കടമ്പനാട് : വിനോദയാത്ര പോയ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 33 പേർക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. കൊല്ലം ഫാത്തിമ മെമ്മോറിയൽ ട്രെയ്നിങ് കോളജിൽനിന്ന് വാഗമണ്ണിലേക്ക് വിനോദ യാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ആറോടെ അടൂർ-ശാസ്താംകോട്ട റോഡിൽ കല്ലുകുഴി കവലയിലാണ് അപകടം. വിദ്യാർഥികൾ തന്നെ ബസിന്റെ ചില്ല് തകർത്ത് ആദ്യം പുറത്തേക്കിറങ്ങി. തുടർന്ന് നാട്ടുകാർ സഹായത്തിനെത്തി. ആംബുലൻസുകളിലും സ്വകാര്യ വാഹനത്തിലുമായി പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിലും രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ബിഎഡ് വിദ്യാർഥികളായ കൊല്ലം സ്വദേശികളായ മെബിൻ (25), ജിൻസി (23) എന്നിവർക്കാണ് സാരമായി പരുക്കേറ്റത്. രണ്ട് ബസുകളിലായാണ് പുലർച്ചെ അഞ്ചോടെ സംഘം കൊല്ലത്ത് നിന്ന് യാത്ര തിരിച്ചത്. അപകടത്തിൽപ്പെട്ട ബസിൽ 2 അധ്യാപകരും ഒരു അനധ്യാപകനും ഉൾപ്പെടെ 48 പേരുണ്ടായിരുന്നു. വളവുള്ള ഭാഗത്ത് കയറ്റം കയറി വരുമ്പോൾ ബസ് സമീപത്തെ വൈദ്യുതത്തൂണിൽ ഇടിച്ച് ഇടത് വശത്തേക്ക് മറിഞ്ഞത്. വൈദ്യുതത്തൂൺ ഒടിഞ്ഞ് ബസിനു മുകളിൽ കുടുങ്ങി. സമീപത്തെ കടയുടെ മുന്നിലാണ് ബസ് മറിഞ്ഞത്. സ്കൂൾ കവലയിലെ വളവ് അപകട മേഖല കൂടിയാണ്. പൊലീസ്, അഗ്നി രക്ഷാ സേന, കെഎസ്ഇബി അധികൃതർ എത്തി ഗതാഗതം പുനഃസ്ഥാപിച്ചു. സാരമായി പരുക്കേറ്റ കൊല്ലം സ്വദേശികളായ മെബിൻ, ജിൻസി എന്നിവരെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവരെ അടൂർ ജനറൽ ആശുപത്രി, ഹോളിക്രോസ് ആശുപത്രി, ലൈഫ് ലൈൻ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക