കോതമംഗലം: വനപാലകർ കസ്റ്റഡിയിലെടുത്ത ജെ.സി.ബി. വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിൽ ആദിവാസി യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ശരീരത്തിൽ പെട്രോൾ ഒഴിച്ച് ലൈറ്ററുമായി ജെ.സി.ബിയിൽ കയറിയ യുവാവിനെ മണിക്കൂറുകൾ നീണ്ട അനുനയശ്രമങ്ങൾക്കൊടുവിൽ പോലീസും ഫയർഫോഴ്‌സും സുരക്ഷിതമായി താഴെയിറക്കി.
ഇടുക്കി പഴയരിക്കണ്ടം ഒഴുകുപാറ പുത്തൻപുരയ്ക്കൽ അജീഷ്‌കുമാർ (സുകു-46) ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ ചെമ്പൻകുഴി നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലായിരുന്നു സംഭവം.
2020-ൽ പാഴ്‌മരങ്ങൾ നീക്കം ചെയ്ത കേസിലാണ് തന്റെ ഉപജീവന മാർഗമായ ജെ.സി.ബി. വനംവകുപ്പ് കസ്റ്റഡിയിലെടുത്തതെന്ന് അജീഷ് പറയുന്നു. വെറും 500 രൂപയുടെ നഷ്ടമാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന വാഹനം അഞ്ചുവർഷമായി വിട്ടുനൽകിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കോടതി ഉത്തരവുണ്ടായിട്ടും വാഹനം കൈമാറാത്തതിനെതിരെയാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.
പത്തോളം സുഹൃത്തുക്കൾക്കൊപ്പമാണ് അജീഷ് സ്റ്റേഷനിലെത്തിയത്. ജെ.സി.ബിയിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പോലീസും ഫയർഫോഴ്‌സും പഞ്ചായത്ത് അധികൃതരും ചേർന്ന് മണിക്കൂറുകൾ നീണ്ട ചർച്ച നടത്തി. ഒടുവിൽ അടുത്ത ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മൂന്നാർ ഡി.എഫ്.ഒ.യുടെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഉച്ചയ്ക്ക് 2.45ഓടെ അജീഷ് പ്രതിഷേധം അവസാനിപ്പിച്ചത്.
"എന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ ജെ.സി.ബി. ബാങ്ക് വായ്പ അടയ്ക്കാനോ കുടുംബം പോറ്റാനോ കഴിയാത്ത അവസ്ഥയാണ്. അഞ്ച് വർഷമായി ജീവിതം തകർന്നിരിക്കുകയാണ്," എന്ന് അജീഷ് കണ്ണീരോടെ പറഞ്ഞു.
അതേസമയം, കൈവശ വനഭൂമിയിൽ നിന്ന് മണ്ണെടുത്തതിനും മരങ്ങൾ നീക്കം ചെയ്തതിനുമാണ് കേസെടുത്തതെന്നും നിയമലംഘനത്തെ തുടർന്നാണ് ജെ.സി.ബി. കസ്റ്റഡിയിലെടുത്തതെന്നും വനംവകുപ്പ് വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ വാഹനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കോടതിയുടേതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




