Wednesday, 27 December 2023

ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകളില്‍ ₹16,700 കോടി നിക്ഷേപിക്കാന്‍ യു.എ.ഇ; ലക്ഷ്യം ഭക്ഷ്യസുരക്ഷ

SHARE
ലോകത്തിന് ആവശ്യമായ ഭക്ഷ്യ ഉൽപാദനത്തിൽ  പല ധാന്യങ്ങളിലും ഭക്ഷ്യ ഉൽപ്പന്നങ്ങളിലും ഇന്ത്യയുടെ സ്ഥാനം ഒന്നും രണ്ടുമാണ് 


ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകളിലേക്ക് 200 കോടി ഡോളര്‍ (16,700 കോടി രൂപ) നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് യു.എ.ഇ. മിഡില്‍ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലുടനീളം സംയോജിത ഫുഡ് പാര്‍ക്കുകള്‍ വികസിപ്പിക്കുന്നത്. നാല് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ I2U2ന് (ഇന്ത്യ, ഇസ്രായേല്‍, യു.എ.ഇ, യു.എസ്.എ ) കീഴിലാണ് നിക്ഷേപം നടത്തുന്നത്.

ആശങ്കകള്‍ പരിഹരിച്ചു


അവശ്യ ചരക്കുകളുടെ നിയമ പ്രകാരം (Essential Commodities Act) ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്ത്യയും യു.എ.ഇയും പരിഹരിച്ചതിന് പിന്നാലെയാണ് ഈ നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ഫുഡ് പാര്‍ക്കുകളില്‍ ഭക്ഷണം പ്രോസസ്സ് ചെയ്യുകയും അവ നിക്ഷേപക രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്യും. കയറ്റുമതിക്കുള്ള ഈ ചരക്കുകള്‍ക്ക് മേല്‍ അവശ്യ ചരക്കുകളുടെ നിയമ പ്രകാരം ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.


ആദ്യ ഫുഡ് പാര്‍ക്ക് ഗുജറാത്തില്‍

പദ്ധതി പ്രകാരമുള്ള ആദ്യ ഫുഡ് പാര്‍ക്ക് ഗുജറാത്തിലെ കണ്ട്‌ലയ്ക്ക് സമീപം സ്ഥാപിച്ചേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കൃഷിക്കും  മറ്റുമായി നിക്ഷേപകര്‍ പ്രദേശവാസികളുമായി കരാറില്‍ ഏര്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട വിവിധ അനുമതികള്‍ക്കായി യു.എ.ഇ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്. അനുമതികള്‍ ലഭിച്ച ശേഷം നിക്ഷേപം ഘട്ടങ്ങളായി നടത്തും. ഇന്ത്യയിലെ ഫുഡ് പാര്‍ക്കുകളില്‍ നിക്ഷേപം നടത്തുമെന്ന് 2018ലാണ് യു.എ.ഇ ആദ്യം വാഗ്ദാനം ചെയ്തത്. പിന്നീട് 2022 ജൂലൈയില്‍ നടന്ന ലീഡേഴ്സ് ഉച്ചകോടിയില്‍ പ്രഖ്യാപിച്ച I2U2ന് കീഴിലേക്ക് ഈ പദ്ധതി എത്തുകയായിരുന്നു.



SHARE

Author: verified_user