മുറിക്കാനുള്ള തമിഴ്നാടിന്റെ അപേക്ഷ രണ്ടാഴ്ചയ്ക്കുള്ളിൽ കേരളം കേന്ദ്രത്തിന് നൽകണം. കേന്ദ്രം അപേക്ഷ കിട്ടി മൂന്നാഴ്ചയ്ക്കുള്ളിൽ അനുമതി നൽകാനും കോടതി ഉത്തരവിട്ടു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക