Friday, 12 December 2025

അഹമ്മദാബാദ് വിമാന ദുരന്തം: ആറുമാസമായിട്ടും പല ചോദ്യങ്ങൾക്കും ഉത്തരമില്ല, അപകട കാരണം അറിയാൻ രാജ്യം

SHARE
 

ന്യൂഡൽഹി: എയര്‍ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഗുജറാത്തിലെ അഹമ്മദാബാദില്‍ തകര്‍ന്ന് വീണിട്ട് ആറ് മാസമായിട്ടും വ്യക്തമായ ഉത്തരം നൽകാതെ അന്വേഷണ ഉദ്യോഗസ്ഥർ. ദുരന്തം നടന്നിട്ട് ആറുമാസം പിന്നിടുമ്പോഴും ഇപ്പോഴും പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാതെ ദുരൂഹതകൾ ബാക്കിയാവുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും അപകടത്തിന്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അപകടം നടന്ന് ഒരു മാസം പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഒരു പ്രാഥമിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ജൂലൈ 12-ന് അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് വിമാനം പറന്നുയർന്ന ഉടനെ തന്നെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡ‍ുകൾ മാത്രമാണെന്നും പറന്നുയർന്ന് 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് എഎഐബി സമർപ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നെങ്കിലും അപകടത്തിൽ ഒരു അന്വേഷണവും ഇതുവരെ നടന്നില്ല.

അതേസമയം എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട് പ്രസിദ്ധീകരിച്ചയുടൻ തന്നെ ശക്തമായ വിമർശനം നേരിടേണ്ടി വന്നു. പൈലറ്റും സഹ പൈലറ്റും തമ്മിലുള്ള സംഭാഷണങ്ങൾ ഒരു തെളിവായി കാണനാവില്ലെന്നും പൈലറ്റ് അസോസിയേഷൻ വ്യക്തമാക്കി. വിമാനത്തിലോ അതിന്റെ എഞ്ചിനുകളിലോ യാതൊരു നിയന്ത്രണ നടപടികളും ആ ഘട്ടത്തിൽ എഎഐബി ശുപാർശ ചെയ്തിട്ടില്ലെന്നും പൈലറ്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

സാങ്കേതിക തകരാർ, അറ്റകുറ്റപ്പണി അല്ലെങ്കിൽ സർവീസിംഗ് തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യതയും വിമാനത്തിൽ ഇല്ലെന്നും പൈലറ്റ് അസോസിയേഷൻ പറഞ്ഞിരുന്നു. അപകടത്തില്‍ മരിച്ച പൈലറ്റ് സുമീത് സബര്‍വാളിൻ്റെ പിതാവ് പുഷ്‌കര്‍ രാജ് സബര്‍വാള്‍ അപകടത്തിൽ എസ്ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ഹര്‍ജി നൽകിയിരുന്നു. സ്വയം പ്രതിരോധിക്കാനാവാത്ത ജീവനക്കാര്‍ക്കെതിരെയാണ് അന്വേഷണം തിരിയുന്നത്. ഇത്തരം സംഭവങ്ങള്‍ ഭാവിയിലെ വിമാന യാത്രയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും നിഷ്പക്ഷ ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് പുഷ്‌കര്‍ രാജ് സബര്‍വാള്‍ ഹര്‍ജി നൽകിയിരുന്നത്.

വിമാനദുരന്തത്തിൽ ഇരകളുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് അഭിഭാഷക സാറാ സ്റ്റുവർട്ടും പൈലറ്റുമാർക്ക് ഈ അപകടത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി. ഈ അപകടത്തിന് കാരണം കമാൻഡ് ചെയ്യാതെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായത് ബോയിംഗ് സിസ്റ്റങ്ങളിലെ തകരാറായിരിക്കാമെന്ന് ബ്രിട്ടീഷ് അഭിഭാഷക സാറാ സ്റ്റുവർട്ട് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 10 ന് നടത്തിയ പ്രസംഗത്തിൽ എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിമാനത്തിൻ്റെ എഞ്ചിനുകളിൽ ഒരു തകരാറും ഇല്ലയെന്നും എയർലൈനിന്റെ പ്രവർത്തനത്തിൽ ഒരു തകരാർ ഇല്ലയെന്നും പറഞ്ഞിരുന്നു.

എന്നിരുന്നാലും ചില വിദഗ്ധർ എയർ ഇന്ത്യ സിഇഒയുടെ വാദത്തിൽ സംശയം പ്രകടിപ്പിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വിമാനം തകർന്നുവീഴുന്നതിന് മുമ്പ് വൈദ്യുത തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെന്ന് സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷന്റെ സ്ഥാപകനും മുൻ വാണിജ്യ പൈലറ്റുമായ അമിത് സിംഗി ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പല ഡാറ്റകളിലും അപകടത്തിൻ്റെ ഉത്തരവാദികൾ പൈലറ്റുമാരാണ് എന്ന് വായനക്കാരൻ വിശ്വസിക്കുന്ന തരത്തിലാണ് റിപ്പോർട്ട് തയ്യറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് കൃത്രിമമായി കൈകാര്യം ചെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. അപകടം സംബന്ധിച്ച റിപ്പോർട്ടുകൾ ബുദ്ധിപൂർവ്വം മൂടിവെയ്ക്കുകയാണെന്നും വ്യോമയാന വിദഗ്ധൻ മാർക്ക് മാർട്ടിൻ വ്യക്തമാക്കിയിരുന്നു. 2018 ലും 2019 ലും ഉണ്ടായ അപകടങ്ങളിലും 737 MAX അപകടങ്ങൾക്ക് ശേഷവും ബോയിംഗ് പൈലറ്റുമാരെ കുറ്റപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അന്വേഷണത്തിൽ വിമാനത്തിൽ ഒരു ഡിസൈൻ പിഴവ് കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന്റെ ഉത്തരവാദിത്തം ബോയിംഗിന് ഏറ്റെടുക്കാൻ കഴിയില്ലയെന്നും മാർട്ടിൻ പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.38നാണ് 230 യാത്രികരുമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. പന്ത്രണ്ട് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്കാണ് എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നത്.നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വിമാനം മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ കെട്ടിടത്തിന് മുകളില്‍ തകര്‍ന്ന് വീണു. റണ്‍വേയില്‍ നിന്നും കുറച്ച് മാത്രം അകലെയാണ് വിമാനം തകർന്ന് വീണത്. വീഡിയോ ദൃശ്യങ്ങളില്‍ ടേക്ക് ഓഫിന് ശേഷം മുകളിലേക്ക് കുതിക്കാന്‍ വിമാനത്തിന് കഴിഞ്ഞില്ലെന്ന് വ്യക്തമായിരുന്നു. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും വിമാനം തകര്‍ന്ന് വീണയിടത്തുണ്ടായിരുന്ന 19 പേരും മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരു യാത്രികന്‍ മാത്രമാണ് രക്ഷപ്പെട്ടത്. മരിച്ചവരില്‍ 200 ഇന്ത്യക്കാരും 52 ബ്രിട്ടീഷുരാരും ഏഴ് പോര്‍ച്ചുഗല്‍ പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് ഉണ്ടായിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.