രാജ്യതലസ്ഥാനവും മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലാകും പുതിയ പാത വരുന്നത്. ചെന്നൈ സൂറത്ത് നാസിക് ബെംഗളൂരു ഹൈദരാബാദ് എന്നിങ്ങനെ പല നഗരങ്ങളുമായി ബന്ധിപ്പിക്കും. മറുനാടൻ മലയാളികൾക്ക് ഏറെ പ്രയോജനകരമാകും ഈ പാത.
ചെന്നൈ: ദേശീയപാതകളും എക്സ്പ്രസ്‌വേകളും കാരണം സമൃദ്ധമായി മാറുകയാണ് രാജ്യം. ഒരോ ദിവസവും പുതിയ പാതകളുടെ വാർത്തകളാണ് വരുന്നത്. കേരളത്തിൽ തന്നെ എംസി റോഡിന് സമാന്തരമായുള്ള ദേശീയപാതയും മലയോര ഹൈവേയും എൻഎച്ച് 66 വികസനവും എന്നും വാർത്തായാകുന്നുണ്ട്. ഇതിന് പിന്നാലെ, പുതിയൊരു സ്വപ്നപാത കൂടി കേരളത്തിലേക്ക് എത്തുന്നു. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ നഗരങ്ങളേയും ഡൽഹിയുമായി ബന്ധിപ്പിക്കുന്ന ഒരു പാത വരുമെന്ന് അടുത്തിടെ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് വ്യക്തമാക്കിയിരിക്കുന്നത്.
കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും ഉൾപ്പെടുന്നതാണ് ഈ പാത. ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് സൂറത്ത് വഴി ബന്ധിപ്പിക്കുന്ന പാത എത്തുന്നുവെന്നാണ് നിതിൻ ഗഡ്കരി വ്യക്തമാക്കിയത്. ഡൽഹിയിൽ നിന്നും സൂറത്ത്, നസിക്, അഹമ്മദ്നഗർ, കർണൂൽ വഴി ചെന്നൈയിൽ എത്തുന്നതാണ് പുതിയ റോഡ് പദ്ധതി. പിന്നീട്, ഈ പാത കന്യാകുമാരി വഴി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കും നീളും അതിന് ശേഷം ഐടി ഹബ്ബുകളായ ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും എത്തിക്കാനാണ് കേന്ദ്ര ഗതാഗത വകുപ്പ് പദ്ധതിയിടുന്നത്.
അടുത്തിടെ ചെന്നൈയിൽ നടന്ന അശേക് ലൈലാൻഡിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് സംസാരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. നിയന്ത്രിതമായി മാത്രം പ്രവേശനത്തിന് അനുമതിയുള്ളതാകും ഈ പാത. കേരളത്തിന് പുറത്തുള്ള മലയാളികളെ ഏറെ സൗകര്യപ്രദമായിരിക്കും ഈ പുതിയ പാത.
ഇതോടെ കേരളത്തിൽ നിന്നും ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലേക്ക് റോഡ് മാർഗം എത്താനും സൗകര്യപ്രദമാകും. അതേസമയം, പുതിയ പാത സമയലാഭം ഉണ്ടാക്കുമോ എന്ന കാര്യത്തിൽ വ്യക്തമല്ല. ഈ ദേശീയപാത കടന്നുപോകുന്ന വഴി ഏതാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്ക് രണ്ട് മണിക്കൂറിൽ എത്തുന്ന എക്സ്പ്രസ്‌വേ ജനുവരിയോടെ തുറന്ന് കൊടുക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. ഈ വഴിയിലൂടെ ലക്ഷ്വറി ബസുകളും സ്ലീപ്പർ കോച്ചുകളും ഇറക്കാമെന്നും അദ്ദേഹം പറഞ്ഞു.
258 കിലോമീറ്റർ ദൈർഖ്യമുള്ള ബെംഗളൂരു - ചെന്നൈ നാലുവരി ഹൈവെ ബെംഗളൂരുന് സമീപമുള്ള ഹൊസകൊട്ടെയിൽ നിന്നുമാണ് തുടങ്ങുക. ചെന്നൈ സബർബനോട് ചേർന്നുള്ള ശ്രീപെരുമ്പത്തൂർ വരെയാണ് ഈ പാത എത്തുന്നത്. കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ പാതയിൽ 120 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കാൻ സാധിക്കും.
ഹൊസ്‌കോട്ട്, മാലൂർ, ബംഗാരപേട്ട്, ബേതമംഗല, വെങ്കടഗിരിക്കോട്ട, പലമനേർ, ബംഗാരുപാലം, ചിറ്റൂർ, റാണിപേട്ട, വാലാജാപേട്ട, ആരക്കോണം, ശ്രീപെരുമ്പത്തൂർ എന്നിങ്ങനെ നിരവധി നഗരങ്ങളിലൂടെയാണ് ഈ അതിവേഗപാത കടന്നുപോകുന്നത്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.