Friday 26 July 2024

സ്വിഗ്ഗിക്കും സോമറ്റോയ്ക്കും സോഷ്യൽ മീഡിയയിൽ വിമർശനം

SHARE


ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗിയുടെ ഡെലിവറി ജീവനക്കാരെ പലപ്പോഴും നാം കണ്ടിട്ടുണ്ടാകും. സ്വിഗിയുടെ ചിഹ്നം പതിച്ച ബാഗും, തൊപ്പിയും, ടീഷർട്ടുമെല്ലാം അവരെ പെട്ടെന്ന് തിരിച്ചറിയുന്നതിന് സഹായകരമാണ്. പക്ഷെ ഇതൊന്നും സ്വിഗി സൌജന്യമായല്ല ജീവനക്കാർക്ക് നൽകുന്നതെന്ന വാർത്തകളെത്തുടർന്ന് സോഷ്യൽ മീഡിയയിലെല്ലാം ചൂടുപിടിച്ച ചർച്ചയാണ് നടക്കുന്നത്. ഒരു ബാഗിന് 299 രൂപയും രണ്ട് ടീ ഷർട്ടുകളും ഒരു ബാഗും ഉള്ള ഒരു സമ്പൂർണ കിറ്റിന് 1199 രൂപയും ഒരു റെയിൻ കോട്ടിന് 749 രൂപയുമാണ് സ്വിഗി ഈടാക്കുന്നത്.  സ്വിഗിയുടെ ബാഗിന് കേടുപാടുകൾ സംഭവിച്ചാൽ   അതിന്റെ വില ഡെലിവറി ജീവനക്കാരുടെ വരുമാനത്തിൽ നിന്ന് രണ്ട് ഗഡുക്കളായി കുറയ്ക്കും. ബ്രാൻഡ് പരസ്യം ചെയ്യുന്ന ബാഗ്, റെയിൻകോട്ട്, ടി-ഷർട്ട് എന്നിവയ്ക്ക് ഡെലിവറി തൊഴിലാളികളിൽ നിന്ന് നിരക്ക് ഈടാക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഉയരുന്നത്.
മറ്റൊരു ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയിലെ അവസ്ഥയും വ്യത്യസ്തമല്ല. ഡെലിവറി ജീവനക്കാരിൽ നിന്നും യൂണിഫോമുകൾക്കും കിറ്റുകൾക്കും സൊമാറ്റോ പണം ഈടാക്കുന്നുണ്ട്.  മുംബൈ നഗരത്തിൽ യൂണിഫോമിനും ബാഗിനും മാത്രം 1,600 രൂപയാണ് സൊമാറ്റോ ഈടാക്കുന്നത്. ഈ  കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർ ഉയർന്ന ശമ്പളം വാങ്ങുമ്പോഴാണ് വളരെ താഴ്ന്ന വരുമാനമുള്ള ഡെലിവറി ജീവനക്കാരോടുള്ള ഇത്തരം സമീപനമെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നു. കമ്പനികൾ വർഷത്തിൽ ഒരിക്കലെങ്കിലും കിറ്റുകൾ സൗജന്യമായി നൽകണമെന്നും അല്ലെങ്കിൽ അധിക ചെലവില്ലാതെ ഏതെങ്കിലും തരത്തിലിവ പുതുക്കി വാങ്ങുന്നതിനുള്ള സൌകര്യം ഏർപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട് .
ആരോപണങ്ങളെക്കുറിച്ചോ പൊതുജന പ്രതികരണത്തെക്കുറിച്ചോ സ്വിഗ്ഗി പ്രതികരിച്ചിട്ടില്ല.  അടുത്തിടെ ഈ രണ്ടു പ്ലാറ്റുഫോമുകളും പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ചിരുന്നു. 5 രൂപയില്‍ നിന്നും 6 രൂപയായാണ് പ്ലാറ്റ്ഫോം ഫീസ് ഇരു കമ്പനികളും വര്‍ധിപ്പിച്ചിരിക്കുന്നത്. 20 ശതമാനമാണ് വര്‍ധന. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സോഷ്യൽ മീഡിയയിലെ കനത്ത പ്രതിഷേധം.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user