കാഠ്മണ്ഡു: സാമൂഹികമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്ന് നേപ്പാളിൽ ശക്തമാകുന്ന ജെൻസി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. പരിക്കേറ്റവരുടെ എണ്ണം 250ന് മുകളിലായതായാണ് റിപ്പോർട്ട്. യുവാക്കളുടെ പ്രക്ഷോഭം ശക്തമാകുന്നതിന് പിന്നാലെ നേപ്പാൾ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടെ നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജി വെച്ചു. നേരത്തെ പാർട്ടി യോഗത്തിൽ രാജിവെയ്ക്കാനുള്ള സന്നദ്ധത രമേശ് ലേഖക് അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രക്ഷോഭകാരികളുടെ മരണത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ട്. നേപ്പാളി കോൺഗ്രസിൻ്റെ ഭാരവാഹി യോഗത്തിലാണ് ലേഖക് രാജി വാഗ്ദാനം ചെയ്തതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളുടെ പ്രതികരണം.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെൻ്റർ) നേതാവും പ്രതിപക്ഷ നേതാവുമായ പുഷ്പ കമാൽ ദഹൽ പ്രചണ്ഡ ജെൻസി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കളായ പ്രതിഷേധക്കാർ ഉയർത്തുന്ന ആവശ്യങ്ങൾ തങ്ങളുടെ പാർട്ടിയുടെ ആവശ്യങ്ങളുമായി അടുത്ത് നിൽക്കുന്നതാണെന്നായിരുന്നു പ്രചണ്ഡയുടെ പ്രതികരണം.
ഇതിനിടെ പ്രതിഷേധങ്ങൾ ശക്തിപ്പെട്ട സാഹചര്യത്തിൽ നേപ്പാളിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും ഉന്നത നേതാക്കളുടെയും ഓഫീസുകൾക്കുമുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭരണകക്ഷിയായ യുഎംഎൽ, നേപ്പാളി കോൺഗ്രസ് പാർട്ടികളുടെ ആസ്ഥാനങ്ങൾക്ക് ചുറ്റും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി അടുത്ത രണ്ട് ദിവസത്തേക്ക് നേപ്പാളിലെ നിരവധി നഗരങ്ങളിലെ സ്കൂളുകളും കോളേജുകളും അടച്ചിടുമെന്നും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ സെപ്റ്റംബർ 9,10, 11 തീയതികളിൽ രാജ്യവ്യാപകമായി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. യുവാക്കളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ കാഠ്മണ്ഡുവിലെ തന്ത്രപ്രധാന മേഖലകളിലേയ്ക്ക് കർഫ്യൂ വ്യാപിപ്പിച്ചിച്ചുണ്ട്.
ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾ സർക്കാർ നിരോധിച്ചതാണ് യുവാക്കളുടെ വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചത്. സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. ഈ കമ്പനികളെല്ലാം നേപ്പാളിൽ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റർ ചെയ്യണമെന്നുമാണ് സർക്കാറിന്റെ ആവശ്യം. പ്രധാനമന്ത്രി കെ പി ശർമ ഒലിക്കെതിരെയും വിദ്യാർഥികളടക്കമുള്ള യുവാക്കളുടെ പ്രതിഷേധം ശക്തമാണ്. പ്രതിഷേധം സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറുന്ന നിലയിലാണുള്ളത്. അക്രമാസക്തരായ പ്രതിഷേധക്കാർ പാർലമെന്റ് ഗേറ്റ് തകർത്തു. പ്രതിഷേധക്കാർ പാർലമെൻ്റിൻ്റെ ഉള്ളിലേയ്ക്ക് ബലപ്രയോഗത്തിലൂടെ കടക്കാൻ ശ്രമിച്ചത് സ്ഥിതിഗതികൾ സ്ഫോടനാത്മകമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രധാനമന്ത്രിയുടെ വീടിന് സൈന്യം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് സർക്കാർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.