ഇടുക്കി: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ സഹായം അഭ്യർഥിച്ച് ഫോൺ ചെയ്‌ത നാട്ടുകാരന് 'വിചിത്ര' മറുപടി നൽകി വനംവകുപ്പ് ഉദ്യോഗസ്ഥർ. ഇടുക്കി കാന്തല്ലൂരിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വിളിച്ചപ്പോഴാണ് വാഹനത്തിൽ ഇന്ധനമില്ലെന്നും സർക്കാർ പണം അനുവദിക്കുന്നില്ലെന്നും മറുപടി ലഭിച്ചത്. കാന്തല്ലൂരിലെ ജനവാസ മേഖലയിൽ ഇന്ന് (സെപ്‌തംബര്‍ 8) പുലർച്ചെ ഇറങ്ങിയ കാട്ടാനയെ തുരത്താൻ സഹായമഭ്യർഥിച്ചാണ് പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാരൻ വിളിച്ചത്.
വാഹനത്തിൽ ഇന്ധനമില്ലെന്നും ഇന്ധനം നിറച്ചശേഷം സ്ഥലത്തെത്താം എന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. പിന്നീട് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു.
വനംവകുപ്പിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ധനത്തിനും നിത്യനിദാന ചെലവിനും മുൻകൂറായി അനുവദിച്ച പണം തീർന്നതിനാലാണ് പ്രതിസന്ധിയെന്നും അടിയന്തര പരിഹാരം കാണുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ചിന്നക്കനാലിലെ ദ്രുതകർമ്മ സേനാംഗങ്ങൾക്ക് മാസങ്ങളായി ശമ്പളം പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. മനുഷ്യ-മൃഗ സംഘർഷം കൂടുതലുളള മേഖലയിലാണ് ഈ രീതിയിൽ സർക്കാർ അലംഭാവമെന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക