ഗതകാല സമൃദ്ധിയുടെ സ്മൃതികളുണര്‍ത്തുന്ന തിരുവോണം പ്രവാസ ലോകത്തെ മലയാളികൾ ഗംഭീരമായി ആഘോഷിക്കുന്നു. മലയാളികളോടൊപ്പം ഇതര രാജ്യക്കാരും സ്വദേശികളും ആഘോഷത്തിൽ പങ്കെടുക്കുന്നു എന്നതാണ് ഗൾഫിലെ ഓണാഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അന്യ രാജ്യക്കാരാണ് ഓണാഘോഷത്തിൽ പങ്കുചേരുന്നത്.
കേരളീയ വസ്ത്രമണിഞ്ഞെത്തി പൂക്കളിമിടാനും സദ്യ വിളമ്പാനും ഇവർക്ക് ഏറെ താത്പര്യമാണ്. സഹപ്രവർത്തകരിൽ നിന്ന് ഓണത്തെക്കുറിച്ച് കേട്ടറിഞ്ഞ ഇവർ എല്ലാവരും ഒത്തൊരുമയോടെ സന്തോഷിക്കുന്ന ഇത്തരമൊരു ആഘോഷം തങ്ങളുടെ നാട്ടിലില്ലെന്ന് ഖേദിക്കുകയും ചെയ്യുന്നു.എല്ലാ മനുഷ്യരേയും ഒന്നായി കണ്ട മാവേലിത്തമ്പുരാൻ മലയാളികളുടെ മഹാഭാഗ്യമാണെന്ന് ഫിലിപ്പീൻ സ്വദേശിനി മരിയ പറഞ്ഞു. സാരിയുടുത്ത് മുല്ലപ്പൂ ചൂടിയാണ് മിക്കവരും ഓണാഘോഷത്തിൽ പങ്കുകൊള്ളുന്നത്. ഇന്ന് വാരാന്ത്യ, നബിദിന അവധിയായതിനാൽ മലയാളികൾക്ക് തിരുവോണദിവസം തന്നെ ആഘോഷിക്കാൻ കഴിഞ്ഞു എന്ന പ്രത്യേകതയുമുണ്ട്.
കുടുംബങ്ങൾ പലരും രാവിലെ തന്നെ കുളിച്ചൊരുങ്ങി പുത്തൻ ഓണവസ്ത്രമണിഞ്ഞ് ജബൽ അലിയിൽ ക്ഷേത്രദർശനം നടത്തിയ ശേഷമാണ് ആഘോഷത്തിലേക്ക് പ്രവേശിച്ചത്. ഫ്ലാറ്റുകളിൽ ഒത്തുകൂടി പാട്ടും നൃത്തവും സദ്യയുമായി ആഘോഷം പൊടിപൊടിക്കുന്നു. അക്കാഫ് അസോസിയേഷനടക്കം പല സംഘടനകളും ഇന്ന് ഓണമാഘോഷിക്കുന്നു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റൽ പോലുള്ള സ്ഥാപനങ്ങളും ആഘോഷത്തിമിർപ്പിലാണ്. അറബികളുമൊത്ത് ഒപ്പനപ്പാട്ടും തിരുവാതിരയുമായി വേറിട്ട ഓണാഘോഷമാണ് ഇവിടെ നടന്നത്. സ്വദേശി അറബ് പൗരപ്രമുഖരും തിരുവോണ ഒപ്പനയിൽ പങ്കുചേർന്നു.നബിദിനവും തിരുവോണമൊക്കെ ചേർന്ന് സഹിഷ്‌ണുതയുടെ വേറിട്ട ആഘോഷ മാതൃകയാണ് പ്രവാസ ലോകത്ത് തീർത്തത്.മൾട്ടി നാഷനൽ കമ്പനികൾ ഉൾപ്പെടെ വലിയ രീതിയിൽ ഉള്ള ഓണാഘോഷ പരിപാടികളാണ് ഓഫിസുകളിലും ഹോട്ടലുകളിലും ഒരുക്കിയിട്ടുള്ളത്. എല്ലാവർക്കും ഇന്ന് തന്നെ ആഘോഷിക്കാനുള്ള ഹാളുകൾ ലഭ്യമല്ലാത്തതിനാൽ അടുത്ത വാരാന്ത്യ ദിനങ്ങളിലും നടക്കും.ബാച്‌ലർമാരുടെ ഫ്ലാറ്റുകളിലും പൂക്കളമിട്ടുള്ള ആഘോഷം തകൃതിയാണ്. പുരുഷപ്രജകൾ തന്നെ വിഭവങ്ങളൊരുക്കി സദ്യയാസ്വദിച്ചു. വൈകിട്ടോടെ ചൂട് ഇത്തിരി കുറയുമ്പോൾ പാർക്കിലും ബീച്ചിലും മാളുകളിലും മറ്റും പോകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബങ്ങൾ. യുവജനതയാണെങ്കിൽ കൂട്ടുകാരുമായി കമ്പനി ചേർന്ന് സിനിമയ്ക്കും ബീച്ചിലും മാളുകളിലും പോകാൻ പദ്ധിയിട്ടിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക