Monday, 29 June 2026

അമിതഭാരം; ഗവി ബസ് പ്രതിസന്ധിയിൽ

SHARE

 





സീതത്തോട്: പത്തനംതിട്ട–ഗവി–കുമളി കെഎസ്ആർടിസി ബസുകളിൽ മൂന്നിരട്ടിയിലധികം യാത്രക്കാരുമായി നടത്തുന്ന സർവീസ് വലിയ സുരക്ഷാ ആശങ്ക ഉയർത്തുന്നു. തകർന്ന റോഡും അമിത യാത്രക്കാരും പഴകിയ ബസുകളും ചേർന്ന് യാത്ര ദുഷ്കരമാകുമ്പോൾ, അപകടസാധ്യതയും ദിനംപ്രതി വർധിക്കുകയാണെന്ന് യാത്രക്കാരും ജീവനക്കാരും ആശങ്കപ്പെടുന്നു.

ഗവി റൂട്ടിൽ സർവീസ് നടത്തുന്ന മിക്ക ബസുകൾക്കും പത്ത് വർഷത്തിലേറെ പഴക്കമുണ്ട്. 30 സീറ്റുകൾ മാത്രമുള്ള ചെറുബസുകളിലാണ് ദിവസേന നൂറോളം യാത്രക്കാരെ വരെ കയറ്റി സർവീസ് നടത്തുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. അവധി ദിവസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുകയും യാത്രക്കാർ ഫുട്ബോർഡിൽ വരെ തൂങ്ങി യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു.

മൂഴിയാർ 40 ഏക്കർ മുതൽ ഗവി വരെയുള്ള റോഡിന്റെ വലിയൊരു ഭാഗം കുഴികളാൽ നിറഞ്ഞതാണ്. പല ഭാഗങ്ങളിലും റോഡിന് ആവശ്യമായ വീതിയില്ല. ഒരു വശത്ത് അണക്കെട്ടുകളുടെ ജലാശയവും മറുവശത്ത് മലഞ്ചെരിവുകളും ഉള്ളതിനാൽ യാത്ര അതീവ അപകടകരമാണ്. മഴ ശക്തമായതോടെ റോഡിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുതാഴുന്ന സ്ഥിതിയും രൂപപ്പെട്ടിട്ടുണ്ട്.

ഈ റൂട്ടിൽ യാത്രയ്ക്കായി നേരത്തെ ഏകദേശം ആറുമണിക്കൂർ മതിയായിരുന്നെങ്കിലും ഇപ്പോൾ ഏഴുമണിക്കൂറിലേറെയാണ് വേണ്ടിവരുന്നതെന്ന് ബസ് ജീവനക്കാർ പറയുന്നു. മോശം റോഡിലൂടെ അമിതഭാരം വഹിച്ച് സഞ്ചരിക്കേണ്ടി വരുന്നത് വാഹനങ്ങളുടെ തകരാറിനും കാരണമാകുകയാണ്.

അടുത്തിടെ നിറയെ യാത്രക്കാരുമായി സർവീസ് നടത്തിയ ഗവി ബസിന് ബ്രേക്ക് തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ആങ്ങമൂഴിയിലെ വർക്‌ഷോപ്പിൽ എത്തിച്ച് അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് യാത്ര തുടരാനായത്. ഇത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രണ്ട് ബസുകളും കുമളി ഡിപ്പോയിൽ നിന്ന് ഒരു ബസുമാണ് നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. പത്തനംതിട്ടയിൽ നിന്ന് കുമളിവരെയുള്ള മുഴുവൻ യാത്രയ്ക്ക് 208 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഗവി മേഖലയിലെ കെഎഫ്ഡിസി ജീവനക്കാർ, വനപാലകർ, പൊലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങി നിരവധി സ്ഥിരം യാത്രക്കാർ ഈ ബസുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കിനെ തുടർന്ന് ഇവർക്കുപോലും യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയാണ്.

'പ്രിയദർശിനി' ടൂറിസം പദ്ധതി ആരംഭിച്ചതോടെ സ്ത്രീ സഞ്ചാരികളുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതൽ ബസുകൾ അനുവദിക്കുന്നതിനും തകർന്ന റോഡ് അടിയന്തരമായി നവീകരിക്കുന്നതിനും നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.