Tuesday, 11 June 2024

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മൊഴിമാറ്റി പരാതിക്കാരി: ഭര്‍ത്താവിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍

SHARE


കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മൊഴിമാറ്റി പരാതിക്കാരി. ഭര്‍ത്താവിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് യുവതി പറഞ്ഞു. താൻ പറഞ്ഞതെല്ലാം കളവായിരുന്നുവെന്നും കുടുംബത്തിന്‍റെ സമ്മര്‍ദം മൂലം അത്തരത്തില്‍ തനിക്ക് പറയേണ്ടിവന്നുവെന്നും യുവതി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച 18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് യുവതി ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.
'കുടുംബത്തിന്‍റെ സമ്മര്‍ദം കൊണ്ടാണ് ഇത്തരത്തിലൊരു മൊഴി നല്‍കിയത്. ഭര്‍ത്താവോ കുടുംബമോ തന്നോട് ഒരിക്കലും സ്‌ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല വിവാഹത്തിന് തനിക്ക് ധരിക്കാന്‍ വേണ്ട വസ്‌ത്രങ്ങള്‍ അടക്കം രാഹുലാണ് വാങ്ങി നല്‍കിയത്.
കേസിന് ബലം കിട്ടാനാണെന്ന് പറഞ്ഞാണ് സ്‌ത്രീധനം സംബന്ധിച്ചുള്ള ആരോപണം ഉന്നയിച്ചത്. വിവാഹത്തിന് മുമ്പ് ഭര്‍ത്താവായ രാഹുല്‍ നേരത്തെ വിവാഹം രജിസ്‌റ്റര്‍ ചെയ്‌ത കാര്യം തന്നെ അറിയിച്ചിരുന്നു. വീട്ടുകാരെ ഇക്കാര്യം അറിയിക്കേണ്ടയെന്നത് താനാണ് രാഹുലിനോട് പറഞ്ഞത്. കുറ്റബോധം കാരണമാണ് ഇപ്പോഴെല്ലാം തുറന്ന് പറയുന്നത്.'
'ബെല്‍റ്റ് കൊണ്ട് അടിച്ചുവെന്നതും ചാര്‍ജര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നതും കള്ളമായിരുന്നു. ഞങ്ങള്‍ തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിനിടെ രാഹുല്‍ രണ്ട് തവണ തല്ലിയിട്ടുണ്ട്. അതിന് ശേഷം ശുചിമുറിയില്‍ വീണ് തനിക്ക് പരിക്കേറ്റു. എന്നാല്‍ പരിക്കേറ്റ തന്നെ ഭര്‍ത്താവ് ആശുപത്രിയിലെത്തി ചികിത്സ നല്‍കിയിരുന്നു.
മാതാപിതാക്കളുടെ ആത്മഹത്യ ഭീഷണിക്ക് മുന്നില്‍ തനിക്ക് വഴങ്ങേണ്ടി വന്നു. കുടുംബത്തിന്‍റെ ഈ ഭീഷണി കാരണമാണ് താന്‍ പൊലീസിലും മാധ്യമങ്ങള്‍ക്ക് മുന്നിലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത്. അതില്‍ പശ്ചാത്തപിക്കുന്നുവെന്നും' യുവതി വീഡിയോയില്‍ പറഞ്ഞു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user