Friday, 11 October 2024

തക്കാളി വില 50-ന് മുകളിലേക്ക്,വരുന്നത് ദൂരെനിന്ന്.....

SHARE

കോഴിക്കോട്‌: ജില്ലയിലേക്ക്‌ തക്കാളിയെത്തുന്ന ദൂരം കൂടിയതോടെ വിലയും
കൂടി. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടിൽ തക്കാളിയുടെ ലഭ്യത കുറഞ്ഞതോടെ
കോലാറില്‍നിന്നും ആന്ധ്രപ്രദേശിലെ മദനപ്പള്ളിയില്‍നിന്നുമാണ്‌ പ്രധാനമായും
ജില്ലയിലേക്ക്‌ തക്കാളിയെത്തുന്നത്‌. ഇതോടെയാണ്‌ വിലയും കൂടിത്തുടങ്ങിയത്‌.
കുറച്ചുദിവസങ്ങളായി ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും ഒക്ടോബര്‍ തുടക്കംമുതൽ
വില 50-ന്‌ മുകളിലാണ്‌.


വ്യാഴാഴ്ച കിലോഗ്രാമിന്‌ 51 രൂപയ്ക്കായിരുന്നു ചില്ലറവില്‍പ്പന.
മൊത്തവിപണിയില്‍ 44.8 രൂപയും. വില ഏറ്റവുമുയര്‍ന്നത്‌ ഒക്ടോബർ
നാലിനാണ്‌. 60 രൂപയിലെത്തി അന്ന്‌ മൊത്തവിൽപ്പന വില.

ജൂണില്‍ തക്കാളിയുടെ മൊത്തവില്‍പ്പന വില 64-ലെത്തിയിരുന്നെങ്കിലും പിന്നീട്‌
കുറഞ്ഞ്‌ ഓഗസ്റ്റ്‌ 22 ആയപ്പോഴേക്കും 14.8 രൂപയിൽവരെ എത്തിയിരുന്നു.
പിന്നീട്‌ വിലകൂടിയെങ്കിലും ഓണക്കാലത്ത്‌ 22-23 രൂപയ്ക്കാണ്‌ വിറ്റത്‌. എന്നാല്‍,
ഓണം കഴിഞ്ഞതോടെയാണ്‌ വില പെട്ടെന്ന്‌ ഉയര്‍ന്നത്‌.

സെപ്റ്റംബര്‍ പകുതിയോടെയാണ്‌ ഗുണ്ടല്‍പ്പേട്ടിൽനിന്നുള്ള തക്കാളിവരവ്‌
കുറഞ്ഞത്‌. തമിഴ്‌നാട്ടിൽനിന്ന്‌ തക്കാളി വരുന്നതും ഇപ്പോള്‍ കുറവാണ്‌.
കര്‍ണാടകയില്‍നിന്നാണ്‌ തമിഴ്നാട്ടിലേക്കും ഇപ്പോൾ തക്കാളി
കാര്യമായെത്തുന്നത്‌.

ഗുണ്ടല്‍പ്പേട്ടില്‍നിന്ന്‌ കോഴിക്കോട്ടേക്ക്‌ ഏകദേശം 153 കിലോമീറ്ററാണ്‌ ദൂരം.
കോലാറില്‍നിന്നാവുമ്പോള്‍ ഏകദേശം 415 കിലോമീറ്ററോളം സഞ്ചരിച്ചുവേണം
കോഴിക്കോട്ടെത്താന്‍. ഇത്‌ ഗതാഗതച്ചെലവ്‌ വളരെയധികം കൂട്ടിയതായി
വ്യാപാരികള്‍ പറയുന്നു. ഇതാണ്‌ വില ഉയരാനുള്ള പ്രധാനകാരണം. ഇതിനിടെ
നവരാത്രിയുടെ ഭാഗമായി പച്ചക്കറി ഉപയോഗം കൂടിയതും വിലവര്‍ധിക്കാൻ
കാരണമായി. ഗുണ്ടല്‍പ്പേട്ടിൽ തക്കാളി ഏകദേശം വിളവെടുപ്പിന്‌
പാകമായിക്കഴിഞ്ഞു. ഇവിടെ വിളവെടുപ്പ്‌ തുടങ്ങിയാൽ ഈ മാസം
പകുതികഴിയുമ്പോഴേക്കും വില താഴ്ന്നുതുടങ്ങുമെന്ന്‌ വ്യാപാരികൾ പറഞ്ഞു.
കനത്തമഴയും കീടബാധയും തക്കാളിക്കൃഷിയെ കാര്യമായി ബാധിച്ചതാണ്‌
ഗുണ്ടല്‍പ്പേട്ടില്‍ ഉത്പാദനം കുറയാന്‍ കാരണം.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user