ഇനി കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് കുതിക്കാം, തിരിച്ചും; പദ്ധതി 2024 മാർച്ചോടെ പൂർത്തിയാകുമെന്ന് ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍
കശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന നിർണായക റെയിൽവെ പാത ഈ സാമ്പത്തിക വർഷവസാനത്തോടെ നിലവിൽ വരുമെന്ന് ജമ്മു കശ്മീർ ലഫ്റ്റ്നൻ്റ് ഗവർണർ മനോജ് സിൻഹ
ന്യൂഡൽഹി: കശ്മീരിനെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന റെയിൽവെ പാത ഈ സാമ്പത്തിക വർഷവസാനത്തോടെ നിലവിൽ വരും. ജമ്മു കശ്മീർ ലഫ്റ്റ്നൻ്റ് ഗവർണർ മനോജ് സിൻഹയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമനത്രി നരേന്ദ്ര മോദിയുടെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ജമ്മു കശ്മീരിൽ നിന്നുള്ള മൂന്ന് റെയിൽവെ സ്റ്റേഷനുകളെ ഉൾപ്പെടുത്തിയതിൽ സിൻഹ നന്ദി പറഞ്ഞു.
ജമ്മു കശ്മീരിലെ ജമ്മു താവി, ഉധംപൂർ, ബുദ്ഗാം എന്നീ മൂന്ന് റെയിൽവെ സ്റ്റേഷനുകളാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെട്ടത്. പദ്ധതിയുടെ ഭാഗമായി റെയിൽ സ്റ്റേഷനുകളെ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രിയോട് നന്ദി പറയുകയാണ്. റെയിൽവെ സ്റ്റേഷനുകളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയുള്ള വികസനം യാത്രക്കാർക്ക് സൗകര്യമാകുമെന്നും യാത്ര സൗകര്യം കൂടുതൽ മികച്ചതാക്കുമെന്നും ജമ്മു കശ്മീർ ലഫ്റ്റ്നൻ്റ് ഗവർണർ കൂട്ടിച്ചേർത്തു.
അത്ഭുതപൂർവമായ നിരവധി റെയിൽവെ പദ്ധതികൾക്കാണ് ജമ്മു കശ്മീർ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. റെയിൽവെ പാതകൾ ഒരു സമൂഹത്തിന്റെ ജീവനാഡിയാണ്. റെയിൽവെ പാതകൾ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. ആ പ്രദേശത്ത് സാമ്പത്തിക അഭിവൃദ്ധി കൊണ്ടുവരാനും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും റെയിൽവെ പാതകൾ ബന്ധിപ്പിക്കുന്നത് സഹായിക്കുമെന്നും ലഫ്റ്റനന്റ് ഗവർണർ പറഞ്ഞു.
ഈ സാമ്പത്തിക വർഷാവസാനത്തോടെ കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കും. ഇത് രാജ്യത്തെ എല്ലാ പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായി താഴ്‌വരയെ ബന്ധിപ്പിക്കുമെന്നും ലഫ്റ്റനന്റ് ഗവർണർ കൂട്ടിച്ചേർത്തു.
കശ്മീരിൽ അഞ്ച് ഫൈനൽ ലൊക്കേഷൻ സർവേ പ്രവർത്തനങ്ങൾക്ക് റെയിൽവെ ബോർഡ് അനുമതി നൽകി. ബാരാമുള്ള് - ബനിഹാൽ ലൈൻ, ന്യൂ ബാരാമുള്ള - ഉറി, അവന്തിപോറെ - ഷോപിയാൻ, സോപോർ - കുപ്വാര, അനന്ത്നാഗ് - ബിജ്ബെഹറ - പഹൽ ഗാം എന്നീ റെയിൽ ലൈനുകളുടെ പാത ഇരിട്ടിപ്പിക്കലിനും റെയിൽവെ ബോർഡ് അനുമതി നൽകിയതായി ജമ്മു കശ്മീർ ലഫ്റ്റ്നൻ്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് വ്യോമ - റോഡ് കണക്റ്റിവിറ്റി ശക്തിപ്പെടുത്തുമെന്നും സിൻഹ പറഞ്ഞു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് 24,470 രൂപയാണ് ചെലവഴിക്കുക.