മഡ്രിഡ്: ജെൻ സി കുട്ടികള്‍ക്ക് ഗൗരവകരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കാര്യപ്രാപ്തിയില്ലെന്നും വായനയും പൊതുബോധവുമില്ലെന്നുമൊക്കെ പറഞ്ഞാണ് ചിലർ സോഷ്യൽ മീഡിയയിൽ ജെന്‍ സികളെ വിമര്‍ശിക്കുന്നത്. എന്നാല്‍ അറിഞ്ഞോളൂ സ്പെയിനിന്റെ രാജ്ഞിയാകാൻ ഒരുങ്ങുകയാണ് ഒരു ജെന്‍ സി രാജകുമാരി. ലോകശ്രദ്ധ ആകര്‍ഷിച്ചു കൊണ്ട് സ്പെയിനിന്റെ തലപ്പത്തേക്ക് എത്തുന്ന ഈ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരി’ 150 വർഷത്തെ ചരിത്രമാണ് തിരുത്തിക്കുറിക്കുക.
പ്രിൻസസ് ലിയോനോർ
ഫെലിപ്പെ ആറാമൻ രാജാവിന്റെയും ലെറ്റീസിയ രാജ്ഞിയുടേയും മകളായ ലിയോനോർ രാജകുമാരിയാണ് സ്പെയിനിന്റെ രാജ്ഞിയാകാനൊരുങ്ങുന്നത്. 1800-കളിൽ സ്പെയിൻ ഭരിച്ചിരുന്ന ഇസബെല്ല II രാജ്ഞിക്ക് ശേഷം ആദ്യമായി സ്പെയിനിന്റെ തലപ്പത്തെത്തുന്ന വനിതയാണ് 20-കാരിയായ ലിയോനോർ. ഒന്നര നൂറ്റാണ്ടിന് ശേഷം സ്പെയിനിന്റെ സിംഹാസനത്തിലേക്ക് ഒരു വനിതാ ഭരണാധികാരി എത്തുകയാണ്. പിതാവ് ഫെലിപ്പെ ആറാമൻ രാജാവ് സ്ഥാനമൊഴിയുകയോ മരണപ്പെടുകയോ ചെയ്താലാണ് ലിയോനോർ രാജകുമാരി സ്പെയിനിന്റെ രാജ്ഞി പദവിയിലെത്തുക.
പ്രിൻസസ് ഓഫ് ആസ്റ്റൂരിയാസ്
2005 ഒക്ടോബർ 31ന് മാഡ്രിഡിൽ ജനിച്ച ലിയോനോറിന് സ്പെയിൻ സിംഹാസനത്തിന്റെ ഔദ്യോഗിക അവകാശി എന്ന നിലയിൽ പ്രിൻസസ് ഓഫ് ആസ്റ്റൂരിയാസ് എന്ന പദവി ലഭിച്ചിരുന്നു. ജന്മനാ രാജപദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ തന്നെ ലിയോനോറിന്റെ വിദ്യാഭ്യാസവും പരിശീലനങ്ങളും അതനുസരിച്ച് ചിട്ടപ്പെടുത്തിയിരുന്നു. മാഡ്രിഡിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം യുകെയിലെ പ്രശസ്തമായ യുഡബ്ല്യുസി അറ്റ്ലാന്റിക് കോളേജിൽ നിന്നാണ് ലിയോനോർ ഉപരിപഠനം പൂർത്തിയാക്കിയത്. ഭരണഘടനാ മൂല്യങ്ങൾ, നയതന്ത്രം, ആഗോള കാര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ലിയോനോറിന്റെ പഠനമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷിനു പുറമേ കറ്റാലൻ, ഇംഗ്ലിഷ്, ഫ്രഞ്ച്, അറബിക്, മന്റാരിൻ എന്നീ ഭാഷകളിലും ലിയോനോർ പരിജ്ഞാനം നേടിയിട്ടുണ്ട്.