Wednesday, 22 July 2026

ട്രംപിനുള്ള ഖമനേയിയുടെ 'രഹസ്യസന്ദേശം' അസിം മുനീറിന് കൈമാറി

ട്രംപിനുള്ള ഖമനേയിയുടെ 'രഹസ്യസന്ദേശം' അസിം മുനീറിന് കൈമാറി

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ പാകിസ്താൻ വഴി അമേരിക്കയ്ക്ക് രഹസ്യസന്ദേശം അയയ്ക്കാൻ ഇറാൻ നീക്കം നടത്തിയതായി റിപ്പോർട്ട്. ഇറാന്റെ ആഭ്യന്തരമന്ത്രിയും പാകിസ്താൻ സൈനിക മേധാവിയും തമ്മിൽ റാവൽപിണ്ടിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇതിനാധാരമായ ചർച്ചകൾ നടന്നത്. നേരിട്ടുള്ള ആശയവിനിമയം പ്രയാസകരമായ സാഹചര്യത്തിൽ, സമാധാന ചർച്ചകൾക്കായി പാകിസ്താനെ ഒരു മധ്യസ്ഥനായി ഉപയോഗിക്കാനാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നാണ്‌ വിവരം.

ഉന്നതതല ചർച്ചയ്ക്കിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിയിൽ നിന്നുള്ള ഒരു 'രഹസ്യ സന്ദേശം' ഇറാൻ പാകിസ്താന്റെ ഫീൽഡ് മാർഷൽ അസിം മുനീറിന് കൈമാറിയതായി പാക് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള രഹസ്യ നയതന്ത്രത്തിനുള്ള (backdoor diplomacy) മധ്യസ്ഥനായി വീണ്ടും പാകിസ്താന്റെ സൈനിക നേതൃത്വം മാറുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി പാകിസ്താൻ സൈനിക മേധാവി ഉടൻതന്നെ സൗദി അറേബ്യയും അമേരിക്കയും സന്ദർശിച്ച് ഇറാന്റെ നിലപാടുകൾ അറിയിക്കുമെന്നാണ് സൂചന. പാകിസ്താൻ സുരക്ഷാവൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ഇറാനിയൻ ആഭ്യന്തരമന്ത്രി എസ്‌കന്ദർ മൊമേനി, പാകിസ്താന്റെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിൽ (GHQ) അസിം മുനീറുമായി 50 മിനിറ്റോളം നീണ്ടുനിന്ന ചർച്ച നടത്തി.

ഈ കൂടിക്കാഴ്ചയിൽ, അദ്ദേഹം ഇറാന്റെ പരമോന്നത നേതാവായ മുജ്തബ ഖമനേയിയിൽനിന്നുള്ള രഹസ്യസന്ദേശം നേരിട്ട് കൈമാറുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള മധ്യസ്ഥതയ്ക്കായുള്ള പുതിയ ചട്ടക്കൂടിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നിവർ ഉൾപ്പെട്ട മാസങ്ങൾ നീണ്ട ഏറ്റുമുട്ടലിനെത്തുടർന്ന് മേഖലയിൽ വൻ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന നീക്കം.

'ഇസ്ലാമാബാദ് ധാരണാപത്രത്തിലെ' (Islamabad MoU) പാകിസ്താന്റെ പങ്കിനെ ഇറാനിയൻ ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ഇസ്ലാമാബാദിനെ മേഖലയിലെ 'സമാധാനത്തിന്റെ നങ്കൂരം' (anchor for peace) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ധാരണയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പശ്ചിമേഷ്യയിലുടനീളമുള്ള സംഘർഷങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന  ഘടനാപരമായ മധ്യസ്ഥ പ്രക്രിയ രൂപീകരിക്കുന്നതിലാണ് കൂടിക്കാഴ്ച ശ്രദ്ധ കേന്ദ്രീകരിച്ചത്.

പ്രാദേശിക നയതന്ത്രത്തിന് പുറമെ, ഉഭയകക്ഷി സുരക്ഷാ സഹകരണം, പ്രത്യേകിച്ച് പാകിസ്താൻ-ഇറാൻ അതിർത്തിയിലെ ഫലപ്രദമായ അതിർത്തി സംരക്ഷണം എന്നിവയും ഇരുപക്ഷവും ചർച്ച ചെയ്തു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിൽ ഒരു 'സത്യസന്ധനായ മധ്യസ്ഥനായി' (honest mediator) പ്രവർത്തിക്കാനുള്ള തങ്ങളുടെ സന്നദ്ധത പാകിസ്താൻ ആവർത്തിച്ചു.

