മുംബൈയിൽ നിന്ന് ഗോവയിലേക്ക് ആറുമണിക്കൂർ; എൻഎച്ച് 66 പൂർത്തിയാകുന്നു; കേരളത്തിലും പണി തകൃതിയിൽ
രണ്ട് നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ആറ് മണിക്കൂറായി ചുരുങ്ങും. ഗണേശോത്സവത്തിന് മുന്നോടിയായി നാലുവരിപ്പാത ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്നാണ് അവകാശവാദം.
പൻവേൽ: കന്യാകുമാരി മുതൽ പൻവേൽ വരെ നീണ്ടു കിടക്കുന്ന ദേശീയപാത 66ന്റെ നവീകരണം നടത്തിയ മുംബൈയിൽ നിന്നും ഗോവ വരെയുള്ള ഭാഗം അവസാനഘട്ടത്തിൽ. സെപ്റ്റംബർ പാതിയോടെ ദേശീയ പാതയുടെ നിർമാണപ്രവർത്തനം പൂർത്തിയാകുമെന്ന് റിപ്പോർട്ട്. പുതിയ റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ രണ്ട് നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ആറ് മണിക്കൂറായി ചുരുങ്ങുമെന്നാണ് കരുതുന്നത്.
സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഗണേശോത്സവത്തിന് മുൻപ് നിർമാണപ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് പിഡബ്ലിയുഡി മന്ത്രി രവീന്ദ്ര ചവാനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. പുതിയ നാലുവരിപ്പാത യാഥാർത്ഥ്യമാകുന്നതോടെ ഗോവയിലേക്കുള്ള സമയം പത്ത് മണിക്കൂറിൽ നിന്നും ആറ് മണിക്കൂറായി കുറയുമെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മുംബൈ ഗോവ നിർമാണത്തിന്റെ വിലയിരുത്തൽ നടത്തിയിട്ടുണ്ട്. ഇതിനുപിന്നാലെ ഗണേശോത്സവത്തിന് മുന്നോടിയായി നാലുവരിപ്പാതയിലെ പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും അടിയന്തര പ്രാധാന്യമുള്ള ജോലികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഏതാണ്ട് ഒരു പതിറ്റാണ്ട് നീണ്ടു നിൽക്കുന്ന നിർമാണപ്രവർത്തനത്തിന് ഒടുവിലാണ് ഹൈവേയുടെ നിർമാണം പൂർത്തിയാകുന്നത്. 471 കിലോമീറ്റർ ദൈർഖ്യമുള്ള പാതയുടെ നിർമാണം 2011ലാണ് തുടങ്ങിയത്.
ദേശീയപാതയുടെ അവശേഷിക്കുന്ന കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന എൻഎച്ച് 66ന്റെ നിർമാണപ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിൽ കേരളത്തിൽ മാത്രം 1,611 കിലോമീറ്റർ ദൈർഘ്യമാണ് ദേശീയപാതയ്ക്കുള്ളത്.
കേരളത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ 24 സ്ട്രെച്ചുകളിലായി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2025നുള്ളിൽ കേരളത്തിലെ പണി പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്.
2012 മുതൽ 22 വരെയുള്ള 10 വർഷക്കാലത്തിനിടെ ഹൈവേയിൽ വിവിധ അപകടങ്ങളിലായി 1,500 പേരാണ് മരിച്ചതെന്നും മന്ത്രി ചവാൻ അറിയിച്ചു. കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ദേശീയപാതയിൽ രൂപം കൊണ്ടിരിക്കുന്ന വിള്ളലുകളും കോൺഗ്രീറ്റ് ഉപയോഗിച്ച് അടക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, റോഡിൽ സ്റ്റീൽ ഉപയോഗിക്കാതെ കോൺക്രീറ്റ് ഉപയോഗിക്കുന്നത് ഗുണം ചെയ്യില്ലെന്ന വാദവും ഉയരുന്നുണ്ട്. ഇത് അപകടം വർദ്ധിപ്പിക്കുമെന്നും ആക്ടിവിസ്റ്റ് കൂടിയായ രാജീവ് മിശ്ര വ്യക്തമാക്കി. ഭാവിയിൽ ഇത് കുഴികൾക്കും കാരണമാകുമെന്ന് മിശ്ര അറിയിച്ചു.