ചെങ്ങന്നൂര്‍: ഒടിപി നമ്പര്‍ ചോര്‍ത്തി ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കാനറാ ബാങ്ക് അക്കൗണ്ടില്‍ നിന്നും 1.74 ലക്ഷം രൂപ നഷ്ടപ്പെട്ടു. പരാതി നല്‍കിയപ്പോള്‍ ബാങ്ക് അധികാരികള്‍ കൈയ്യൊഴിയുന്നതായി അക്കൗണ്ട് ഉടമ.
കേന്ദ്രസര്‍ക്കാരിന്റെ പേ ആന്റ് അക്കൗണ്ട് സെക്ഷനില്‍ നിന്നും സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസറായി വിരമിച്ച ചെങ്ങന്നൂര്‍ യമുനാ നഗറില്‍ ആശാരി പറമ്പില്‍ കെ.ജി മാത്യുവാണ് തട്ടിപ്പിനിരയായത്.ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് വൈകിട്ട് ഇദ്ദേഹത്തിന്റെ കാനറ ബാങ്ക് ചെങ്ങന്നൂര്‍ ശാഖയിലെ എസ്ബി അക്കൗണ്ടില്‍ നിന്നുമാണ് രണ്ടു തവണയായി 1.74 ലക്ഷം രൂപ തട്ടിയെടുത്തത്.1.49 ലക്ഷം രൂപ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും 25,000 രൂപ ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയുമാണ് തട്ടിയെടുത്തത്.
മാര്‍ച്ച് 23ന് വൈകിട്ട് മാത്യു മൊബൈല്‍ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോഴാണ് പണം പിന്‍വലിക്കുന്നതിനുള്ള ഒടിപി നമ്പര്‍ ഉള്‍പ്പടെ ബാങ്കിന്റെ ഒരുപാട് സന്ദേശങ്ങള്‍ ഫോണില്‍ കണ്ടത്. ഇതില്‍ രണ്ട് തവണ പണം പിന്‍വലിച്ചതായും കണ്ടു.
പണം നഷ്ടമായെന്ന് മനസിലായ ഉടന്‍തന്നെ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യിപ്പിച്ചു. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ അവശേഷിച്ചിരുന്ന 2.54 ലക്ഷം രൂപ കൂടി നഷ്ടപ്പെടുമായിരുന്നു.ഇത് സംബന്ധിച്ച് ബാങ്കിന്റെ ചെങ്ങന്നൂര്‍ ശാഖയിലും പോലീസിലും പരാതി നല്‍കി. എന്നാല്‍ ബാങ്ക് പരാതി പരിശോധിച്ചു വരികയാണ് എന്ന് തുടക്കത്തില്‍ മറുപടി പറഞ്ഞെങ്കിലും മാത്യുവിന്റെ കുറ്റം കൊണ്ടാണ് പണം നഷ്ടപ്പെട്ടതെന്നാണ് ഇപ്പോള്‍ ബാങ്ക് പറയുന്നത്.
അക്കൗണ്ട് ഉടമയ്ക്ക് മാത്രം അറിയാവുന്ന എംപിന്‍, യുപിന്‍ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് പേയ്‌മെന്റുകള്‍ നടത്തിയിരിക്കുന്നതിനാല്‍ റീഇംബേഴ്‌സ്‌മെന്റിന് യോഗ്യനല്ലെന്ന് ബാങ്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.എന്നാല്‍ മാത്യുവിന്റെ ഫോണില്‍ ലഭിച്ച ഒടിപി സന്ദേശങ്ങള്‍ തട്ടിപ്പുകാര്‍ക്കും കിട്ടിയെന്നാണ് കരുതുന്നത്. ഇത് ഉപയോഗിച്ചാണ് തട്ടിപ്പ് നെടത്തിയെന്ന് മനസിലാക്കുന്നു.
കാനറാ ബാങ്കില്‍ നിന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. എന്നാല്‍ യാതൊരു പരിശോധനയും നടത്താതെയാണ് അക്കൗണ്ട് ഉടമയുടെ അറിവോടെയാണ് പണം പോയിരിക്കുന്നതെന്ന് ബാങ്ക് പറയുന്നത്.എന്നാല്‍ തട്ടിപ്പിനു ശേഷം മൊബൈല്‍ ഫോണിലേക്ക് വരുന്ന എസ്എംഎസ് സന്ദേശങ്ങള്‍ പിന്നീട് കാണുന്നില്ലെന്നും മാത്യു പറയുന്നു.തട്ടിപ്പിനെതിരെ അക്കൗണ്ട് ഉടമ പോലീസ്, കാനറ ബാങ്ക്, സൈബര്‍ സെല്‍, ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക