മൂവാറ്റുപുഴ∙ മൂന്നു പുഴകൾ സംഗമിക്കുന്ന മൂവാറ്റുപുഴ നഗരം സമീപഭാവിയിൽ 3 സമാന്തര പാലങ്ങൾ ഉള്ള നഗരമെന്ന ഖ്യാതി കൂടി സ്വന്തമാക്കും. നഗര വികസനത്തിന്റെ ഭാഗമായി കച്ചേരിത്താഴത്ത് അനുവദിച്ച മൂന്നാമത്തെ പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനു സർക്കാർ അനുമതി നൽകിയതോടെ ആണിത്. മാറാടി വില്ലേജിലെ 28.75 സെന്റ് സ്ഥലമാണ് പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്നതിന് അനുമതി ലഭിച്ചതെന്നു മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
തിരുവിതാംകൂർ രാജഭരണ കാലത്ത് ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലമായിരുന്നു നഗരത്തിലെ ശതാബ്ദി പിന്നിട്ട പഴയ പാലം. ഇതിന് സമാന്തരമായി 46 വർഷം മുൻപാണ് 2 വരി പാലം കൂടി നിർമിച്ചത്. പുതിയതായി ഒരു പാലം കൂടി വരുന്നതോടെ മൂവാറ്റുപുഴയിൽ മൂന്നു സമാന്തര പാലങ്ങൾ വരും. വിശദമായ ചർച്ചകൾക്ക് ശേഷമാണ് കച്ചേരിത്താഴത്ത് പുതിയ പാലം നിർമിക്കാൻ കിഫ്‌ബി അനുമതി നൽകിയത്.
ഇതിനായി കേരള റോഡ് ഫണ്ട് ബോർഡ് പദ്ധതി തയാറാക്കി സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് 9.25 ലക്ഷം രൂപ പാലത്തിന്റെ പ്രാഥമിക പഠനത്തിനായി അനുവദിച്ചിരുന്നു.കോടികൾ ചെലവഴിച്ച് നഗര വികസനം പൂർത്തിയാക്കുമ്പോഴും അത് പൂർണമായി ഫലപ്രാപ്തിയിൽ എത്തണമെങ്കിൽ കച്ചേരിത്താഴത്ത് പാലം കൂടി വേണമെന്ന് എംഎൽഎ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. പാലം നിർമിച്ചില്ലെങ്കിൽ കച്ചേരിത്താഴത്ത് എംസി റോഡ് കുപ്പിക്കഴുത്തു പോലെ ചുരുങ്ങുകയും നഗര റോഡ് വികസനത്തിന്റെ ഗുണഫലം ലഭിക്കാതെ വരികയും ചെയ്യുമെന്ന് കെആർഎഫ്ബി ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണു പുതിയ പാലത്തിനായുള്ള സാധ്യതകൾ തേടിയത്.
മണ്ണു പരിശോധന പൂർത്തീകരിച്ച് പുതിയ പാലത്തിനുള്ള രൂപരേഖ തയാറാക്കിയിട്ടുണ്ട്. 2 വരി ഗതാഗതം സാധ്യമാക്കുന്ന രീതിയിലാണ് പുതിയ പാലം നിർമിക്കുന്നത്. പാലം നിർമിക്കുന്നതിന് കിഫ്‌ബി സാമ്പത്തിക അനുമതി നൽകിയതോടെ പദ്ധതിച്ചെലവ് 53.66 കോടി രൂപയായി ഉയർന്നു. ഭാവി മൂവാറ്റുപുഴയുടെ വികസന സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ് പദ്ധതി തയാറാക്കിയതെന്ന് എംഎൽഎ പറഞ്ഞു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക