Saturday, 2 December 2023

ശ്വാസകോശത്തെ ബാധിക്കുന്ന 'വൈറ്റ് ലങ് സിൻഡ്രോം' വ്യാപകമാകുന്നു...

SHARE

ശ്വാസകോശത്തെ ബാധിക്കുന്ന 'വൈറ്റ് ലങ് സിൻഡ്രോം' വ്യാപകമാകുന്നു...


ശ്വാസകോശരോഗങ്ങളെ നാം ശരിക്കും ഭയക്കാറുണ്ട്. കാരണം അത് ശ്രദ്ധിച്ചില്ലെങ്കില്‍ ജീവൻ തന്നെ കവരുന്ന അവസ്ഥയിലേക്ക് എത്താമെന്നതിനാലാണിത്. പ്രത്യേകിച്ച് കൊവിഡ് 19ന് ശേഷമാണ് ശ്വാസകോശരോഗങ്ങളെ ചൊല്ലി ആളുകള്‍ക്കിടയില്‍ ഇത്രമാത്രം ആശങ്ക കനക്കുന്നത്. 

കൊവിഡിന് ശേഷം ധാരാളം പേരില്‍ അടിക്കടി ചുമയോ ജലദോഷമോ പോലുള്ള അണുബാധകള്‍ പിടിപെടുന്ന സാഹചര്യവുമുണ്ട്. ഇതിനിടെ ഇപ്പോള്‍ ചൈനയില്‍ നിന്ന് തന്നെ മറ്റൊരു ശ്വാസകോശരോഗം കൂടി മറ്റ് രാജ്യങ്ങളിലേക്ക് പടരുകയാണ്. ഒരു പ്രത്യേകതരം ന്യുമോണിയ ആണിതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതിനെയാണ് നിലവില്‍ 'വൈറ്റ് ലങ് സിൻഡ്രോം'എന്ന് വിശേഷിപ്പിക്കുന്നത്. 

ഈ രോഗം ബാധിച്ചവരുടെ എക്സ്റേയില്‍ കാണുന്ന വെളുത്ത ഭാഗങ്ങളുടെ ചുവട് പിടിച്ചാണ് ഇങ്ങനെയൊരു പേര് രോഗത്തിന് ലഭിക്കുന്നത്. കൊവിഡ് കേസിലെന്ന പോലെ ചൈന തന്നെയാണ് ഈ ന്യുമോണിയയുടെയും പ്രഭവകേന്ദ്രം. എന്നാലിപ്പോള്‍ ഇത് പല രാജ്യങ്ങളിലേക്കും എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 

കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.

അധികവും കുട്ടികളെയാണ് ഇത് ബാധിക്കുന്നത് മൂന്ന് മുതല്‍ എട്ട് വയസ് വരെയുള്ള കുട്ടികളിലാണ് റിസ്ക് കൂടുതലുള്ളത്. ശ്വാസകോശ അണുബാധകള്‍ക്ക് കാരണമായി വരുന്ന 'മൈക്കോപ്ലാസ്മ ന്യുമോണിയെ' എന്ന ബാക്ടീരിയയുടെ പുതിയൊരു വകഭേദമാണ് 'വൈറ്റ് ലങ് സിൻഡ്രോ'ത്തിന് കാരണമാകുന്നതത്രേ. 'അക്യൂട്ട് റെസ്പിരേറ്ററി ഡിസ്ട്രെസ് സിൻഡ്രോം', 'പള്‍മണറി ആല്‍വിയോളാര്‍ മൈക്രോലിഥിയാസിസ്', 'സിലിക്കോസിസ്' എന്നിങ്ങനെയുള്ള ശ്വാസകോശ അണുബാധകളെല്ലാം 'വൈറ്റ് ലങ് സിൻഡ്രോ'ത്തിനകത്ത് ഉള്‍പ്പെടുത്താമെന്നും വിദഗ്ധര്‍ പറയുന്നു. 

എന്തുകൊണ്ടാണ് 'വൈറ്റ് ലങ് സിൻഡ്രോം' പിടിപെടുന്നത് എന്നതിന് കൃത്യമായൊരു കാരണം കണ്ടെത്താൻ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. അതേസമയം ബാക്ടീരിയകള്‍- വൈറസുകള്‍- പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയുടെയെല്ലാം ഒരു 'കോമ്പിനേഷൻ' ആണ് രോഗത്തിലേക്ക് നയിക്കുന്നതെന്ന് പറയപ്പെടുന്നു. ഇക്കൂട്ടത്തില്‍ കൊവിഡ് 19ഉം ഉള്‍പ്പെടുന്നു. അതായത് കൊവിഡ് 19 മഹാമാരിയുടെ ഒരു പരിണിതഫലമായാണ് വൈറ്റ് ലങ് സിൻഡ്രോം വ്യാപകമായത് എന്ന അനുമാനവും ഉണ്ട്. 

ശ്വാസതടസം, ചുമ, നെഞ്ചുവേദന, പനി, തളര്‍ച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് സാധാരണഗതിയില്‍ വൈറ്റ് ലങ് സിൻഡ്രോത്തില്‍ കാണുക. ചിലരില്‍ രോഗതീവ്രതയ്ക്കും രോഗത്തിന്‍റെ വരവിലുള്ള സവിശേഷതയ്ക്കും അനുസരിച്ച് ലക്ഷണങ്ങളില്‍ ചില മാറ്റങ്ങള്‍ കാണാമെന്നും വിദഗ്ധര്‍ സൂചന നല്‍കുന്നു.

കേരളാ ഹോട്ടൽ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


SHARE

Author: verified_user