വയനാട്ടിൽ യാത്ര പോവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒട്ടേറെ ഇടങ്ങളുണ്ട്. ഒരു മലയോര ജില്ലയിൽ ലഭിക്കാവുന്ന എല്ലാ പരിധിക്കും അപ്പുറം വയനാടിനെ കൂടുതൽ സുന്ദരിയാക്കുന്നത് മറ്റ് ചില ഇടങ്ങളാണ്. ഇടുക്കിയിലെ മീശപ്പുലിമല പോലെ, പത്തനംതിട്ടയിലെ ഗവി പോലെ, തിരുവനന്തപുരത്തെ പൊന്മുടി പോലെ വയനാടിന് സ്വന്തം കുറുമ്പാലക്കോട്ടയുണ്ട് സഞ്ചാരികളെ ആകർഷിക്കാൻ.
വടക്കൻ കേരളത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ വയനാട്ടിൽ എത്തുന്നവർ ഒരിക്കലും വിട്ടുകളയാൻ പാടില്ലാത്ത ഒരിടമാണ് കുറുമ്പാലക്കോട്ട. അത്രയധികം പ്രകൃതി ഭംഗി കൊണ്ടും, കാലാവസ്ഥ കൊണ്ടും നമ്മെ ഭ്രമിപ്പിക്കുന്ന ഇടമാണ് ഇത്. ഇവിടേക്ക് പോവുന്നവർ പരമാവധി പുലർകാലം അവിടെ ചിലവഴിക്കാൻ ശ്രമിക്കണം.
വയനാടിന്റെ ഒത്തനടുവിലായാണ് കുറുമ്പാലക്കോട്ട സ്ഥിതി ചെയ്യുന്നത്. പേര് കേട്ട് കോട്ടയും തപ്പി ഇവിടേക്ക് പോവുന്നവർക്ക് നിരാശപെടേണ്ടി വരും. കാരണം ഇവിടെ ഒരിടത്തും നിങ്ങൾക്ക് കോട്ട കാണാൻ കഴിയില്ല, എന്നാൽ കോട കാണാൻ കഴിയും. സ്വർഗത്തിലേക്ക് തുറന്ന കവാടം പോലെ മലമുകളിൽ തൂവെള്ള മേഘങ്ങൾ പഞ്ഞിക്കെട്ടുകൾ പോലെ നമുക്ക് മുൻപിൽ നിൽകുമ്പോൾ അതൊരു മനോഹര കാഴ്‌ച ആയിരിക്കും.
സൂര്യോദയവും അസ്‌തമയവും ആസ്വദിക്കാന്‍ വയനാട്ടിലെ ഏറ്റവും മികച്ച ഇടങ്ങളിൽ ഒന്നാണ് കുറുമ്പാലക്കോട്ട. ഇവിടേക്ക് കയറി എത്താൻ ഇത്തിരി ബുദ്ധിമുട്ട് സഹിക്കണമെന്ന് മാത്രമേയുള്ളൂ. ഇവിടെ ടെന്റ് അടിച്ചു താമസിക്കേണ്ടവർക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ റിസോര്‍ട്ടുകളും ഒരുപാടുണ്ട്.
വലിയൊരു ചരിത്രം പേറുന്ന ഇടംകൂടിയാണിത്. പഴശ്ശി രാജയും ബ്രിട്ടീഷ് സൈന്യവും ഏറ്റുമുട്ടിയ കാലത്ത് പഴശ്ശിയുടെ സൈന്യം ഈ മലമുകളിൽ തമ്പടിക്കുകയും ഇതൊരു കോട്ട പോലെയായി പട നയിക്കുകയും ചെയ്‌തുവെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്അതിനാലാണ് ഇവിടം കുറുമ്പാലക്കോട്ട എന്നറിയപ്പെടുന്നതെന്നും വാമൊഴികളിൽ പറയപ്പെടുന്നു.
എന്ത് തന്നെയായാലും വയനാട്ടിലെ ടൂറിസം ലൊക്കേഷനുകളിൽ ഇന്ന് ഒരു പ്രധാന കേന്ദ്രമാണ് ഇവിടാമെന്ന് പറയാതെ വയ്യ. വൈത്തിരി താലൂക്കിലെ കോട്ടത്തറ പഞ്ചായത്തിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് ഏറ്റവും അടുത്ത പട്ടണം വെണ്ണിയോടാണ്. കല്‍പറ്റയില്‍നിന്ന് മാനന്തവാടി റോഡിലൂടെ കമ്പളക്കാട് വഴി കുറുമ്പാലക്കോട്ടയിലേക്ക് 7 കിലോമീറ്ററാണു ദൂരം. പക്രംതളം ചുരം വഴി വരികയാണെങ്കിൽ കോറോം-കെല്ലൂര്‍ വഴി കുറുമ്പാലക്കോട്ടയുടെ താഴ്‌വരയിലെത്താം.
വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