നിങ്ങൾ മാസങ്ങൾക്ക് മുൻപ് യാത്രകൾ ആസൂത്രണം ചെയ്യുന്ന ആളാണെങ്കിലും അല്ലെങ്കിൽ കുറച്ച് വസ്ത്രങ്ങൾ ബാഗിലിട്ട് പെട്ടെന്ന് ഇറങ്ങി പുറപ്പെടുന്ന ആളാണെങ്കിലും ഒരു കാര്യം നിങ്ങളുടെ യാത്രയുടെ മൊത്തത്തിലുള്ള അനുഭവത്തെ മാറ്റിയേക്കാം. നിങ്ങളുടെ ഹോട്ടൽ. യാത്രാ പദ്ധതി വളരെ മികച്ചതായിരിക്കാമെങ്കിലും താമസിക്കുന്ന ഹോട്ടൽ മോശമായാൽ അത് എല്ലാ കാര്യങ്ങളേയും ബാധിക്കും.
ഏറ്റവും തിരക്കുള്ള യാത്രാ സീസണുകളിൽ ഹോട്ടൽ മുറികൾ വളരെ വേഗത്തിൽ അപ്രത്യക്ഷമാകും. അതുകൊണ്ടാണ് മിക്ക ആളുകളും വളരെ മുൻകൂട്ടി ഓൺലൈനായി മുറികൾ ബുക്ക് ചെയ്യുന്നത്. എന്നാൽ അപ്പോഴും കാര്യങ്ങൾ പിഴയ്ക്കാം. ചിത്രങ്ങളിൽ കാണുന്നതുപോലെയല്ലാത്ത മുറികൾ, അപ്രതീക്ഷിത നിരക്കുകൾ, സൗകര്യമില്ലാത്ത സ്ഥലങ്ങൾ എന്നിവയെല്ലാം കടന്നുവരാം. അതിനാൽ, നിങ്ങളുടെ യാത്രയെ ഒരു 'ദുരന്തത്തിൽ'നിന്ന് രക്ഷിക്കാൻ സഹായിക്കുന്ന ആറ് ഹോട്ടൽ ബുക്കിങ്ങ് ടിപ്പുകൾ ഇതാ.
1. ശരിയായ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് തിരഞ്ഞെടുക്കുക
ഹോട്ടൽ ബുക്കിങ്ങ് സൈറ്റുകൾ ധാരാളമുണ്ട്. എന്നാൽ എല്ലാം വിശ്വസനീയമല്ല. വ്യക്തമായ നിബന്ധനകൾ, പരിശോധിച്ചുറപ്പിച്ച റിവ്യൂകൾ എന്നിവ കാണിക്കുന്ന പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കുക. വിശ്വസിക്കാൻ കഴിയാത്ത ഓഫറുകൾ നൽകുന്ന മോശം തേർഡ് പാർട്ടി ആപ്പ് നിങ്ങൾക്ക് തലവേദനയായേക്കാം. ബുക്ക് ചെയ്യുന്നതിന് മുൻപ് എപ്പോഴും യൂസർ റേറ്റിങ്ങുകൾ, പേയ്‌മെൻ്റ് സെക്യൂരിറ്റി, ക്യാൻസലേഷൻ പോളിസികൾ എന്നിവ പരിശോധിക്കുക.
2. ഹോട്ടലിലേക്ക് നേരിട്ട് വിളിക്കുക
പലപ്പോഴും, ചിത്രങ്ങളിൽ കാണിക്കുന്ന ഹോട്ടൽ മുറിയോ മറ്റ് സൗകര്യങ്ങളോ അതുതന്നെയായിരിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. അതിനാൽ, ബുക്കിങ് സൈറ്റിൽ നൽകിയിരിക്കുന്ന നമ്പർ ഉപയോഗിച്ച് ഹോട്ടലിലേക്ക് ഫോൺ കോൾ ചെയ്യുക. നിങ്ങളുടെ ബുക്കിങ് ലഭിച്ചിട്ടുണ്ടോ എന്ന് അവരോട് ചോദിക്കുക. മുറിയുടെ വിശദാംശങ്ങൾ പരിശോധിച്ച് സൗകര്യങ്ങൾ സ്ഥിരീകരിക്കുക. ഇതിന് അഞ്ച് മിനിറ്റ് മാത്രമേ എടുക്കൂ. എന്നാൽ ചെക്ക്-ഇൻ സമയത്ത് ഉണ്ടാകാൻ സാധ്യതയുള്ള വലിയ പ്രശ്നങ്ങളിൽനിന്ന് ഈ ഫോൺ കോൾ നിങ്ങളെ രക്ഷിക്കും.