വരും ദിവസങ്ങളിൽ ഫീൽഡ് മാർഷൽ അസിം മുനീർ ഇറാനിയൻ നേതൃത്വത്തിന്റെ സന്ദേശം അമേരിക്കയുമായി ചർച്ച ചെയ്യുമെന്ന് സുരക്ഷാ വൃത്തങ്ങൾ അവകാശപ്പെടുന്നു. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം സൗദി അറേബ്യയും അമേരിക്കയും സന്ദർശിക്കാനും സാധ്യതയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആപ്പ് വഴി ബുക്ക് ചെയ്ത് പിടികൂടി! അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ വേട്ട

ആപ്പ് വഴി ബുക്ക് ചെയ്ത് പിടികൂടി! അനധികൃത ബൈക്ക് ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ വേട്ട

കാക്കനാട്: എറണാകുളം ജില്ലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി തുടങ്ങി. ആപ്പ് വഴി ടൂവീലർ ബുക്ക് ചെയ്ത് നേരിട്ട് പരിശോധന നടത്തിയ എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. സംഘത്തിന്റെ മിന്നൽ പരിശോധനയിൽ 36 സ്വകാര്യ ഇരുചക്ര വാഹനങ്ങൾ കുടുങ്ങി. നിയമവിരുദ്ധമായി ടാക്‌സി സർവീസ് നടത്തിയതിന് 1.18 ലക്ഷം രൂപ പിഴ ഈടാക്കി.

കളക്ടറേറ്റ് പരിസരം, ഇൻഫോപാർക്ക്, കളമശ്ശേരി, എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. റൈഡ് സ്വീകരിക്കാൻ എത്തിയ വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. പിടിയിലായ നിരവധി വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും (PUC) ഇല്ലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

എറണാകുളം എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തിൽ അഞ്ച് പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. നഗരത്തിൽ അനധികൃത ബൈക്ക് ടാക്‌സികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ആപ്പ് ബുക്കിങ് മാത്രമേ അനുവദിക്കൂ

ടൂവീലർ ടാക്‌സികൾക്ക് സാധാരണ ഓട്ടോറിക്ഷകളെയോ കാർ ടാക്‌സികളെയോ പോലെ വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റി സർവീസ് നടത്താൻ അനുമതിയില്ല. സർക്കാരിന്റെ അഗ്രിഗേറ്റർ ലൈസൻസ് നേടിയ കമ്പനികളുടെ ആപ്പുകൾ വഴി ലഭിക്കുന്ന ബുക്കിങ്ങുകൾക്ക് മാത്രമേ നിയമപരമായി സർവീസ് നടത്താൻ കഴിയൂ.

സ്വകാര്യ വാഹനമെങ്കിൽ ഇൻഷുറൻസ് ആനുകൂല്യം നഷ്ടമാകും

സ്വകാര്യ ആവശ്യങ്ങൾക്ക് രജിസ്റ്റർ ചെയ്ത വാഹനം ടാക്‌സിയായി ഉപയോഗിക്കുന്നതിനിടെ അപകടമുണ്ടായാൽ ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയില്ല. ടാക്‌സി വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

ഓൺലൈൻ കമ്പനികൾക്കും മുന്നറിയിപ്പ്

പെർമിറ്റും ടാക്‌സി രജിസ്ട്രേഷനും ഇല്ലാത്ത വാഹനങ്ങളെ സർവീസിന് അനുവദിക്കുന്ന ഓൺലൈൻ അഗ്രിഗേറ്റർ കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ശുപാർശ നൽകുമെന്നും അധികൃതർ അറിയിച്ചു.

1100 രൂപ മതി, സ്വകാര്യ ബൈക്ക് നിയമപരമായി ടാക്‌സിയാക്കാം

സ്വകാര്യ ഇരുചക്ര വാഹനം നിയമപരമായി ടാക്‌സിയാക്കി മാറ്റാൻ ആർ.ടി. ഓഫീസിൽ അപേക്ഷ നൽകി വാഹനം ടാക്‌സിയായി രജിസ്റ്റർ ചെയ്യണം. മഞ്ഞ നമ്പർ പ്ലേറ്റ്, ടാക്‌സി പെർമിറ്റ്, ടാക്‌സി ഇൻഷുറൻസ് എന്നിവ നിർബന്ധമാണ്. കൺവേർഷനും ഫിറ്റ്നസ് പരിശോധനയ്ക്കുമായി 800 രൂപയും, ടാക്‌സി പെർമിറ്റിന് 300 രൂപയും ഉൾപ്പെടെ ആകെ 1100 രൂപ ഫീസ് അടച്ചാൽ വാഹനം നിയമാനുസൃതമായി ടാക്‌സിയായി ഉപയോഗിക്കാം. പുതിയ ടാക്‌സി വാഹനങ്ങൾക്ക് ആദ്യ എട്ട് വർഷം രണ്ട് വർഷത്തിലൊരിക്കലും തുടർന്ന് എല്ലാ വർഷവും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുമാണ്.

നിയമങ്ങൾ പാലിക്കാതെ സ്വകാര്യ വാഹനങ്ങൾ ടാക്‌സിയായി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 19 July 2026

ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷമാകുന്നു;രജൗരിയിലും പൂഞ്ചിലും വൻ നാശനഷ്ടം, 10 മരണം

ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷമാകുന്നു;രജൗരിയിലും പൂഞ്ചിലും വൻ നാശനഷ്ടം, 10 മരണം

ശ്രീനഗർ: ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ രജൗരി, പൂഞ്ച് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും വ്യാപക നാശം വിതച്ചു. ഞായറാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 10 പേർ മരിച്ചു. നിരവധി പേരെ കാണാതായതായി അധികൃതർ അറിയിച്ചു.

മരിച്ചവരിൽ ഒരാളായി സുരൻകോട്ട് മേഖലയിലെ നൂനാബന്ദി ഗ്രാമവാസിയായ നാസിയ കൗസർ (28)യെ തിരിച്ചറിഞ്ഞു. കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ വീട് തകർന്നുവീണതിനെ തുടർന്നാണ് നാസിയ മരിച്ചത്. ഭർത്താവ് മുഹമ്മദ് ഹാഫിസിനെയും മൂന്ന് മക്കളെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ധുന്ദക്–ലാത്തൂങ് പാലത്തിന് സമീപത്തെ അരുവിയിൽ നിന്ന് തിരിച്ചറിയാത്ത ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മർഹോട്ട് പ്രദേശത്തെ ഒരു തോടിൽ പെൺകുട്ടി ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം, ലോവർ മുറയിൽ ഉരുൾപൊട്ടലിൽ വീട് തകർന്നതിനെ തുടർന്ന് ഒരു കുടുംബത്തിലെ ആറുപേരെ കാണാതായിട്ടുണ്ട്

അതേസമയം, രജൗരി ടൗണിൽ പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം വ്യാപക നാശനഷ്ടമുണ്ടാക്കി. പുഴയോരത്തെ ബെല്ല കോളനിയിലെ വീടുകളിൽ വെള്ളം കയറിയതോടെ നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രജൗരി–ഥാനമണ്ഡി റൂട്ടിലെ വാഹനങ്ങൾക്കായി നദീതീരത്ത് ഒരുക്കിയിരുന്ന പാർക്കിംഗ് ഏരിയയും വെള്ളത്തിനടിയിലായതോടെ നിരവധി മിനി ബസുകൾ ഒഴുക്കിൽപ്പെട്ടു. ദുരിതബാധിതർക്കായി സുരക്ഷിത കേന്ദ്രങ്ങളിൽ താമസവും മറ്റ് അടിയന്തര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. റിയാസി ജില്ലയിലെ ശിവ് ഖോരി തീർത്ഥാടനവും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ത്രികൂട മലനിരകളിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനവും ശ്രീ മാതാ വൈഷ്ണോ ദേവി ഷ്രൈൻ ബോർഡ് താൽക്കാലികമായി റദ്ദാക്കി. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന ധർണയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയിരുന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പരിപാടിയിൽ പങ്കെടുക്കാതെ ജമ്മുവിലേക്ക് മടങ്ങുമെന്ന് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പ്രിയദർശിനി' സർവീസ് തിരിച്ചടിയെന്ന് സ്വകാര്യ ബസുടമകൾ; തിരക്കുസമയ സർവീസ് നിർത്തണമെന്ന് ആവശ്യം

'പ്രിയദർശിനി' സർവീസ് തിരിച്ചടിയെന്ന് സ്വകാര്യ ബസുടമകൾ; തിരക്കുസമയ സർവീസ് നിർത്തണമെന്ന് ആവശ്യം

