കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന കൊളാവിപ്പാലം ടൂറിസം വികസനം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വടകര സാന്റ് ബാങ്ക്‌സ് മുതല്‍ മിനി ഗോവയുള്‍പ്പടെ പ്രദേശത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും മാസ്റ്റര്‍ പ്ലാനെന്നും പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്കായി വിനോദസഞ്ചാര വകുപ്പില്‍ നിന്നും തുകയനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രദേശത്തിന്റെ പാരിസ്ഥിതികാഘാത പഠനം നടത്താൻ തീരുമാനിച്ചു. 2024 ജൂണില്‍ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ച് 2025 തുടക്കത്തില്‍ ആദ്യഘട്ട നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വടകര, പയ്യോളി നഗരസഭകളെ കൂടി കൂട്ടിയോജിപ്പിച്ചാണ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടത്. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെയും ഫണ്ട് വിനിയോഗിക്കണം.
പയ്യോളി നഗരസഭയുടെ കീഴിലാണ് കൊളാവിപ്പാലം സ്ഥിതി ചെയ്യുന്നത്. കണ്ടല്‍ കാടുകള്‍, ആമയുടെ ആവാസ വ്യവസ്ഥ തുടങ്ങിയവ സംരക്ഷിക്കണം. പ്രദേശവാസികൾക്ക് ടൂറിസം സാധ്യതകള്‍ മനസ്സിലാക്കി നൽകണം. റവന്യൂ ഭൂമിക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ ഭൂമി കൂടി ഏറ്റെടുക്കണം. പൊതുമേഖലകളെയും സ്വകാര്യ, അര്‍ധ സ്വകാര്യ മേഖലകളെയും ഉള്‍പ്പെടുത്തിയാണ് ടൂറിസം വികസനം സാധ്യമാക്കേണ്ടത്. ഭാവിയില്‍ കാപ്പാട് മുതല്‍ സാന്റ്ബാങ്ക്‌സ് വരെയുള്ള സ്ഥലങ്ങളെ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പദ്ധതി പ്രദേശത്തിന്റെ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു.
സാന്റ്ബാങ്ക്‌സ്, കുഞ്ഞാലിമരക്കാര്‍ മ്യൂസിയം, മിനി ഗോവ, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, ബോട്ട്‌ജെട്ടി, വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍, ടെന്റുകള്‍, നടപ്പാത ഉള്‍പ്പടെ അടങ്ങിയതാണ് കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍. യു.എല്‍.സി.സി.എസാണ് കരട് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്.
യോഗത്തില്‍ എം.എല്‍.എമാരായ കാനത്തില്‍ ജമീല, കെ കെ രമ, വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു, പയ്യോളി നഗരസഭ ചെയര്‍മാന്‍ വി കെ അബ്ദുറഹ്‌മാന്‍, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ്‌കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി നിഖില്‍ ദാസ്, കെ കെ മുഹമ്മദ്, പയ്യോളി നഗരസഭ മുന്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ്, യു.എല്‍.സി.സി.എസ് ജീവനക്കാര്‍, വിനോദസഞ്ചാര വകുപ്പ് ജീവനക്കാര്‍, നഗരസഭ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.