Tuesday 20 August 2024

'റിപ്പോര്‍ട്ടിലുള്ളത് ഞെട്ടല്‍ ഉളവാക്കുന്ന കാര്യങ്ങള്‍, അതിലെ ഓരോ വരികളും ഓരോരുത്തരുടെയും അനുഭവങ്ങള്‍': ബീന പോള്‍

SHARE


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഡബ്ല്യൂസിസി അംഗം ബീന പോള്‍. റിപ്പോര്‍ട്ടിന്‍ മേല്‍ നടപടികള്‍ ഉറപ്പാക്കുന്നത് വരെ ഡബ്ല്യൂസിസി പോരാട്ടം തുടരുമെന്നും ബീന പോള്‍ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ച് ബീന പോള്‍.
വസ്‌തുതകള്‍ അടിസ്ഥാനമാക്കിയുള്ള ആദ്യ റിപ്പോര്‍ട്ടാണിതെന്നും ഇനിയെന്ത് വേണമെന്ന് ആലോചിച്ച് തീരുമാനം എടുക്കുമെന്നും ബീന പോള്‍ വ്യക്‌തമാക്കി. 'ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായിരുന്നു. സ്‌ത്രീകളുടെ ഒരു പോരാട്ടവും എളുപ്പമല്ല. സ്‌ത്രീകള്‍ക്ക് അംഗീകാരത്തോടെ ജോലി എടുക്കാന്‍ ആവണം. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് കഴിഞ്ഞത്. കുറേ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വായിക്കുമ്പോള്‍ തന്നെ ഞെട്ടല്‍ ഉളവാക്കുന്ന പല കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ വലിയ വേദനയാണ് ഉണ്ടാകുന്നത്. ആ റിപ്പോര്‍ട്ടിലെ ഓരോ വരികളും ഓരോരുത്തരുടെയും അനുഭവങ്ങളാണ് പറയുന്നത്. ഡബ്ല്യൂസിസിയിലുള്ള ആരും ചതിച്ചിട്ടില്ല. ഓരോരുത്തരും അവരുടെ അനുഭവമാണ് പറഞ്ഞത്. ആരാണ് പറഞ്ഞതെന്ന് അറിയില്ല. എല്ലാവരുടെയും അനുഭവവും ഒരുപോലെ ആകില്ല.
ഡബ്ല്യൂസിസി ഒരു ക്ലബ്ബ് അല്ല. ആശയത്തിനുള്ള ഒത്തുച്ചേരലാണത്. ഈ റിപ്പോര്‍ട്ട് കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും വലിയ ഇംപാക്‌ട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോരാട്ടത്തിനിടയിൽ സംശയങ്ങളും പേടിയും ഒക്കെ ഇടയ്ക്ക് പലർക്കും ഉണ്ടായിട്ടുണ്ട്. സിനിമ ഇൻഡസ്ട്രി ഇത് പോസിറ്റീവ് ആയി ഉൾക്കൊള്ളണം.' -ബീന പോള്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ നടി രേവതിയും പ്രതികരിച്ചിട്ടുണ്ട്. ഇതൊരു ചരിത്ര നിമിഷമാണെന്നാണ് രേവതി സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചത്. 'അഞ്ചു വര്‍ഷത്തെ കോടതി സ്‌റ്റേകള്‍ക്കും ഡബ്ല്യൂസിസിക്കുള്ളിലെ മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ക്കും അഭിഭാഷകരുമായുള്ള സംവാദങ്ങള്‍ക്കും അവരുടെ ഉപദേശങ്ങള്‍ക്കും മറ്റ് തടസ്സങ്ങള്‍ക്കും ഒടുവില്‍ 235 പേജുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ പുറത്തിറക്കി. ഇനിയാണ് ഞങ്ങളുടെ ശരിക്കുള്ള ജോലികള്‍ തുടങ്ങുന്നത്. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ വായിച്ച് മനസ്സിലാക്കി അതിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്.
ഒരു ഡബ്ല്യൂസിസി അംഗം എന്ന നിലയില്‍ ഈ റിപ്പോര്‍ട്ടിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാക്കിയ എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ സമൂഹത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു വ്യക്‌തിത്വം നല്‍കിയ ഫിലിം ഇന്‍ഡസ്‌ട്രിയെ കൂടുതല്‍ സുരക്ഷിതവും മെച്ചപ്പെട്ടതുമായ ഒരു മേഖലയാക്കി പരിവര്‍ത്തനം ചെയ്യാന്‍ ഞങ്ങള്‍ തുടര്‍ന്നും പരിശ്രമിക്കും.' -രേവതി പറഞ്ഞു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user