Friday, 18 July 2025

ശബ്ദവേഗത്തെ തോൽപ്പിച്ച സ്കൈഡൈവർ അപകടത്തിൽ മരിച്ചു..

SHARE

 
വിയന്ന: സാഹസിക വിനോദമായ സ്കൈ ഡൈവിംഗ് മേഖലയിൽ നിരവധി റെക്കോർഡുകൾ നേടിയ ഓസ്ട്രിയൻ സ്വദേശിക്ക് ദാരുണാന്ത്യം. ഫിയ‍ർലെസ് ഫെലിക്സ് എന്ന പേരിൽ സുപ്രസിദ്ധനായ ഫെലിക്സ് ബൗംഗാർട്നർ എന്ന പാരാജംപറാണ് വ്യാഴാഴ്ച ഇറ്റലിയിൽ വച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. മോട്ടോറൈസ്ഡ് പാരാഗ്ലൈഡറിന്റെ നിയന്ത്രണം നഷ്ടമായതോടെ 56കാരനായ ഫെലിക്സ് ബൗംഗാർട്നർ പോർട്ടോ സാൻറ് എൽപിഡിയോ നഗരത്തിലെ ഒരു ഹോട്ടലിന്റെ നീന്തൽക്കുളത്തിനടുത്ത് ഇടിച്ച് വീഴുകയായിരുന്നു. അപകടം സംഭവിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല.

2012ൽ ഭൂമിയിൽ നിന്ന് 38 കിലോമീറ്റർ ഉയരത്തിൽ നിന്ന് നടത്തിയ സ്കൈ ഡൈവിലൂടെയാണ് ഫെലിക്സ് ബൗംഗാർട്നർ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. സ്കൈ ഡൈവിംഗിനിടെ ഫെലിക്സ് ബൗംഗാർട്നറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായോയെന്ന സംശയമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏത് രീതിയിലുള്ള സാഹസികതയ്ക്കും ഒരുങ്ങിയ ധൈര്യത്തിന്റെ പര്യായം എന്നാണ് എൽപിഡോ നഗരത്തിന്റെ മേയർ മാസിമിലാനോ സിയർപെല്ലാ ഫെലിക്സ് ബൗംഗാർട്നറിനെ വിശേഷിപ്പിക്കുന്നത്.

ഫിയർലെസ് ഫെലിക്സ് എന്നറിയപ്പെട്ടിരുന്ന ബൗംഗാർട്നർ, 2012 ഒക്ടോബറിൽ പ്രത്യേകമായി നിർമ്മിച്ച സ്യൂട്ട് ധരിച്ച് ഭൂമിയിൽ നിന്ന് 38 കിലോമീറ്റർ ഉയരത്തിൽ നിന്ന് ബലൂണിൽ നിന്ന് കുതിച്ച്, ശബ്ദത്തിന്റെ വേഗത മറികടന്ന ആദ്യ സ്‌കൈഡൈവറായി ലോകശ്രദ്ധ നേടിയിരുന്നു. സാധാരണയായി മണിക്കൂറിൽ 1,110 കിലോമീറ്റർ ആണ് ശബ്ദവേഗം. ന്യൂമെക്സിക്കോയിൽ വച്ചായിരുന്നു ഈ റെക്കോർഡ് ആകാശച്ചാട്ടം.

മുൻ ഓസ്ട്രിയൻ സൈനികനായ ഫെലിക്സ് ബൗംഗാർട്നർ ആയിരക്കണക്കിന് ആകാശച്ചാട്ടങ്ങളാണ് നടത്തിയിട്ടുള്ളത്. വിമാനങ്ങളിൽ നിന്നും വമ്പൻ പാലങ്ങളിൽ നിന്നും ബ്രസീലിലെ ക്രൈസ്റ്റ് റെ‍ഡീമർ അടക്കമുള്ള ലോകത്തിലെ സുപ്രധാനമായ പല നിർമ്മിതികൾക്ക് മുകളിൽ നിന്നും ഫെലിക്സ് ബൗംഗാർട്നർ ആകാശച്ചാട്ടങ്ങൾ നടത്തിയിരുന്നു. കൗമാരക്കാരനായി സ്കൈ ഡൈവിംഗ് രംഗത്തേക്ക് എത്തിയ ഫെലിക്സ് ബൗംഗാർട്നർ ആകാശത്തിന്റെ ദൈവമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ  നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user