ചേർത്തല: രണ്ടര വയസിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴേക്കു തളർന്ന നാല്പതുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി. ആലുവ മേത്തശേരി പുഷ്കരൻ-ലളിത ദമ്പതികളുടെ മകൻ രതീഷാണ് ആലപ്പുഴ ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം വൈക്കം ബീച്ചിലേക്ക് ഏഴു കിലോമീറ്റർ നീന്തി ചരിത്രം കുറിച്ചത്. ഞായറാഴ്ച രാവിലെ 7.31ന് അർജുന അവാർഡ് ജേതാവ് ക്യാപ്റ്റൻ സജി തോമസ് ഫ്ലാഗ് ഓഫ് ചെയ്ത നീന്തൽ 9.31 നാണ് അവസാനിച്ചത്. വൈക്കം കായലോര ബീച്ചിലേക്ക് നീന്തിക്കയറിയ രതീഷിനെ വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വാർഡ് കൗൺസിലർ ബിന്ദു ഷാജി എന്നിവർ ചേർന്ന് സ്വീകരിച്ചു. ശാരീരിക പരിമിതികളെ മനക്കരുത്തുകൊണ്ട് പരാജയപ്പെടുത്തിയ രതീഷിനെ പരിശീലകൻ സജി വാളശേരി, മാതാവ് ലളിത, മകൻ ഇഷാൻ, രതീഷിന്റെ സുഹൃത്തുക്കൾ തുടങ്ങിയവർ അഭിനന്ദിച്ചു. വൈക്കം നഗരസഭാ അധികൃതർ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, രതീഷിന്റെ സുഹൃത്തുക്കൾ, വാളശേരി റിവർ സ്വിമ്മിംഗ് ക്ലബ് അംഗങ്ങൾ എന്നിവർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. നീന്തൽ പരിശീലകൻ സജി വാളശേരിയെ നഗരസഭ വൈസ്ചെയർമാൻ പി.ടി. സുഭാഷ് പൊന്നാട അണിയിച്ചു. നീന്തുന്നതിന് ശാരീരിക പരിമിതികൾ തടസമായില്ലെന്നും ഏറെ സന്തോഷത്തോടെയാണ് കായൽ നീന്തിയതെന്നും രതീഷ് പറഞ്ഞു. 15000 ലധികം പേരെ സൗജന്യമായി നീന്തൽ അഭ്യസിപ്പിച്ചിട്ടുണ്ടെങ്കിലും രതീഷിന്റെ വിജയം തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി പരിശീലകൻ സജി വാളാശേരി പറഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക