എറണാകുളം: സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് സർക്കാരിനോട് കേരള ഹൈക്കോടതി. ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് ഹാജരാക്കാൻ സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് കോടതി നടപടി.
ഓരോ ജില്ലയിലും പാരിസ്ഥിതിക പഠനം വേണമെന്ന് ഹൈക്കോടതി പറഞ്ഞു. ക്വാറികൾക്കും മറ്റും അനുമതി നൽകേണ്ടത് പാരിസ്ഥിതിക പഠനം നടത്തിയതിന് ശേഷമാകണമെന്നും ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, വിഎം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന - കേന്ദ്ര സർക്കാരുകൾ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തുടങ്ങിയവരെ കേസിൽ കക്ഷി ചേർത്ത കോടതി, ദുരന്തനിവാരണ അതോറിറ്റിയോട് ഏറ്റവും പുതിയ റിപ്പോർട്ട് ഹാജരാക്കാനും ആവശ്യപ്പെട്ടു.
പരിസ്ഥിതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം വേണം. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വിവിധ വകുപ്പുകൾ പല തരത്തിലാണ് നടപടികൾ എടുക്കുന്നത്. അതിനാൽ വകുപ്പുകൾ തമ്മിൽ ഏകോപനം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.
പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച് സമഗ്രമായ പഠനം അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിൽ സർക്കാർ നയങ്ങൾ മാറ്റാൻ സാധിക്കുമോ എന്നതാണ് പരിഗണിക്കുന്നതെന്നും ഓർമിപ്പിച്ചു. ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ വയനാടിന് മേൽ കോടതി നിരീക്ഷണമുണ്ടാകുമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞിട്ടുണ്ട്.
അതിനിടെ, കുത്തനെ ചരിവുള്ള കുന്നുകളിൽ നിന്നടക്കം കെട്ടിട നിർമാണത്തിനായി മണ്ണെടുക്കുന്നത് ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷൻ ബെഞ്ച് തടഞ്ഞു. കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽ കൊണ്ടുവന്ന ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി എസ് ഉണ്ണികൃഷ്‌ണൻ നൽകിയ ഹർജിയിലാണ് നടപടി. ചരിവുള്ള കുന്നുകളിൽ നിന്ന് മണ്ണെടുക്കാൻ അനുമതി നൽകുന്നതാണ് മൂന്നാർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ പ്രശ്‌നമെന്നും കോടതി പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക