രാജ്യത്തെ ഞെട്ടിച്ച് ഡൽഹി സ്ഫോടനം; 9 മരണം, 25 പേർ ചികിത്സയിൽ, എങ്ങും ജാഗ്രതാ നിർദേശം
ചെങ്കോട്ടയിൽ നിർത്തിയിട്ടിരുന്ന കാറിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം
ന്യൂഡൽഹി:രാജ്യത്തെ ഞെട്ടിച്ച് ഡൽഹിയിൽ വൻ സ്ഫോടനം. അതീവ സുരക്ഷ മേഖലയായ ചെങ്കോട്ടയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഇതുവരെ 9 മരണം സ്ഥിരീകരിച്ചു. 25 പേർ ഗുരുതരാവാസ്ഥയിൽ ചികിത്സയിലാണ്.
മരിച്ചവരിൽ ഒരാളെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. കൊല്ലപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സ്ഫോടനം ഉണ്ടായത്. ചെങ്കോട്ട ലാല്‍കില മെട്രോ സ്റ്റേഷൻറെ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. ഇതിനുപിന്നാലെ ആറോളം വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. ഓട്ടോ റിക്ഷ, കാർ എന്നിവ അടക്കമുള്ള വാഹനങ്ങൾക്കാണ് തീപിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
വലിയൊരു സ്‌ഫോടനം ഉണ്ടായെന്നും തുടർന്ന് മൂന്ന് മുതൽ നാല് വരെ വാഹനങ്ങൾക്ക് തീപിടിച്ചെന്നുമാണ് പോലീസ് നൽകുന്ന വിവരം. രണ്ടരകിലോമീറ്ററോളം സ്ഫോടനത്തിൻറെ ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഡല്‍ഹിയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ചെങ്കോട്ട. ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ സമീപത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. സ്ഫോടനം ഉണ്ടായ സ്ഥലത്തെ ഗതാഗതം പൂർണമായി നിരോധിച്ചു. എന്നാൽ ഡൽഹി മെട്രോ സർവ്വീസുകൾ തുടരുന്നുണ്ട്.
സ്ഫോടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. സ്ഫോടനത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രി അമിത് ഷാ മാധ്യമങ്ങളെ അറിയിച്ചു. പരിക്കേറ്റ് എല്‍എന്‍ജെപി ആശുപത്രിയില്‍ കഴിയുന്നവരെ അമിത് ഷാ സന്ദർശിച്ചു. ചെങ്കോട്ടയ്ക്കു സമീപമുള്ള ലാല്‍കില മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ഓടിക്കൊണ്ടിരിക്കുന്ന ഐ20 കാറിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് അമിത് ഷാ പറഞ്ഞു.സ്ഫോടനം ഉണ്ടായി പത്തുമിനിറ്റിനുള്ളില്‍ തന്നെ എല്ലാ അന്വേഷണം ഏജന്‍സികളും സ്ഥലത്തെത്തിയതായും അമിത് ഷാ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ആഭ്യന്തരമന്ത്രി പറഞ്ഞു. സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. മുംബൈ, കൊൽക്കത്ത, ചെന്നൈ അടക്കമുള്ള പ്രധാന നഗരങ്ങളിൽ പോലീസ് പട്രോളിംങ് ശക്തമാക്കി. രാജ്യത്തെ എല്ലാ നഗരങ്ങളിലെയും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷൻ എന്നിവടങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. കേരളത്തിലും പരിശോധന ശക്തമാക്കിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഫരീദാബാദിൽ നടന്ന ഓപ്പറേഷനിൽ ജമ്മു കശ്മീർ സ്വദേശിയായ ഡോക്ടറുടെ പക്കൽനിന്നും 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ, ഒരു എകെ-47 റൈഫിൾ, ഒരു പിസ്റ്റൾ, മൂന്ന് മാഗസിനുകൾ, 20 ടൈമറുകൾ, ഒരു വാക്കി-ടോക്കി സെറ്റ്, വെടിമരുന്ന് എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. ധൗജ് ഗ്രാമത്തിലെ വാടക വീട്ടിൽ ജമ്മു കശ്മീർ പോലീസിലെ ഒരു സംഘം നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെടുത്തത്. ഡോക്ടറെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. ഒക്ടോബർ 27 ന് ശ്രീനഗറിൽ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ഒട്ടിച്ചതിന് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് കശ്മീർ സ്വദേശിയായ ആദിൽ അഹമ്മദ് റാത്തറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ റാത്തർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടന്നതെന്ന് ഫരീദാബാദ് പോലീസ് കമ്മീഷണർ സതേന്ദർ കുമാർ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കുന്നതിനിടയിലാണ് സ്ഫോടനം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.