Wednesday 24 July 2024

യുവതിയെ കാറിൽ പിടിച്ചുകയറ്റി ബലമായി കഞ്ചാവ് വലിപ്പിച്ച് അപമാനിച്ചു; കൊടും ക്രിമിനൽ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

SHARE


പത്തനംതിട്ട : കാറിൽ കയറ്റിക്കൊണ്ടുപോയി യുവതിയെ ബലം പ്രയോഗിച്ച് കഞ്ചാവ് വലിപ്പിക്കുകയും, ശാരീരികമായി അപമാനിക്കുകയും ചെയ്‌ത കേസിൽ കൊടും ക്രിമിനൽ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കവർച്ച, മോഷണം, ബലാത്സംഗം, പോക്സോ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കല്ലൂപ്പാറ കടമാൻകുളം ചാമക്കുന്ന് കോളനിയിൽ പ്രവീൺ എന്ന് വിളിക്കുന്ന ബസലേൽ സി മാത്യു (37), തിരുവല്ല യമുന നഗർ ദർശന ഭവനം വീട്ടിൽ സ്റ്റോയി വർഗീസ് (30) എന്നിവരെയാണ് കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ജൂൺ മൂന്നിന് വൈകിട്ട് നാലേകാലോടെ കടമാങ്കുളം ഗവൺമെന്‍റ്‌ ഹെൽത്ത് സെന്‍ററിന് സമീപം റോഡിൽ നിന്നാണ് യുവതിയെ ഒന്നാം പ്രതിയായ പ്രവീൺ ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോയത്. കവിയൂർ ഞാലിക്കണ്ടം പെരുന്തുരുത്തിയിലേക്കാണ്‌ കാറോടിച്ചു പോയത്. പിൻസീറ്റിലിരുന്ന് ഇയാൾ വെള്ളക്കടലാസിൽ പൊതിഞ്ഞ കഞ്ചാവെടുത്ത് യുവതിക്കുനേരെ നീട്ടി വലിക്കാൻ ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ യുവതിയുടെ ശരീരത്തിൽ സ്‌പര്‍ശിച്ച് അപമാനിച്ചു.
രണ്ടാം പ്രതി സ്റ്റോയി വർഗീസ് കയ്യിലിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിക്കുകയായിരുന്നു. ഇയാൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്‌തു. പ്രവീണിനൊപ്പം യാത്ര പോയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, തുടർന്ന് വൈകിട്ട് ആറരയോടെ കല്ലൂപ്പാറ പ്രതിഭ ജങ്‌ഷനിൽ യുവതിയെ ഇറക്കിവിടുകയായിരുന്നു.
പിറ്റേന്ന് വൈകിട്ട് ഇതേസമയം രണ്ടും മൂന്നും പ്രതികൾ കാറിലെത്തി കല്ലൂപ്പാറയിൽ വച്ച് യുവതിയെ അസഭ്യം പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവത്തെ പറ്റി ഈ മാസം ഏഴിന് കീഴ്‌വായ്‌പ്പൂർ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു. തുടർന്ന് യുവതിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ്, പ്രതികൾ സഞ്ചരിച്ച കാറിനെപ്പറ്റി അന്വേഷിച്ചെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും കിട്ടിയിരുന്നില്ല.
ഇതിനിടെയാണ് അടൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത ആടുകളെ മോഷ്‌ടിച്ചുകടത്തിയ കേസിൽ പിടികൂടിയ പ്രതി ഈ കേസിലെ രണ്ടാം പ്രതിയാണെന്ന വിവരം ലഭിച്ചത്. റിമാൻഡിൽ കഴിഞ്ഞുവരുന്ന ഇയാളുടെ ഫോർമൽ അറസ്റ്റിനായി കീഴ്‌വായ്‌പ്പൂർ പൊലീസ്, അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയതിന്‍റെ അടിസ്ഥാനത്തിൽ അനുവാദം ലഭിക്കുകയും, തുടർന്ന് പ്രതിയെ ഫോർമൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user