ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിയുടെ പ്രായപരിധി 60 വയസായി കുറയ്ക്കാനും കവറേജ് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയായി ഉയർത്താനും ആരോഗ്യമന്ത്രാലയത്തിനു വേണ്ടിയുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തു. ജനസംഖ്യയിലെ ഏറ്റവും ദരിദ്രരായ 40% പേർക്ക് ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതായിരുന്നു പദ്ധതി. എന്നാൽ കഴിഞ്ഞ വർഷം ഇത് 70 വയസ്സിനു മുകളിലുള്ള എല്ലാവരെയും അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഉൾപ്പെടുത്താനായി വിപൂലീകരിച്ചു. പദ്ധതി കൂടുതൽ വികസിപ്പിക്കുന്നതിനുവേണ്ടിയാണ് ഇപ്പോൾ പ്രായപരിധി 60 വയസായി കുറയ്ക്കാൻ ശുപാർശ ചെയ്തത്.
2024 സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി 7,200 കോടി രൂപ അനുവദിച്ചിരുന്നു. എസ്റ്റിമേറ്റ് ഘട്ടത്തിൽ ഇത് 6,800 കോടി രൂപയായി കുറച്ചിരുന്നു. എന്നാൽ ചെലവഴിച്ചത് 6,670 കോടി രൂപ മാത്രമാണെന്നും സമിതി ചൂണ്ടിക്കാട്ടി. 2025 സാമ്പത്തിക വർഷത്തിൽ 7,300 കോടി രൂപ അനുവദിച്ചത് 7,605 കോടി രൂപയായി പരിഷ്കരിച്ചു. എന്നാൽ ജനുവരി 9 വരെ 5,034.03 കോടി രൂപ ചെലവഴിച്ചെന്നും സമിതി പറഞ്ഞു. 2026 സാമ്പത്തിക വർഷത്തിൽ 9,406 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി അനുവദിച്ചിരിക്കുന്നത്. അനുവദിച്ച തുക വിനിയോഗിക്കുന്നതിൽ കുറവു വരുത്തുന്ന പ്രവണതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കമ്മിറ്റി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഫണ്ട് റിലീസ് സംവിധാനങ്ങൾ സമഗ്രമായി അവലോകനം ചെയ്യാനും നിർദേശം നൽകി.
ഗുരുതര രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട പാക്കേജുകളും സിടി, എംആർഐ സ്കാനുകളും പദ്ധതിയുടെ ഭാഗമാക്കണമെന്നും ആശങ്കകൾ പരിഹരിക്കുന്നതിനു ഹെൽപ് ലൈനും പരാതിപരിഹാര സംവിധാനവും വേണമെന്നും സമിതി നിർദേശിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക