Friday 20 September 2024

അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ വൻതിരക്ക്

SHARE


ഓണാവധി ആഘോഷത്തിന്റെ ഭാഗമായെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ അനിയന്ത്രിതമായി ആളുകൾ കയറുന്നതിനാൽ വൻ അപകട ഭീഷണി. കഴിഞ്ഞ വർഷം സമാന സാഹചര്യം ഉണ്ടായപ്പോൾ നിയന്ത്രണം ഏർപ്പെടുത്തി കലക്ടർ ഇറക്കിയ ഉത്തരവുപോലും നടപ്പാക്കാൻ നടപടിയില്ല. അതിനൊപ്പം സാമൂഹിക വിരുദ്ധരുടെ ശല്യവും വാക്കേറ്റവും കയ്യാങ്കളിയും വർധിച്ചതും സഞ്ചാരികളെ ആശങ്കപ്പെടുത്തുന്നു. 2023ലെ ഓണക്കാലത്ത് തൂക്കുപാലത്തിൽ അനുവദനീയമായതിൽ കൂടുതൽ ആളുകൾ കയറുന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നതു സംബന്ധിച്ച മനോരമ വാർത്തയെ തുടർന്ന് ഒരേസമയം 40 പേരിൽ കൂടുതൽ പ്രവേശിക്കുന്നതു നിരോധിച്ച് കലക്ടർ ഉത്തരവിറക്കിയിരുന്നു. ഇതു വ്യക്തമാക്കി പാലത്തിന്റെ ഇരുവശങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകിയിരുന്നു. 

നിരോധനം ഫലപ്രദമായി നടപ്പാക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ പ്രദേശത്ത് നിയോഗിക്കാൻ ജില്ലാ പൊലീസ് മേധാവി നടപടിയെടുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തിരക്കുള്ള സമയങ്ങളിൽപോലും പൊലീസിന്റെ സേവനം മേഖലയിൽ ലഭിക്കാത്തതാണ് സാമൂഹിക വിരുദ്ധ ശല്യം വർധിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.

നിലവിൽ നാൽപതിലേറെ ആളുകൾ പാലത്തിൽ കയറുന്നതും പാലം കുലുക്കുന്നതും പതിവാണ്. പാലത്തിന്റെ മധ്യഭാഗത്ത് എത്തിയശേഷം ഇരുവശങ്ങളിലെയും കൈവരികളിലേക്ക് കാലുകൾ കയറ്റിവച്ചു നിന്നാണ് ചിലർ പാലം കുലുക്കുന്നത്. ഇതു തടയാൻ ശ്രമിക്കുന്ന നാട്ടുകാരുമായി ചില സഞ്ചാരികളും സാമൂഹിക വിരുദ്ധരും വാക്കേറ്റം നടത്തുകയും കയ്യാങ്കളിയിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം പാലം കുലുക്കിയത് ചോദ്യം ചെയ്ത നാട്ടുകാരെ ചിലർ സംഘം ചേർന്ന് കയ്യേറ്റം ചെയ്ത സംഭവം ഉണ്ടായി. പാലത്തിൽ വാഹനങ്ങൾ കയറ്റരുതെന്ന നിർദേശം പാലിക്കാതെ ഇരുചക്ര വാഹനങ്ങളിൽ പാലത്തിലൂടെ സഞ്ചരിക്കുന്നവരുമുണ്ട്.


കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഇടുക്കി ജലസംഭരണിക്കു കുറുകെ 2012-13 കാലഘട്ടത്തിൽ പണിത തൂക്കുപാലത്തിൽ അതിനുശേഷം ഇതുവരെ കാര്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ അപകടഭീഷണി നിലനിൽക്കുകയാണ്. 

ഇളകിക്കിടക്കുന്ന നട്ടുകളും ബോൾട്ടുകളും ഉറപ്പിക്കാനും ആവശ്യമായ വസ്തുക്കൾ മാറ്റിസ്ഥാപിക്കാനും പെയ്ന്റിങ് ജോലി ഉൾപ്പെടെ പൂർത്തിയാക്കാനും പലതവണ രൂപരേഖ തയാറാക്കിയിരുന്നു. 2019 മുതൽ തൂക്കുപാലം നവീകരണത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചതാണെങ്കിലും ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. 

തൂക്കുപാലം കാണാനായി ദിവസേന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനു വിനോദസഞ്ചാരികളാണ് എത്തുന്നത്. ഇവർക്ക് സുരക്ഷാക്രമീകരണങ്ങളുടെ പോരായ്മ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.  മദ്യപസംഘങ്ങൾ സ്ത്രീകളെയും മറ്റും ശല്യം ചെയ്യുന്നത് വാക്കേറ്റത്തിനും കയ്യാങ്കളിക്കും കാരണമാകുകയാണ്. ഏതാനും വർഷം മുൻപ് തൂക്കുപാലം സന്ദർശിക്കാൻ എത്തിയ സംഘത്തിൽപെട്ട സ്ത്രീയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ 9 പേർക്ക് പരുക്കേറ്റിരുന്നു.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user