കാക്കനാട്: കെ.എസ്.ആർ.ടി.സി.യുടെ 'പ്രിയദർശിനി' സർവീസ് സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് തിരക്കേറിയ സമയങ്ങളിലെ സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി.യ്ക്ക് ലഭിക്കുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

'പ്രിയദർശിനി' സർവീസ് മൂലമുണ്ടായ പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിക്ക് മുന്നിൽ എറണാകുളം കളക്ടറേറ്റിൽ നടന്ന തെളിവെടുപ്പിലാണ് മധ്യകേരളത്തിലെ ബസുടമകൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ ബസുടമാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ഓഗസ്റ്റ് 15-ന് മുമ്പുണ്ടായിരുന്ന കളക്ഷനും 'പ്രിയദർശിനി' പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള വരുമാനവും തമ്മിൽ വലിയ കുറവുണ്ടായതായി ബസുടമകൾ ചൂണ്ടിക്കാട്ടി. സർക്കാർ പ്രഖ്യാപിച്ച 50 ശതമാനം നികുതി ഇളവ് നഷ്ടം നികത്താൻ പര്യാപ്തമല്ലെന്നും അവർ വ്യക്തമാക്കി.

സർക്കാർ ആവശ്യമായ ധനസഹായം നൽകിയാൽ സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണെന്ന് ഉടമകൾ അറിയിച്ചു. ഇതിനായി യാത്രക്കാരുടെ വിരലടയാളം രേഖപ്പെടുത്തി ടിക്കറ്റ് നൽകുന്ന ബയോമെട്രിക് സംവിധാനം ബസുകളിൽ ഏർപ്പെടുത്തി, വിതരണം ചെയ്യുന്ന സൗജന്യ ടിക്കറ്റുകളുടെ തുക സർക്കാർ കൃത്യമായി റീഫണ്ട് ചെയ്യണമെന്നാണ് അവരുടെ പ്രധാന ആവശ്യം. വിദ്യാർഥികളുടെ കൺസെഷൻ നിരക്കും സാധാരണ ബസ് ചാർജും അടിയന്തരമായി വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത ഗ്രാമീണ റൂട്ടുകളിൽ മാത്രമായി കെ.എസ്.ആർ.ടി.സി.യുടെ ഗ്രാമവണ്ടി സർവീസുകൾ പരിമിതപ്പെടുത്തുക, ഡീസൽ സബ്‌സിഡി അനുവദിക്കുക, നിലവിലെ 27 ശതമാനം സെയിൽസ് ടാക്സ് കുറയ്ക്കുക, വാർഷിക റോഡ് ടാക്സ് പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ടുവച്ചു.

അതോടൊപ്പം, കെ.എസ്.ആർ.ടി.സി. പുതിയ ബസുകൾ വാങ്ങുന്നതിന് പകരം സ്വകാര്യ ബസുകൾ ലീസിന് എടുക്കണമെന്നും, ക്ഷേമനിധി ഫണ്ടിൽ നിന്ന് ബസുടമകൾക്ക് സഹായം നൽകണമെന്നും, നിലവിലെ ക്ഷേമനിധി ബാധ്യത കുറയ്ക്കുന്നതിനായി ജീവനക്കാരുടെ എണ്ണം സംബന്ധിച്ച മാനദണ്ഡത്തിൽ ഇളവ് അനുവദിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മീൻ ക്ഷാമം, കോഴി ഉത്പാദനം ഇടിഞ്ഞു; സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു

മീൻ ക്ഷാമം, കോഴി ഉത്പാദനം ഇടിഞ്ഞു; സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു

കൊല്ലം: സംസ്ഥാനത്ത് കോഴിയിറച്ചി വില വീണ്ടും കുത്തനെ ഉയരുന്നു. മത്സ്യലഭ്യത കുറഞ്ഞതും ഇറച്ചിക്കോഴി ഉത്പാദനം ഇടിഞ്ഞതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിവിധ ജില്ലകളിൽ കിലോയ്ക്ക് 160 മുതൽ 184 രൂപ വരെയാണ് നിലവിലെ വില. ഉത്പാദനം വർധിക്കാത്ത പക്ഷം വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കോഴിക്കുഞ്ഞുങ്ങളുടെ മരണനിരക്ക് ഗണ്യമായി വർധിച്ചെന്നാണ് പൗൾട്രി ഫാം ഉടമകൾ പറയുന്നത്. മുൻപ് 100 കുഞ്ഞുങ്ങളിൽ പത്തോളം മാത്രമാണ് ചത്തുപോയിരുന്നതെങ്കിൽ, ഇപ്പോൾ അത് 25 വരെ ഉയരുന്നതായി അവർ പറയുന്നു. കൂടാതെ കോഴികളുടെ വളർച്ചയും മന്ദഗതിയിലായതോടെ 45 ദിവസം പ്രായമായ കോഴികൾക്ക് സാധാരണ ലഭിക്കേണ്ട 1.8 കിലോ ഭാരം ലഭിക്കാതെ ഒരു കിലോ പോലും തികയാത്ത സ്ഥിതിയാണ്.

കോഴിത്തീറ്റയുടെ വില കുത്തനെ ഉയർന്നതും കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതോടെ പലരും ഫാമുകൾ ഒഴിച്ചിടുന്നതായും ചെറുകിട വ്യാപാരികൾ പറയുന്നു. ഇന്ധനവില വർധിച്ചതിനെ തുടർന്ന് ഗതാഗതച്ചെലവും കൂടിയതോടെ കോഴിയിറച്ചി വില വീണ്ടും ഉയർന്നു.

അതേസമയം, ട്രോളിങ് നിരോധനം തുടരുന്നതിനാൽ സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇതോടെ കോഴിയിറച്ചിയിലേക്കുള്ള ഉപഭോക്താക്കളുടെ ആശ്രയം വർധിക്കുകയും ആവശ്യക്കാർ കൂടുകയും ചെയ്തിട്ടുണ്ട്. ട്രോളിങ് നിരോധനം അവസാനിക്കാൻ ഇനി രണ്ടാഴ്ച കൂടി ബാക്കിയുള്ളതിനാൽ അതിന് ശേഷം മത്സ്യലഭ്യത മെച്ചപ്പെടുകയും കോഴിയിറച്ചി വിലയിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻസ്റ്റഗ്രാം സൗഹൃദം ദുരന്തമായി; 16-കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാം സൗഹൃദം ദുരന്തമായി; 16-കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ 24-കാരനെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മാവൂർ പനങ്ങോട് സ്വദേശിയായ അഭിജിത്ത് (24) ആണ് പിടിയിലായത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയുമായി പരിചയത്തിലായത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി അവിടെവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തെ തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പോലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ മാവൂരിലെ പനങ്ങോടുള്ള വീട്ടിലെത്തിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'നെതന്യാഹു യുദ്ധക്കുറ്റവാളി’ ന്യൂയോർക്കിലെത്തിയാൽ അറസ്റ്റിനുള്ള നീക്കങ്ങളുമായി മംദാനി

'നെതന്യാഹു യുദ്ധക്കുറ്റവാളി’ ന്യൂയോർക്കിലെത്തിയാൽ അറസ്റ്റിനുള്ള നീക്കങ്ങളുമായി മംദാനി

ന്യൂയോർക്ക്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. നെതന്യാഹു ഒരു 'യുദ്ധക്കുറ്റവാളി'യാണെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും മംദാനി പറഞ്ഞു. നിയമവിഭാഗവുമായി അറസ്റ്റ് സംബന്ധിച്ച ചർച്ചകൾ സജീവമായി നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദി ന്യൂയോർക്ക് ടൈംസിന്റെ 'ദി ഇൻ്റർവ്യൂ' എന്ന പോഡ്കാസ്റ്റിലാണ് മംദാനി ഈ നിർണ്ണായക നീക്കത്തെ കുറിച്ച് സൂചന നൽകിയത്. നെതന്യാഹു ഹേഗിലെ അന്താരാഷ്ട്ര കോടതിയിലാണ് ഇരിക്കേണ്ടതെന്നും കഴിഞ്ഞ കുറെ വർഷങ്ങളായി അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഇതിന് തെളിവാണെന്നും മംദാനി പറഞ്ഞു. ഗാസയിലെ ഇസ്രയേൽ യുദ്ധത്തെ ഒരു 'വംശഹത്യ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി വാഗ്ദാനം ചെയ്തിരുന്നു.