3. സ്ഥലം
റെസ്റ്റോറന്റുകൾ, ഇവന്റുകൾ, നിശ്ചിത പ്രദേശത്തെ പ്രധാന ആകർഷകങ്ങൾ എന്നിവയുള്ള സ്ഥലങ്ങൾക്ക് സമീപമുള്ള ഒരു ഹോട്ടൽ തിരഞ്ഞെടുക്കുക. മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ അല്ലെങ്കിൽ ടാക്സി സ്റ്റാൻഡുകൾ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ സമീപമാണെങ്കിൽ അത് ഒരു ബോണസാണ്. ഇത് സമയവും പണവും ലാഭിക്കുന്നു. ഈ സൗകര്യങ്ങളൊന്നും ഇല്ലാത്ത ഒരു ഹോട്ടലിന്റെ വാടക കുറഞ്ഞതായിരിക്കാം. എന്നാൽ യാത്രയ്ക്കുള്ള ചെലവും മറ്റു ബുദ്ധിമുട്ടുകളും നിങ്ങളെ ബാധിച്ചേക്കാം.
4. താരതമ്യം ചെയ്യുന്നത് തുടരുക
തികച്ചും അനുയോജ്യമായ ഒരു ഹോട്ടൽ കണ്ടെത്തിയോ? ഇത് കൊള്ളാമെന്ന് തോന്നിയെങ്കിൽ ഒരു നിമിഷം കാത്തിരിക്കൂ. സമാന വാടകയുള്ള, കുറഞ്ഞത് രണ്ട് ഹോട്ടലുകളുമായി അതിനെ താരതമ്യം ചെയ്യുക. സൗകര്യങ്ങൾ, സ്ഥലം, മുറിയുടെ വലുപ്പം, റിവ്യൂകൾ എന്നിവ നോക്കുക. നിങ്ങളുടെ ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുസരിച്ചുള്ള ഹോട്ടൽ കണ്ടെത്താൻ ഇരു ഹോട്ടലുകളുടെ സ്ഥലവും സൗകര്യങ്ങളും താരതമ്യം ചെയ്യുക.
5. സൗകര്യങ്ങൾ വീണ്ടും വീണ്ടും പരിശോധിക്കുക
എന്തിനാണ് നിങ്ങൾ പണം നൽകുന്നത്? നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത ഒരു നീന്തൽക്കുളത്തിനോ? അധിക പണം നൽകേണ്ട ഒരു പ്രഭാതഭക്ഷണത്തിനോ? കോംപ്ലിമെന്ററി ബ്രേക്ക്ഫാസ്റ്റ്, എയർപോർട്ട് ട്രാൻസ്ഫറുകൾ, വൈഫൈ, സ്പാ പ്രവേശനം എന്നിങ്ങനെ ചില ഹോട്ടലുകൾ ധാരാളം കാര്യങ്ങൾ സൗജന്യമായി നൽകുന്നു. മറ്റുള്ളവ എല്ലാത്തിനും പ്രത്യേകം പണം ഈടാക്കുന്നു. ഈ കാര്യങ്ങളെല്ലാം മുൻകൂട്ടി അറിയുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ യാത്രയ്ക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നു. സത്യം പറഞ്ഞാൽ, നിങ്ങളുടെ ബഡ്ജറ്റിനും.
6. ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയം ശ്രദ്ധിക്കുക
ചെറിയ കാര്യങ്ങളിലാണ് എപ്പോഴും പ്രശ്നം ഉണ്ടാകാറ്. ഹോട്ടലിന്റെ ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയങ്ങളെക്കുറിച്ചുള്ള നയം പരിശോധിക്കുക. നേരത്തെ ചെക്ക്-ഇൻ ചെയ്യുന്നതിനോ അല്ലെങ്കിൽ ഒരു മണിക്കൂർ വൈകി ഇറങ്ങുന്നതിനോ അവർ നിങ്ങളിൽനിന്ന് പണം ഈടാക്കുമോ എന്ന് നോക്കുക. പലപ്പോഴും, ഈ കാര്യങ്ങളെല്ലാം ഹോട്ടൽ വെബ്സൈറ്റിൽ ഉണ്ടായിരിക്കില്ല.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക