Wednesday, 2 July 2025

ഇസ്രയേൽ താൽക്കാലിക വെടിനിർത്തലിന് തയ്യാറെന്ന് ട്രംപ്; ഹമാസ് നിലപാട് വ്യക്തമല്ല

SHARE


ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അറുപത് ദിവസത്തേയ്ക്കുള്ള വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്മതിച്ചുവെന്നാണ് ട്രൂത്ത് സേഷ്യലിലൂടെ അമേരിക്കൻ പ്രസി‍ഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്. അത്യാവശ്യമായ ധാരണകൾക്ക് ഇസ്രയേൽ സമ്മതിച്ചുവെന്നാണ് ട്രംപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.താൽക്കാലിക വെടിനിർത്തലിന് ഹമാസ് സമ്മതിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെയ്ക്കുന്നുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച വാഷിം​ഗ്ടണിൽ നടക്കാനിരിക്കെയാണ് ​ഗാസയിലെ വെടിനിർത്തൽ നീക്കങ്ങൾ ത്വരിതപ്പെട്ടിരിക്കുന്നത്.

അറുപത് ദിവസത്തെ വെടിനിർത്തൽ കരാറിനിടെ യുദ്ധത്തിൽ പങ്കാളികളായവരുമായി ശ്വാശ്വതമായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈജിപ്തും ഖത്തറും സമാധാനം കൈവരിക്കുന്നതിനായി ഏറെ പ്രയത്നിച്ചെന്നും ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിൻ്റെ അന്തിമധാരണ തയ്യാറാക്കുമെന്നും ട്രംപ് ട്രൂത്ത് സേഷ്യലിലൂടെ വ്യക്തമാക്കുന്നു. മധ്യപൂർവ്വേഷ്യയുടെ നല്ലതിനായി ഈ കരാറിനോട് ഹമാസ് അനുകൂലമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞിട്ടുണ്ട്.

അമേരിക്കയുടെ പിന്തുണയുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാറിലെ നിർദ്ദേശങ്ങൾ ഖത്തറിൻ്റെ ഉദ്യോ​ഗസ്ഥർ ഹമാസിനും ഇസ്രയേലിനും നൽകിയതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിൻ്റെ തന്ത്രപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രി റോൺ ഡെർമർ വാഷിംഗ്ടൺ സന്ദർശിച്ച അതേ ദിവസം തന്നെയായിരുന്നു ഖത്തർ ധാരണകൾ കൈമാറിയതെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഉദ്യോ​ഗസ്ഥരുമായുള്ള ചർച്ചകൾക്കായാണ് റോൺ ഡെർമർ വാഷിംഗ്ടണിലെത്തിയത്. നേരത്തെ ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കുന്നതിനായും ഇടപെടൽ നടത്തിയത് ഖത്തറായിരുന്നു. നേരത്തെ വെടിനിർത്തലിനായി അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഹമാസ് തള്ളിക്കളഞ്ഞിരുന്നു.

 



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user