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിലെത്താൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതി 2024-ലാണ് നെതന്യാഹുവിനും മറ്റ് ഇസ്രയേൽ നേതാക്കൾക്കുമെതിരെ യുദ്ധക്കുറ്റങ്ങൾ ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ അമേരിക്കൻ ഭരണകൂടം ഈ വാറണ്ടിനെ അംഗീകരിക്കുന്നില്ല. ഐസിസി വാറണ്ട് നടപ്പിലാക്കാൻ രാജ്യങ്ങളെ ബാധ്യസ്ഥരാക്കുന്ന റോം ചട്ടം അമേരിക്ക ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ജോ ബൈഡനും ഐസിസി വാറണ്ടിനെ തള്ളിക്കളഞ്ഞിരുന്നു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ളവർ ഐസിസിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മേയറുടെ നീക്കം.

മേയറുടെ പ്രസ്താവന വെറും 'രാഷ്ട്രീയ നാടകം' മാത്രമാണെന്ന് യുഎന്നിലെ അമേരിക്കൻ അംബാസഡർ മൈക്ക് വാൾട്ട്സ് പരിഹസിച്ചു. അമേരിക്ക ഐസിസിയിൽ അംഗമല്ലാത്തതിനാൽ ഇത്തരം നടപടികൾക്ക് നിയമസാധുതയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. തന്റെ അറസ്റ്റിനെക്കുറിച്ചുള്ള ആശങ്കകളെ നെതന്യാഹു തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. നെതന്യാഹു അഭിമാനപൂർവ്വം ന്യൂയോർക്കിലെത്തുമെന്ന് ഇസ്രയേൽ അംബാസഡർ ഡാനി ഡാനോണും വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലയാളി വിദ്യാർഥിയുടെ കൊലപാതകം; സാവര്യയെ ക്രൂരമായി മർദിച്ചു, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്

മലയാളി വിദ്യാർഥിയുടെ കൊലപാതകം; സാവര്യയെ ക്രൂരമായി മർദിച്ചു, മരണം തലയ്ക്കേറ്റ ഗുരുതരപരിക്ക്

ഹരിപ്പാട്: ഉസ്ബെക്കിസ്താനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശി സാവര്യ ബസന്ത് (22) കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിച്ചശേഷം വണ്ടാനത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്കു കൈമാറി. അടുത്തദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കും മെഡിക്കൽ കോളേജിൽനിന്നു റിപ്പോർട്ട് നൽകും.

ഉസ്‌ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ബന്ധുക്കൾക്കു കിട്ടിയിട്ടില്ല. ആ രാജ്യത്തെ നടപടിക്രമം പ്രകാരം മൂന്നുമാസത്തിനുശേഷമേ ഇത്തരം റിപ്പോർട്ടുകൾ ബന്ധുക്കൾക്കു നൽകുകയുള്ളൂ. ഇതുകൂടി ലഭിച്ചാലേ, വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ കഴിയുകയുള്ളൂ എന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. സാവര്യയുടെ തലയിലെ മുറിവേറ്റ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട്, പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ വിദഗ്ധ പരിശോധനയ്ക്കായി പരിക്കേറ്റഭാഗം നീക്കംചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾകൂടി ഉസ്ബെക്കിസ്താനിൽനിന്നു ലഭ്യമാക്കേണ്ടതുണ്ട്.

സാവര്യ ഈ മാസം നാലിനാണ് ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ടത്. സഹപാഠി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൾ അനം (22) ലാപ്‌ടോപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. സദറുൾ അനം അവിടെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുൻപുമുതൽ സാവര്യയെ തടവിലാക്കി പ്രതി ക്രൂരമായി ആക്രമിച്ചെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതു ശരിവെക്കുന്ന വിധത്തിൽ സാവര്യയുടെ ശരീരത്താകെ പാടുകൾ കാണപ്പെട്ടതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

’വിദേശകാര്യമന്ത്രിയെ നേരിൽക്കാണും, ഉസ്ബെക്കിസ്താനിൽ പോകും’

വിദേശകാര്യമന്ത്രിയെ നേരിൽക്കണ്ട് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ശ്രമിക്കുകയാണെന്ന് സാവര്യയുടെ അച്ഛൻ ബസന്ത് പറഞ്ഞു. അടുത്തദിവസംതന്നെ മന്ത്രിയെ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉസ്ബെക്കിസ്താനിലെ ഇന്ത്യൻ എംബസി അധികൃതരുമായി സംസാരിച്ചു. അവിടെ നിയമസഹായത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഉസ്ബെക്കിസ്താനിൽ പോകും. കുവൈത്തിൽ ജോലിചെയ്യുന്ന ബസന്ത് കേസിന്റെ ആവശ്യങ്ങൾക്കായി നാട്ടിൽ തുടരുകയാണ്.