Wednesday, 11 October 2023

അന്‍റാർട്ടിക്കയ്ക്ക് മുകളിലുള്ള ഓസോൺ പാളിയിലെ ദ്വാരം (Ozone hole)

SHARE
അന്‍റാര്‍ട്ടിക്കയിലെ ഓസോണ്‍ ദ്വാരത്തിന് ബ്രസീലിന്‍റെ മൂന്നിരട്ടി വലിപ്പമെന്ന് പഠനം !

അന്‍റാർട്ടിക്കയ്ക്ക് മുകളിലുള്ള ഓസോൺ പാളിയിലെ ദ്വാരം (Ozone hole) വലുതാകുന്നതിനെ കുറിച്ച് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍, ശാസ്ത്രലോകത്തിന്‍റെ മുന്നറിയിപ്പുകള്‍ വ്യാവസായിക വാണിജ്യ രാഷ്ട്രീയ ലോബികള്‍ തള്ളിയതോടെ ഓസോണ്‍ പാളിയുടെ ദ്വാരത്തിന്‍റെ വലിപ്പം ക്രമേണ കൂടാന്‍ തുടങ്ങി. ഏറ്റവും ഒടുവിലെ പഠനം പറയുന്നത് ഈ ദ്വാരം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒന്നായി വളർന്നുവെന്നാണ്. ഇത് ഏതാണ്ട് ബ്രസീലിന്‍റെ മൂന്നിരട്ടി വലുപ്പത്തിൽ എത്തിയതായി സാറ്റലൈറ്റ് ഡാറ്റ വിശകലനം ചെയ്ത ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ഇഎസ്എ) കോപ്പർനിക്കസ് സെന്‍റിനൽ-5 പി ഉപഗ്രഹം (Copernicus Sentinel-5P satellite) അടുത്തിടെ എടുത്ത ചിത്രങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ശാസ്ത്രലോകത്ത് ഇത് സംബന്ധിച്ച പഠനങ്ങളും നിരീക്ഷണങ്ങളും നടന്നത്. 

2022-ന്‍റെ തുടക്കത്തിൽ ടോംഗയുടെ അണ്ടർവാട്ടർ അഗ്നിപർവ്വതം (Tonga's underwater volcano) പൊട്ടിത്തെറിച്ച് വലിയ അളവിൽ ജലബാഷ്പം വായുവിലേക്ക് കൊണ്ടുവന്നതാണ് പെട്ടെന്നുള്ള വലിയ വിടവിന് കാരണമായതെന്ന് വിദഗ്ധർ കരുതുന്നു. “നീരാവി ധ്രുവീയ സ്ട്രാറ്റോസ്ഫെറിക് മേഘങ്ങളുടെ ( polar stratospheric clouds) ഉയർന്ന രൂപീകരണത്തിന് കാരണമായേക്കാം. ഇത് വഴി ക്ലോറോഫ്ലൂറോകാർബണുകൾക്ക് (chlorofluorocarbons - CFCs) പ്രതികരിക്കാനും അതുവഴി ഓസോൺ ശോഷണത്തെ ത്വരിതപ്പെടുത്താനും സാധിക്കും,” കോപ്പർനിക്കസ് അറ്റ്‌മോസ്ഫിയർ മോണിറ്ററിംഗ് സർവീസ് സീനിയർ ശാസ്ത്രജ്ഞനായ ആന്‍റ്ജെ ഇന്നസ് പറയുന്നു. 

നിലവിൽ, ഓസോൺ ദ്വാരം 10 ദശലക്ഷം ചതുരശ്ര മൈൽ (26 ദശലക്ഷം ചതുരശ്ര കിലോമീറ്റർ) വ്യാപിച്ചുകിടക്കുന്നുവെന്ന് Space.com റിപ്പോർട്ട് ചെയ്തു. ഇത് ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സീസണൽ ദ്വാരങ്ങളിൽ ഒന്നായി ഇത് കണക്കാക്കുന്നു. എന്നാല്‍, ഏറ്റവും വലിയ ഓസോൺ ദ്വാരം 2000-ലാണ് ഉണ്ടായതെന്നും സ്പേസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് ഏകദേശം 11 ദശലക്ഷം ചതുരശ്ര മൈൽ (28.4 ദശലക്ഷം ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയായിരുന്നു ഓസോണ്‍ ദ്വാരത്തിന് ഉണ്ടായിരുന്നത്. ഓരോ വർഷവും ഓസോൺ ശോഷിക്കുന്ന പ്രദേശത്തിന്‍റെ വലിപ്പത്തില്‍ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. ആഗസ്‌റ്റിനും ഒക്‌ടോബറിനും ഇടയിൽ ഈ വിടവ് ഉയരുന്നു. സെപ്‌റ്റംബർ മധ്യത്തിലും ഒക്‌ടോബർ മധ്യത്തിലും ഈ ദ്വാരം ഏറ്റവും വലുതായിരിക്കും. തെക്കൻ അർദ്ധഗോളത്തിലെ താപനിലയിലെ ശ്രദ്ധേയമായ വർദ്ധനവാണ് ഈ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമെന്നും ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ഏറ്റക്കുറച്ചിലുകൾ ഓസോൺ ശോഷണത്തിന് കാരണമാകുന്നു.

ഓസോൺ പ്രകൃതിദത്തമായ വാതകമാണ്. അന്തരീക്ഷത്തിലെ ഓസോണ്‍ പാളി മനുഷ്യന്‍റെ തൊക്ക് കാൻസറിന് കാരണമാകുന്ന സൂര്യന്‍റെ അൾട്രാവയലറ്റിൽ രശ്മികളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നു. 1985-ലാണ്, അന്‍റാർട്ടിക്കയ്ക്ക് മുകളിൽ ഓസോൺ പാളിയിൽ ദ്വാരം കണ്ടെത്തിയത്. പിന്നീട്, ക്ലോറോഫ്ലൂറോകാർബണുകള്‍ പോലുള്ള വസ്തുക്കളുടെ ഉപയോഗം ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുമെന്ന് കണ്ടെത്തി. പിന്നീടിങ്ങോടുള്ള വര്‍ഷങ്ങളില്‍ ശാസ്ത്രലോകം ഓസോൺ പാളിയിലെ ദ്വാരം സൂക്ഷ്മമായി നിരീക്ഷിക്കുകയും ഓസോണിനെ നശിപ്പിക്കുന്ന പദാർത്ഥങ്ങൾക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.