Wednesday, 12 November 2025

ചെങ്കോട്ട സ്‌ഫോടനം: അല്‍ഫലാ സര്‍വകലാശാലയില്‍ വ്യാപക പരിശോധന; എഴുപത് ജീവനക്കാര്‍ ചോദ്യമുനയില്‍

SHARE
 

ഫരീദാബാദ്: ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രീകരിച്ചുള്ള അല്‍ഫലാ സര്‍വകലാശാലയില്‍ വ്യാപക പരിശോധന. ഡോക്ടര്‍മാരായ ഉമര്‍ നബി, മുസമ്മില്‍ അഹമ്മദ്, ഷഹീന്‍ ഷാഹിദ്, ഉമര്‍ മുഹമ്മദ് അടക്കമുള്ളവര്‍ ജോലി ചെയ്തിരുന്നത് ഇവിടെയായിരുന്നു. മൊസമ്മലിനെ അടക്കം ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അല്‍ഫലയില്‍ പരിശോധന എന്നാണ് വിവരം. സര്‍വകലാശാലയിലെ എഴുപതോളം ജീവനക്കാരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തുവരികയാണ്.

സ്‌ഫോടനം നടന്ന ഹ്യുണ്ടായി ഐ 20 കാര്‍ പതിനൊന്ന് ദിവസം അല്‍ഫലായില്‍ സൂക്ഷിച്ചിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. ഉമര്‍ നബി സ്‌ഫോടക വസ്തുക്കളുമായി പുറപ്പെട്ടത് ഇവിടെ നിന്നാണെന്നും അന്വേഷണ സംഘം പറയുന്നത്. അല്‍ഫലായിലെ തന്നെ നാല് ലാബ് ടെക്‌നീഷ്യന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ചെങ്കോട്ട ആക്രമണവുമായി ബന്ധമില്ലെന്നാണ് അല്‍ഫലാ അധികൃതര്‍ പറയുന്നത്. സര്‍വകലാശാലയില്‍ സ്‌ഫോടന വസ്തുക്കള്‍ സൂക്ഷിച്ചിട്ടില്ല. അസത്യവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അല്‍ഫല അധികൃതര്‍ പറയുന്നു. അല്‍ഫല വിവാദകേന്ദ്രമായ പശ്ചാത്തലത്തില്‍ വാര്‍ത്താകുറിപ്പിലൂടെയായിരുന്നു അധികൃതരുടെ വിശദീകരണം.

തിങ്കളാഴ്ച വൈകിട്ട് 6.52 ഓടെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം രാജ്യത്തെ നടുക്കിയ സ്‌ഫോടനം. തൊട്ടുപിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അരമണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. ആദ്യ ദിവസം എട്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച അഞ്ച് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഫരീദാബാദില്‍ വന്‍ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ചെങ്കോട്ട സ്‌ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നായിരുന്നു പൊലീസ് ആദ്യം അന്വേഷിച്ചത്. തുടര്‍ന്ന് പുറത്തുവന്ന വിവരങ്ങളെല്ലാം ഫരീദാബാദ് സംഭവവുമായി ബന്ധപ്പെട്ടതായിരുന്നു.

ഫരീദാബാദ് റെയ്ഡില്‍ അറസ്റ്റിലായ ഡോക്ടര്‍മാരുമായി ബന്ധമുള്ള ഡോ. ഉമറാണ് സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചതെന്നായിരുന്നു പൊലീസ് നല്‍കിയ വിവരം. ഇതനുസരിച്ചായിരുന്നു ദേശീയ മാധ്യമങ്ങള്‍ അടക്കം വാര്‍ത്ത നല്‍കിയത്. ഉമറിനൊപ്പം കാറില്‍ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു എന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. ഇത് പിന്നീട് തിരുത്തി. സ്‌ഫോടനം നടക്കുമ്പോള്‍ കാറില്‍ ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അത് ഉമറായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അങ്ങനെയെങ്കില്‍ ഉമര്‍ മരിച്ചിട്ടുണ്ടാകാമെന്നുള്ള സൂചനയും പൊലീസ് നല്‍കി. ഇതേ സമയം തന്നെ ജമ്മു കശ്മീര്‍ പൊലീസ് ഉമറിന്റെ പിതാവ്, മാതാവ്, സഹോദരങ്ങള്‍ അടക്കം ആറ് പേരെ കസ്റ്റഡിയില്‍ എടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു. ഉമറിന്റെ മാതാവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മരിച്ചത് ഉമര്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടന്നുവരികയാണ്. ഇതിനിടെയാണ് കേസ് എന്‍ഐഎയിലേക്ക് എത്തുന്നത്. കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പത്ത് പേരാണ് സംഘത്തിലുള്ളത്. കേരള കേഡര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ എന്‍ഐഎ എഡിജി വിജയ് സാക്കറെയാണ് സംഘത്തെ നയിക്കുക. ഐജി, രണ്ട് ഡിഐജി, മൂന്ന് എസ്പി, ഡിഎസ്പി ലെവല്‍ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.